പാമ്പ് പിടുത്തം ഇനിയും തുടരുമെന്നും വാവ സുരേഷ് വ്യക്തമാക്കി. ജനങ്ങൾ വിളിക്കുമ്പോൾ പോകാതിരിക്കാൻ ആവില്ല. സുരക്ഷിതമായി പാമ്പ് പിടിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ ഒന്ന് പാമ്പ് പിടുത്തത്തിൽ ഇല്ല എന്നാണ് വാവാ സുരേഷ് പറയുന്നത്. ഉപകരണങ്ങൾ കൊണ്ട് പാമ്പ് പിടിച്ചാലും പാമ്പ് കൊത്തുന്ന സാഹചര്യമുണ്ട്. നിരവധി പേർക്കാണ് ഇത്തരത്തിൽ പാമ്പുകടിയേറ്റത്. കഴിഞ്ഞ ആഴ്ച കോഴിക്കോട് ഒരാൾക്ക് ഇത്തരത്തിൽ പാമ്പുകടിയേറ്റു എന്നും വാവാസുരേഷ് പറയുന്നു. കുറിച്ചിയിൽ പാമ്പ് പിടിച്ച സമയത്ത് തന്റെ നടുവിന് വേദന ഉണ്ടാകുകയായിരുന്നു. ഇതാണ് പിഴച്ചത് എന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
advertisement
തനിക്കെതിരെ വനം വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ വ്യാജ പ്രചരണം നടത്തുന്നു എന്നും വാവ സുരേഷ് ആരോപിച്ചു. തന്നെ ഒരിടത്തും വിളിക്കരുത് എന്നാണ് പ്രചരണം. താൻ ആണ് 2006 ൽ വനംവകുപ്പിന് പരിശീലനം നൽകിയത്. അന്നാരും പാമ്പ് പിടിക്കാൻ ഉണ്ടായിരുന്നില്ല. അങ്ങനെ ഇരിക്കെ ആണ് തനിക്കെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥൻ തന്നെ പ്രചരണം നടത്തുന്നത് എന്നും വാവ സുരേഷ് പറയുന്നു.
തനിക്ക് ആരാധകർ ഇല്ലെന്നും വാവ സുരേഷ് പറഞ്ഞു. തന്നെ സ്നേഹിക്കുന്നവർ ആണ് എല്ലാം. അവരുടെ സ്നേഹത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അത് കൊണ്ട് ആണ് അവർ വിളിക്കുമ്പോ പോകുന്നത്. ഇനിയും പോകും എന്നും വാവ സുരേഷ് പറഞ്ഞു. രീതിക്ക് മാറ്റം വരുത്തണോ എന്നകാര്യം ഒക്കെ പിന്നീട് തീരുമാനിക്കും എന്നാണ് വാവ സുരേഷിന്റെ നിലപാട്.
വാവ സുരേഷിന് വീട് വെച്ച് നൽകുമെന്ന് സിപിഎം പ്രഖ്യാപിച്ചു. കോട്ടയം അഭയം ചാരിറ്റബിൾ സൊസൈറ്റിയും സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റിയും ചേർന്നാണ് വീട് നൽകുക. തന്റെ ജീവൻ രക്ഷിക്കുന്നതിൽ മന്ത്രി വി എൻ വാസവൻ ഉൾപെടെ കാര്യമായി ഇടപെട്ടു. അത് കൊണ്ടാണ് മന്ത്രിയുടെ അഭ്യർത്ഥന സ്വീകരിക്കുന്നത് എന്നും വാവ സുരേഷ് പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് 4.15 നാണ് വാവ സുരേഷിനെ കോട്ടയം കുറിച്ചിയിൽ വച്ച് മൂർഖൻ പാമ്പ് കടിച്ചത്. പാമ്പിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ വലതുകാലിലെ മുട്ടിനു മുകൾഭാഗത്ത് പാമ്പ് കടിക്കുകയായിരുന്നു. തുടർന്ന് ഇഴഞ്ഞു പോയ പാമ്പിനെ പിടിച്ചു വാവ സുരേഷ് ചാക്കിലേക്ക് കയറ്റി. തുടർന്ന് കാറിൽ വാവസുരേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ സ്ഥിതി ഗുരുതരം ആയതോടെയാണ് കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചത്. ആദ്യം തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ആണ് വാവസുരേഷിന് ചികിത്സ നൽകിയത്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ടി കെ ജയകുമാർ നേതൃത്വത്തിൽ ആറംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് വാവസുരേഷിനെ ചികിത്സിച്ചത്.