നിലവിൽ കെപിസിസി നിർവാഹക സമിതിയംഗമായ ഷാനിമോൾ ഉസ്മാൻ മഹിള കോൺഗ്രസിന്റെ മുൻ അധ്യക്ഷ കൂടിയാണ്. കേരളത്തിൽ നിന്ന് എഐസിസി സെക്രട്ടറിയാകുന്ന ആദ്യവനിതയെന്ന റെക്കോഡും ഷാനിമോൾ ഉസ്മാൻറെ പേരിലാണ്. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ഷാനിമോൾ പാർട്ടിയുടെ പല സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ടെങ്കിലും മത്സരിച്ചിട്ടുള്ള നിയമസഭാ മത്സരങ്ങളിലെല്ലാം നിരാശയായിരുന്നു ഫലം. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കാസര്‍കോഡ് മണ്ഡലത്തിലേക്ക് ഷാനിമോൾ ഉസ്മാനെ പരിഗണിച്ചെങ്കിലും പിന്മാറുകയായിരുന്നു. ആ അവസരം ലഭിച്ചത് മറ്റൊരു വനിത കോൺഗ്രസ് നേതാവായിരുന്ന ഷാഹിദ കമാലിനാണ്. ഷാഹിദ പിന്നീട് സിപിഎമ്മിലേക്ക് ചേക്കേറി.
advertisement
Also read: 'കോൺഗ്രസ് ബന്ധം' തീരുമാനിക്കാൻ CPM പോളിറ്റ് ബ്യൂറോ യോഗം ഇന്ന്
2006ലായിരുന്ന ആദ്യ തെരഞ്ഞെടുപ്പ്. പെരുമ്പാവൂർ മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർഥി സാജുപോളിനെതിരെ മത്സരിച്ച് ആദ്യ പരാജയം രുചിച്ചു. 2016ൽ മണ്ഡലം മാറി ഒറ്റപ്പാലത്തേക്ക് എത്തി. സിപിഐഎം സ്ഥാനാർഥി പി.ഉണ്ണിക്കെതിരെ മത്സരിച്ചെങ്കിലും അവിടെയും പരാജയപ്പെട്ടു. തോൽക്കുന്നതും, വിജയസാധ്യത ഒട്ടുമില്ലാത്ത മണ്ഡലങ്ങളുമാണ് പാർട്ടി വനിതകള്‍ക്ക് നൽകുന്നതെന്ന ആക്ഷേപം കോൺഗ്രസിൽ എപ്പോഴും ഉയർന്ന് വരുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തവണ ജയാസാധ്യതയുള്ള വയനാട് മണ്ഡലം വനിതാ നേതാവായ ഷാനിമോൾ ഉസ്മാന് വിട്ടുനൽകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും.
അന്തരിച്ച എംപി എം.ഐ. ഷാനവാസിന്റെ മകൾ മത്സരിക്കാൻ സന്നദ്ധത അറിയിച്ചതോടെയാണ് വയനാട് സീറ്റിനെ ചൊല്ലിയുള്ള അവകാശവാദങ്ങൾ ആരംഭിച്ചത്. ഇതിനിടെ നൂലിൽകെട്ടി സ്ഥാനാർത്ഥികളെ ഇറക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് പ്രമേയവും പാസാക്കി. എം.ഐ. ഷാനവാസിന്റെ മകള്‍ അമീന ഷാനവാസിന്റെ സാധ്യതകൾ അടയ്ക്കുക എന്നതായിരുന്നു പ്രമേയത്തിന്‍റെ പ്രധാന ലക്ഷ്യം. സീറ്റ് വടംവലികൾക്ക് ശേഷം മത്സരത്തിനായി ഷാനിമോൾ ഉസ്മാൻ വയനാട് ചുരം കയറുമോ എന്ന് അറിയാൻ കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരും.
