നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയദുരന്തത്തിനാണ് ആഗസ്റ്റ് മാസത്തിൽ കേരളം സാക്ഷ്യം വഹിച്ചത്. ജാതി, മത, രാഷ്ട്രീയ കക്ഷി ഭേദമന്യേ കേരളം ഒറ്റക്കെട്ടായി ഒരേ മനസ്സോടെ നിന്ന ആ പ്രളയകാലത്തും നാം ഗാന്ധിജിയെ ഓർത്തു. അദ്ദേഹത്തിൻറെ കർമപഥം പിന്തുടരാനായിരുന്നു ഓരോരുത്തരും ശ്രമിച്ചത്.
ഗാന്ധിജി ഫുട്‌ബോള്‍ കളിച്ചിരുന്നോ?
ഇതിന് മുൻപ് പ്രളയം കേരളത്തെ കശക്കിയെറിഞ്ഞത് 1924ലായിരുന്നു. ഇന്ന് കേരളത്തെ പുനർനിർമിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിലേക്ക് സഹായം ഒഴുകുകയായിരുന്നു. എന്നാൽ 94 വർഷം മുൻപ് പ്രളയത്തിൽ തകർന്ന കേരളത്തിന് കൈത്താങ്ങായതാകട്ടെ മഹാത്മാഗാന്ധിജിയുടെ ഇടപെടലായിരുന്നു.
advertisement
1924ൽ കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ മഹാത്മാഗാന്ധി സഹായം സ്വരൂപിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. അന്ന് ഗാന്ധിജി സമാഹരിച്ചത് 6994 രൂപ. സ്വർണത്തിന് പവന് 15.62 രൂപ വിലയുള്ള കാലത്താണ് കേരളത്തിനായി ഗാന്ധിജി ഇത്രയും തുക സമാഹരിച്ചത്. ഇന്നത്തെ രൂപയുടെ മൂല്യം എടുത്താൽ ഏകദേശം 28 ലക്ഷം രൂപവരും.
പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിലെ ജനങ്ങളെ സഹായിക്കാൻ എല്ലാവരും കഴിയുന്ന സഹായം നല്‍കണമെന്നാണ് യങ് ഇന്ത്യ, നവജീവൻ പത്രങ്ങളിലൂടെ ഗാന്ധിജി അഭ്യർത്ഥിച്ചത്. തുടർന്ന് ജനങ്ങളിൽ നിന്നുണ്ടായ പ്രതികരണം ഗാന്ധിജിയെ പോലും അത്ഭുതപ്പെടുത്തുന്നതരത്തിലായിരുന്നു.
പലരും ആഹാരം ഉപേക്ഷിച്ചു. മറ്റു ചിലരാകട്ടെ ചെലവുചുരുക്കി പണം ശേഖരിച്ചു. ഏതാനും പേർ ആഭരണങ്ങൾ പോലും അയച്ചുകൊടുത്തു. പണം കിട്ടാൻ മറ്റൊരു വഴിയും കാണാതായതോടെ ഒരു കുട്ടി തുച്ഛമായൊരു തുക മോഷ്ടിച്ചെടുത്ത് അയച്ചുതന്നതിനെ കുറിച്ച് ഗാന്ധിജി തന്നെ എഴുതിയിട്ടുണ്ട്. നിത്യേനയുള്ള പാൽ കുടി ഉപേക്ഷിച്ച്, ഗാന്ധിജി ആ പണം സഹായ നിധിയിലേക്ക് നിക്ഷേപിച്ചു.
പണം പിരിച്ചതിൽ മാത്രം അവസാനിച്ചില്ല ഗാന്ധിജിയുടെ ദൗത്യം. പിരിഞ്ഞുകിട്ടിയ പണം ഫലപ്രദമായി വിനിയോഗിക്കാനുള്ള പദ്ധതി രൂപീകരിക്കാൻ ഗാന്ധിജി വിശ്വസ്തനായ ബാരിസ്റ്റർ ജോർജ് ജോസഫിനെ നിയോഗിച്ചു. പാവപ്പെട്ടവർക്ക് വീട് നിര്‍മിച്ച് നൽകുക, ചർക്കയിൽ നൂൽ നൂൽക്കുന്നതിന് പരിശീലനം നൽകുക തുടങ്ങിയവ ഉൾപ്പെട്ട വിപുവമായ പുനരധിവാസ പദ്ധതിയാണ് ജോർജ് ജോസഫ് തയാറാക്കിയത്.