ഉള്ളവനും ഇല്ലാത്തവനുമെന്നോ വലിയവനും ചെറിയവനുമെന്നോ നേതാവും അനുയായിയുമെന്നോ മുതലാളിയും തൊഴിലാളിയുമെന്നോ ഭേദമില്ലാത്ത ഒരു കാലത്തെ പുനരവതരിപ്പിക്കുമ്പോൾ ഏതു പ്രായക്കാരും കുട്ടികളെപ്പോലെ ആനന്ദിക്കുന്ന ദിനം കൂടിയാണ്. എല്ലാം നല്ലതാകുമ്പോളുള്ള ആനന്ദം. മനസ്സു ശുദ്ധമാകുമ്പോഴുള്ള ആമോദം. കള്ളപ്പറയും ചെറുനാഴിയുമില്ല. അളന്നുതൂക്കാത്ത സ്നേഹത്തിന്റെ ആവേശമാണ് നാടെങ്ങും. പൂക്കളുടെയും പുടവകളുടെയും ഉത്സവത്തിന് പൂമ്പാറ്റകളെപ്പോലെയാണ് മനസ്സുകൾ.
സമൃദ്ധിയും സംശുദ്ധിയും കലരുകയാണിവിടെ. ജാതിയോ മതമോ ദേശമോ വേഷമോ ജീവിതാവസ്ഥയോ ഒന്നും ആരെയും വേറിട്ടതാക്കുന്നില്ല. ആരും ചെറുതല്ലെന്ന ചെറുതല്ലാത്ത സന്ദേശം നാടിന്റെ ആഘോഷമായി മാറുമ്പോൾ ലോകത്തേക്കാൾ വലുതാകുന്നുണ്ട് ഈ കൊച്ചു കേരളം.
advertisement
തിരുവോണനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്. ഇന്ന് രാവിലെ ഗുരുവായൂരപ്പന് ഓണപ്പുടവയും സമർപ്പിച്ച് തുടങ്ങി.
പുലർച്ചെ നാലരയ്ക്കാണ് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം. ക്ഷേത്രം ഊരാളനും ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമർപ്പിക്കും.
രാവിലെ നാലര മണി മുതൽ ഉഷഃപൂജ വരെ ഭക്തർക്ക് ഓണപ്പുടവ സമർപ്പിക്കാം. രാവിലെ ഒമ്പത് മുതൽ തിരുവോണത്തിന് പതിനായിരം പേർക്ക് വിശേഷാൽ പ്രസാദ ഊട്ട് നൽകും. പ്രസാദ ഊട്ടിനുള്ള വരിയിലേക്കുള്ള പ്രവേശനം ഉച്ചയ്ക്ക് രണ്ടിന് അവസാനിക്കും. അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള പന്തലിലുമാണ് പ്രസാദ ഊട്ട് നൽകുക.