എന്താണ് എയർ ആംബുലൻസ് ?
സംസ്ഥാനത്തിന്‍റെ സജീവചർച്ചയിൽ ഉണ്ടായിരുന്നിട്ടും ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിട്ടും എയർ ആംബുലൻസ് എന്ന ലക്ഷ്യത്തിലേക്ക് കേരളം എത്തിയിട്ടില്ല. അവയവമാറ്റ ശസ്ത്രക്രിയകൾക്ക് ആവശ്യമായ അവയവങ്ങൾ കൊണ്ടുപോകുന്നതിനും അത്യാസന്ന നിലയിലുള്ള രോഗികളെ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ടിവരുന്ന സന്ദർഭങ്ങളിലുമാണ് എയർ ആംബുലൻസിന്‍റെ സേവനം ആവശ്യമായി വരുന്നത്. അവയവദാനം ഉൾപ്പെടെയുള്ള അടിയന്തര വൈദ്യസഹായത്തിന് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് എയർ ആംബുലൻസിനെപ്പറ്റി സംസ്ഥാനം ചിന്തിച്ചു തുടങ്ങിയത്.
വിമാനമെത്തി, ഉദ്ഘാടനവും കഴിഞ്ഞു, പിന്നീട് സംഭവിച്ചത്
advertisement
അടിയന്തര വൈദ്യസഹായത്തിന് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ ഉമ്മൻ ചാണ്ടി സർക്കാർ ആണ് എയർ ആംബുലൻസ് പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചത്. സർക്കാർ ഏജൻസിയായ മൃതസഞ്ജീവനിയും രാജിവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയുമായി ചേർന്ന് സർക്കാർ കരാർ ഉണ്ടാക്കി. പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 2014ൽ ഏഴു കോടി ചെലവിൽ എട്ടു സീറ്റുള്ള വിമാനം വാങ്ങിയത് എയർ ആംബുലൻസിനായി ഉപയോഗിക്കാൻ ആയിരുന്നു ധാരണ.
പദ്ധതിയെ പിന്നോട്ടു വലിച്ചത് സാമ്പത്തിക പ്രതിസന്ധി
എയർ ആംബുലൻസായി വിമാനം ഉപയോഗിക്കുന്നതിന് മണിക്കൂറിന് 40, 000 രൂപയാണ് രാജിവ് ഗാന്ധി അക്കാദമി ആവശ്യപ്പെട്ടത്. മണിക്കൂറിന് 40, 000 രൂപ നിരക്കിൽ അക്കാദമിക്കു വാടക നൽകി അവരുടെ വിമാനം ഉപയോഗിക്കാൻ ധാരണയായി. എന്നാൽ, അക്കാദമിയുടെ ഇരട്ട എൻജിൻ പൈപ്പർ സെനെക വിമാനം പറത്താൻ പൈലറ്റിനെ കണ്ടെത്താൻ സർക്കാരിന് കഴിഞ്ഞില്ല. വിദേശ പൈലറ്റുമാരെ എത്തിക്കാൻ വൻതുക ചെലവഴിക്കേണ്ടി വരും.
ഇതിനിടയിൽ സ്വകാര്യ വിമാനങ്ങൾ ലഭ്യമാക്കാൻ സർക്കാർ ടെൻഡർ ക്ഷണിച്ചു. മണിക്കൂറിനു രണ്ടുലക്ഷം രൂപയും പ്രതിമാസം 40 മണിക്കൂർ പറത്താമെന്ന ഉറപ്പുമായിരുന്നു അവർ ആവശ്യപ്പെട്ടത്. എന്നാൽ, അവയവമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ അപൂർവമായി മാത്രമേ സംഭവിക്കുകയുള്ളൂ. അതിനാൽ, തന്നെ സർക്കാരിന് അത് സാമ്പത്തികബാധ്യത ഉണ്ടാക്കുമെന്നും ആ സാമ്പത്തികബാധ്യത ഏറ്റെടുക്കേണ്ടതില്ലെന്നും ധനവകുപ്പ് നിർദ്ദേശം നൽകുകയായിരുന്നു.
വേണം, എത്രയും പെട്ടെന്ന് എയർ ആംബുലൻസ്
സംസ്ഥാനത്ത് വ്യാപകമായ രീതിയിൽ ആംബുലൻസ് സംവിധാനം നടപ്പിലാക്കുമെന്നാണ് ട്രോമാകെയർ പദ്ധതിയിലൂടെ സർക്കാർ പ്രഖ്യാപിച്ചത്. ഇന്നത്തെ സാഹചര്യത്തിൽ ഇതിൽ എയർ ആംബുലൻസ് സംവിധാനം കൂടി ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കണം. അവയവമാറ്റ ശസ്ത്രക്രിയകൾ ആദ്യകാലങ്ങളിൽ അപൂർവമായിരുന്നെങ്കിലും ഇന്ന് കേരളത്തിൽ അപൂർവമായി നടക്കുന്ന ഒരു കാര്യമല്ല. മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയിൽ നിന്ന് നിശ്ചിതസമയത്തിനുള്ളിൽ അവയവം എത്തിക്കാൻ സാധിച്ചെങ്കിൽ മാത്രമേ അവയവമാറ്റ ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയിക്കുകയുള്ളൂ. കേരളത്തിലെ റോഡുകളിൽ നിരന്തരം തിരക്ക് വർദ്ധിച്ചു കൊണ്ടേയിരിക്കുകയാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന്‍റെ ആരോഗ്യമേഖലയ്ക്ക് എയർ ആംബുലൻസ് വളരെ ആവശ്യമാണ്.
