മൂകാംബികയിലെത്താതെ തുടർച്ചയായ രണ്ടാം പിറന്നാൾ
ഇത്തവണയും പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ എത്താനാവില്ലെങ്കിലും അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥനയുമായി സുഹൃത്തുക്കൾ ക്ഷേത്ര സന്നിധിയിലെത്തി. യുഎസിലുള്ള യേശുദാസ്, ഒമിക്രോൺ ഭീഷണി നിലനിൽക്കുന്നതിനാൽ യാത്ര റദ്ദാക്കുകയായിരുന്നു. അരനൂറ്റാണ്ടിലേറെയായുള്ള പിറന്നാൾദിന ക്ഷേത്രദർശനമാണ് തുടർച്ചയായി രണ്ടാം വർഷവും മുടങ്ങുന്നത്.
യേശുദാസിനു വേണ്ടി പ്രാർത്ഥനയുമായി സുഹൃത്ത് കാഞ്ഞങ്ങാട് രാമചന്ദ്രൻ ഇന്നലെ കൊല്ലൂരിലെത്തി. ഇന്നു രാവിലെ ദേവീ സന്നിധിയിൽ പ്രാർത്ഥിച്ച് ദാസേട്ടനു വേണ്ടി കീർത്തനം ആലപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
advertisement
കഴിഞ്ഞ 48 വര്‍ഷങ്ങളായി മൂകാംബിക ക്ഷേത്ര സന്നിധിയിലാണ് ഗാന ഗന്ധർവ്വന്റെ പിറന്നാൾ ആഘോഷം. ലോകത്തിന്റെ ഏതു കോണിലായാലും ജനുവരി 10ന് തന്റെ പിറന്നാൾ ദിനത്തിൽ ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ് കുടുംബസമേതം കൊല്ലൂർ മൂകാംബിക ക്ഷേത്രസന്നിധിയിൽ എത്തും. 48 വര്‍ഷമായി തുടരുന്ന പതിവിനാണ് കഴിഞ്ഞതവണയാണ് മുടക്കം വന്നത്. 2020ൽ എണ്‍പതാം പിറന്നാള്‍ ആഘോഷത്തിനായി ഭാര്യ പ്രഭയ്ക്കും മക്കളായ വിനോദ്, വിജയ്, വിശാല്‍ എന്നിവര്‍ക്കും ഒപ്പമാണ് യേശുദാസ് മൂകാംബിക ദേവിയുടെ സന്നിധിയിൽ എത്തിയത്. സംഗീത സാഹിത്യ രംഗങ്ങളിലെ പ്രഗല്‍ഭരായ നിരവധി പേരാണ് അന്ന് പിറന്നാള്‍ ആശംസകള്‍ നേരാനായി ക്ഷേത്രനഗരിയിൽ എത്തിയത്.
ഗാനാഞ്ജലി
മലയാളത്തിന്റെ സ്വരമാധുരിക്ക് പിറന്നാൾ ദിനത്തിൽ ഗാനാഞ്ജലി ഒരുക്കി ആദരവറിയിക്കുകയാണ് ഭാരത്‌ഭവനും സ്വരലയയും പുരോഗമന കലാ സാഹിത്യ സംഘവും. തിങ്കൾ പകൽ രണ്ടുമുതൽ രാത്രി 10.20 വരെ എട്ടു മണിക്കൂർ 20 മിനിറ്റ് മെഗാവെബ് സ്ട്രീമിങ്ങില്‍ യുവതലമുറയിലെ 82 ഗായകർ, യേശുദാസ് പാടി അനശ്വരമാക്കിയ ഗാനങ്ങൾ ആലപിക്കും.
ചടങ്ങിൽ സാംസ്‌കാരികമന്ത്രി സജി ചെറിയാൻ, സ്വരലയ ചെയർമാൻ എൻ കൃഷ്ണദാസ്, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, സ്വരലയ സെക്രട്ടറി ടി ആർ അജയൻ, കഥാകൃത്ത് അശോകൻ ചരുവിൽ, സാംസ്‌കാരിക പ്രവർത്തകൻ കരിവെള്ളൂർ മുരളി തുടങ്ങിയവർ ജന്മദിനസന്ദേശം നൽകും. ഭാരത് ഭവന്‍, പാലക്കാട് സ്വരലയ എന്നിവയുടെയും "മഴമിഴി മൾട്ടി മീഡിയ' സംപ്രേഷണം ചെയ്ത വിവിധ ഫെയ്സ്ബുക്ക് പേജുകളിലൂടെയും ഗാനാഞ്ജലി പ്രേക്ഷകരിലെത്തിക്കും.
ഡിജിറ്റൽ ലൈബ്രറി
തിരുവനന്തപുരത്തെ സ്വാതി തിരുനാൾ സംഗീത കോളേജിൽ പഠിച്ചിരുന്ന കാലത്ത് കെ ജെ യേശുദാസ് താമസിച്ച കാർ ഷെഡ് തനിമ നിലനിർത്തി ഇന്നും ഭാരത് ഭവൻ സൂക്ഷിച്ചിട്ടുണ്ട്. അവിടം യേശുദാസ് ഡിജിറ്റൽ ലൈബ്രറിയായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. യേശുദാസിന്റെ ജീവിതനാൾവഴി അടയാളപ്പെടുത്തുന്നതാകും ലൈബ്രറി. ഗവേഷണകേന്ദ്രവും നിർമിക്കും.