'എംഎൽഎമാർ പറയുന്നത് മന്ത്രി ശ്രദ്ധിക്കാറേയില്ല. ഉദ്യോഗസ്ഥർ പറയുന്നത് മാത്രം കേട്ടുകൊണ്ടിരിക്കും. ഞാനും ഭരണകക്ഷിയുടെ ഭാഗമാണ്. യുഡിഎഫ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വാഗ്ദാനം ചെയ്തിട്ടും വേണ്ടെന്നുവച്ചാണ് ഇടതിനൊപ്പം നിന്നത്. ഞാനും ഒരു കക്ഷിയുടെ നേതാവാണ്. കുന്നത്തൂരിനോട് മാത്രം അവഹേളനം എന്തിനാണ്. എം ഉമ്മർ മഞ്ചേരി മെഡിക്കൽ കോളേജിന്റെ പ്രശ്‌നം ഉന്നയിച്ചപ്പോൾ ആരോഗ്യമന്ത്രി കെ കെ ശൈലജ അവിടെപ്പോയി യോഗം വിളിച്ചു. ഗതാഗതമന്ത്രി മാത്രം അനങ്ങുന്നില്ല. ഭരണകക്ഷിയുടെ ഭാഗമായ ഞങ്ങളോട് ചിറ്റമ്മനയമാണ്. നാലുവട്ടം എം എൽ എയായ ആളാണ് ഞാൻ. തെരഞ്ഞെടുപ്പിന് നാട്ടുകാരോട് വോട്ടു ചോദിക്കാൻ പോകേണ്ടേ'- വികാരാധീനനായ എംഎൽഎ പറഞ്ഞു.
advertisement
ശാസ്താം കോട്ട തടാകത്തിനു വേണ്ടി വാദിക്കുന്നതിലും വീറോടെ ബസ് ഡിപ്പോയ്ക്കായി കോവൂരിന്റ ശബ്ദം സഭയിൽ ഉയർന്നു. വൈകാരിക പ്രസംഗം ഭരണപക്ഷത്തെ ശരിക്കും ഞെട്ടിച്ചു. കുഞ്ഞുമോന്റെ വികാരം മനസ്സിലാക്കുന്നുവെന്നായിരുന്നു മന്ത്രി ശശീന്ദ്രന്റെ മറുപടി. ശക്തൻ നാടാർ ഗതാഗത മന്ത്രി ആയിരുന്നപ്പോഴാണ് ശാസ്താംകോട്ടയെ സബ് ഡിപ്പോയാക്കി ഉയർത്തിയത്. തുടർന്ന് എംഎൽഎ ഫണ്ടിൽ നിന്ന് ഒന്നരക്കോടിക്ക് നിർമ്മാണം നടത്തി. ഒന്നരയേക്കർ വസ്തുവിന്റെ ആധാരം കെ.എസ്.ആർ.ടി.സി എം.ഡിക്ക് കൈമാറി. പക്ഷേ, അവിടെ ഉണ്ടായിരുന്ന ജീവനക്കാരെ തിരിച്ചുവിളിക്കുകയും ബൈറൂട്ടുകളിൽ സർവീസുകൾ നിറുത്തുകയുമാണ് ഉദ്യോഗസ്ഥർ ചെയ്തെന്നും കുഞ്ഞുമോൻ ആരോപിച്ചു.
