കേരളത്തിൽ നിന്ന് മണിക്കൂറുകൾ മാത്രമേ ലക്ഷദ്വീപിലേക്ക് ഉള്ളൂ എങ്കിലും അവിടെ എത്തപ്പെടാൻ ചില കടമ്പകൾ കടക്കേണ്ടതുണ്ട്. ദ്വീപ് സ്വദേശിയല്ലാത്ത ഏതൊരാൾക്കും നിയമാനുസൃതമായ പെര്‍മിറ്റോടു കൂടി മാത്രമേ ദ്വീപുകളിൽ പ്രവേശിക്കാനും താമസിക്കാനും സാധിക്കൂ.
എന്നാൽ ഈ പെർമിറ്റ് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം:
ഇതിൽ പെർമിറ്റ് എളുപ്പത്തിലും വേഗത്തിലും ലഭിക്കാനുള്ള മാർഗ്ഗമാണ് ഓൺലൈനായി ഇ-പെർമിറ്റിനായി അപേക്ഷിക്കുക എന്നത്. അതിനായി നിങ്ങൾ https://epermit.utl.gov.in/pages/signup എന്ന വെബ്സൈറ്റ് തുറക്കുക. ഇതിൽ നിങ്ങളുടെ ഒരു അക്കൗണ്ട് ഉണ്ടാക്കിയ ശേഷം വിശദാംശങ്ങൾ സഹിതം ഫോം പൂരിപ്പിക്കുക. ശേഷം നിങ്ങൾക്ക് സന്ദർശിക്കേണ്ട ദ്വീപും യാത്രാ തീയതിയും തെരഞ്ഞെടുത്ത് ആവശ്യമായ രേഖകൾ ഉൾപ്പെടുത്തി ഇതിനുവേണ്ട തുകയും അടയ്ക്കുക. ഇത്തരത്തിൽ അപേക്ഷിക്കുന്ന ആൾക്ക് യാത്രയ്ക്ക് 15 ദിവസം മുൻപ് ഇ-മെയിൽ വഴി പെർമിറ്റ് ലഭിക്കുന്നതാണ്.
advertisement
ഇനി ഓഫ്‌ലൈൻ പെർമിറ്റിനായി, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്യുകയോ കവരത്തിയിലെ ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്ന് വാങ്ങുകയോ ചെയ്യാം. ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്ത് നേരിട്ട് കളക്ടറുടെ ഓഫീസിൽ സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ ഈ പെർമിറ്റ് ലഭിക്കാൻ ഓൺലൈനായി അപേക്ഷിക്കുന്നതിനേക്കാൾ കൂടുതൽ സമയമെടുക്കും.
പെർമിറ്റ് ലഭിക്കാൻ ആവശ്യമായ രേഖകൾ എന്തൊക്കെ?
1. നിങ്ങളുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ
2. നിങ്ങളുടെ ഐഡി പ്രൂഫിന്റെ ഫോട്ടോകോപ്പി (ആധാർ കാർഡ്, വോട്ടർ ഐഡി മുതലായവ)
3. യാത്ര ചെയ്യുന്നതിന്റെ പ്രൂഫ് (ഫ്ലൈറ്റ് ടിക്കറ്റുകൾ അല്ലെങ്കിൽ ബോട്ട് റിസർവേഷൻ)
4. നിങ്ങൾ താമസത്തിനായി ബുക്ക് ചെയ്ത ഹോട്ടലിന്റെയോ റിസോർട്ടിന്റെയോ സ്ഥിരീകരണം എന്നിവയെല്ലാം ആവശ്യമാണ്
പെർമിറ്റ് ലഭിക്കുന്നതിന്അടയ്ക്കേണ്ട തുക
പെർമിറ്റ് ലഭിക്കുന്നതിനായുള്ള അപേക്ഷ ഫീസ് 50 രൂപയും 12 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഹെറിറ്റേജ് ഫീസ് 100 രൂപയും ആണ്. 18 വയസ്സിന് മുകളിലുള്ളവർക്ക് ഹെറിറ്റേജ് ഫീസായി 200 രൂപയും നൽകണം.
ലക്ഷദ്വീപിൽ എങ്ങനെ എത്തിച്ചേരാം?
ലക്ഷദ്വീപിലേക്ക് കപ്പലുകളും വിമാനങ്ങളും സർവീസ് നടത്തുന്നതിനാൽ ലക്ഷദ്വീപിലേക്കുള്ള പ്രവേശന കവാടമാണ് കൊച്ചി. കൊച്ചിയിൽ നിന്ന് വിമാനമാർഗം വഴി അഗത്തി, ബംഗാരം ദ്വീപുകളിൽ എത്തിച്ചേരാം. ഒക്ടോബർ മുതൽ മെയ് വരെയുള്ള മേള സീസണിൽ അഗത്തിയിൽ നിന്ന് കവരത്തിയിലേക്കും കടമത്തിലേക്കും ബോട്ടുകൾ ലഭ്യമാണ്. ഏകദേശം ഒരു മണിക്കൂർ മുപ്പത് മിനിറ്റ് എടുക്കുന്ന വിമാന സർവീസുകളും കൊച്ചിയിൽ നിന്ന് അഗത്തിയിലേക്ക് ഉണ്ട്.
എംവി കവരത്തി, എംവി അറബിക്കടൽ, എംവി ലക്ഷദ്വീപ് കടൽ, എംവി ലഗൂൺ, എംവി കോറൽസ്, എംവി അമിൻഡിവി, എംവി മിനിക്കോയ് എന്നീ ഏഴ് യാത്രാ കപ്പലുകൾ ആണ് കൊച്ചി -ലക്ഷദ്വീപിനിടയിലായി സർവീസ് നടത്തുന്നത്. എന്നാൽ ഓരോരുത്തരും യാത്രയ്ക്കായി തിരഞ്ഞെടുത്ത ദ്വീപിനെ ആശ്രയിച്ച് എത്താനായി 14 മുതൽ 18 മണിക്കൂർ വരെ സമയം എടുത്തേക്കാം. അതേസമയം ഒക്ടോബറിനും മാർച്ചിനും ഇടയിലാണ് ദ്വീപിലെ സീസൺ സമയം.