നിങ്ങളുടെ ശരീരത്തിൻെറ ആരോഗ്യത്തിന് ഗുണകരമല്ലാത്തതും അത് പോലെ ദഹനവ്യവസ്ഥയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമായ ചില വിരുദ്ധാഹാരങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആയുർവേദ ആരോഗ്യ വിദഗ്ദയായ ഡോക്ടർ നികിത കോലി. മാംസാഹാരവും പാലും ഒരുമിച്ച് കഴിച്ചാൽ എന്താണ് സംഭവിക്കുകയെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ള ഒരു വീഡിയോയിലൂടെ അവർ വിശദീകരിക്കുന്നു. മാംസാഹാരം കഴിച്ചതിന് ശേഷം അപ്പോൾത്തനെ പാൽ കുടിച്ചാൽ അത് ദഹനപ്രശ്നങ്ങൾക്കും സോറിയാസിസ്, വിറ്റിലിഗോ തുടങ്ങിയ ത്വക‍്‍രോഗങ്ങൾക്കും കാരണമാകുമെന്ന് അവർ വ്യക്തമാക്കി.
ആയുർവേദത്തിൻെറ അടിസ്ഥാന തത്വങ്ങൾ വിശദീകരിക്കുന്ന ഒരു ക്യാപ്ഷനുമായാണ് അവർ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. “ഓരോ ഭക്ഷണ പദാർഥത്തിനും അതിൻേറതായ ദഹനപ്രക്രിയയാണുള്ളത്. അതിനാൽ ഓരോന്നും കഴിക്കുന്നതിന് അതിന് അനുയോജ്യമായ സാഹചര്യം പ്രധാനമാണ്. ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ഏതെല്ലാം തരത്തിലുള്ള ആഹാരങ്ങൾ ഒരുമിച്ച് കഴിക്കാമെന്നും ഏത് സമയത്ത് കഴിക്കാമെന്നും അറിഞ്ഞിരിക്കുന്നത് പ്രധാനമാണ്,” നികിത പറഞ്ഞു.
advertisement
ആയുർവേദം പറയുന്നത് പ്രകാരം മൂന്ന് ദോഷങ്ങളായ കഫം, വാതം, പിത്തം എന്നിവയുടെ സന്തുലിതമല്ലാത്ത അവസ്ഥ ഒരാളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുകയും ജീവിതത്തെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുമെന്നും നികിത പറയുന്നു. പാലും മാംസാഹാരവും വിരുദ്ധാഹാരമാണെന്ന് പറയുന്നതിന് പിന്നിലെ കാരണവും അവർ വ്യക്തമാക്കി. പാലിൻെറ ദഹനപ്രക്രിയയിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ള ചിക്കൻ പോലുള്ള മാസാംഹാരത്തിനുള്ളത്. അതിനാൽ ഒരേ സമയം ഇവ രണ്ടും കഴിച്ചാൽ ദഹനവ്യവസ്ഥയ്ക്ക് ഗുണകരമാവില്ല.
“ചിക്കനും പാലും ഒരുമിച്ച് കഴിച്ചാൽ ശരീരത്തിൽ ടോക്സിനുകൾ ഉൽപ്പാദിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ചിലരുടെ ശരീരപ്രകൃതി അനുസരിച്ച് ചിക്കൻ ദഹിക്കുന്നതിന് ധാരാളം സമയമെടുക്കും. ദഹനപ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന ചില ആസിഡുകൾ ശരീരത്തിന് ദോഷകരമായി മാറും. ഇങ്ങനെ ദഹന പ്രക്രിയ എളുപ്പത്തിൽ നടക്കാത്ത അവസ്ഥയും വരും,” അവർ പറഞ്ഞു.
ഇവ രണ്ടും ഒരുമിച്ച് കഴിച്ചാൽ ഭാവിയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ പോലും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. വയറുവേദന, വയറ് വീർക്കൽ, ദഹനമില്ലായ്മ, അൾസർ, വിയർപ്പുനാറ്റം, ത്വക് രോഗങ്ങൾ എന്നിവയെല്ലാം ഇത് മൂലം ഉണ്ടാവാം. അതിനാൽ പാലും ചിക്കനും വ്യത്യസ്ത സമയത്ത് കഴിക്കുന്നതാണ് നല്ലതെന്നാണ് ആയുർവേദ വിദഗ്ദരുടെ അഭിപ്രായം.
(Disclaimer: മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും വിവരങ്ങളും ഒരു വ്യക്തിയുടെ മാത്രം അഭിപ്രായമാണ്. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ 100 ശതമാനം കൃത്യതയുള്ളതാണെന്ന് വെബ‍്‍സൈറ്റിന് ഉറപ്പിച്ച് പറയാൻ സാധിക്കില്ല.)
