ദീര്‍ഘമാംഗല്യത്തിനും ദാമ്പത്യ ഐക്യത്തിനും കുടുംബത്തിന്റെ ഐശ്വര്യത്തിനുമായി ഈ ദിനം സത്രീകള്‍ തിരുവാതിര വ്രതം എടുക്കാറുണ്ട്. വ്രതങ്ങളില്‍ തന്നെ ഏറ്റവും മഹത്തരവും ഫലദാകയവുമായ വ്രതമാണ് തിരുവാതിര. ഈ വ്രതം എടുക്കുന്ന സുമംഗലിമാര്‍ക്ക് ദീര്‍ഘമാംഗല്യവും അവരുടെ മക്കള്‍ക്ക് ഐശ്വര്യവും കന്യകമാര്‍ക്ക് ഉത്തമനായ പുരുഷനെ ഭര്‍ത്താവായും ലഭിക്കുമെന്നാണ് വിശ്വാസം.
എന്താണ് തിരുവാതിര വ്രതാനുഷ്ഠാനം
തിരുവാതിര നക്ഷത്രത്തിന്റെ ഉദയം മുതല്‍ അസ്തമയം വരെയുള്ള കാലയളവാണ് തിരുവാതിര വ്രതം ആചരിക്കുന്നത്. പക്ഷേ തിരുവാതിരയ്ക്ക് പത്ത് ദിവസം മുമ്പ് വ്രതം ആരംഭിക്കണമെന്നാണ് വിശ്വാസം. ഈ പത്ത് ദിവസങ്ങളിലും വ്രതമെടുക്കുന്ന സ്ത്രീകള്‍ വൈകുന്നേരങ്ങളില്‍ കുളിച്ച് വിളക്ക് കത്തിച്ച് തിരുവാതിര കളിക്കണമെന്നാണ് വിശ്വാസം.
advertisement
ഒമ്പതാം ദിവസം മകയിരം നാളിന് പാതിരാത്രി വരെയും വ്രതാനുഷ്ഠാനങ്ങള്‍ നീളും. പത്താം ദിവസമാണ് തിരുവാതിര. ഈ പത്ത് ദിവസങ്ങളിലും ഉപവാസം വേണമെന്നാണ് വിശ്വാസം. ജലപാനവും ഫലങ്ങള്‍ ഭക്ഷിക്കുകയും ചെയ്യാം. തിരുവാതിര ദിവസം വ്രതമെടുക്കുന്ന സ്ത്രീകള്‍ ഉറക്കമൊഴിക്കണമെന്നും വിശ്വാസമുണ്ട്. തിരുവാതിരയ്ക്ക് സ്ത്രീകള്‍ അമ്പലമുറ്റത്ത് ഒത്തുകൂടുകൂടുകയും തിരുവാതിര കളിക്കുകയും പാതിരപ്പൂ ചൂടുകയും എട്ടങ്ങാടി ഭക്ഷിക്കുകയും തുടിച്ചുകുളിക്കുകയും ചെയ്യുന്നു.
തിരുവാതിര ദിവസം സ്ത്രീകള്‍ മൂന്നും (വെറ്റിലയും അടക്കയും ചുണ്ണാമ്പും) കൂട്ടി മുറുക്കും. പാതിരാപ്പൂ ചൂടുന്നത് വരെ നാമജപവുമായി കഴിച്ചുകൂട്ടണം. അതിനുശേഷം പാതിരാപ്പൂവ് ചൂടി തിരുവാതിര കളിക്കണം. അതിന് ശേഷം തുടിച്ച് കുളിക്കണം. അതായത് കുളത്തില്‍ മുങ്ങിക്കുളിക്കണം.
ഇത്തവണ എപ്പോഴാണ് വ്രതമെടുക്കേണ്ടത്
പത്ത് ദിവസം വ്രതം എടുക്കാത്തവര്‍ തിരുവാതിരയുടെ തലേനാള്‍ മുതല്‍ വ്രതം ആരംഭിക്കാം. ഈ വര്‍ഷം ജനുവരി 12ന് (ധനു 22) പകല്‍ 11.26 മിനിറ്റ് മുതല്‍ തിരുവാതിര നക്ഷത്രം ആരംഭിക്കും. പിറ്റേദിവസം 10.39 വരെ തിരുവാതിര നക്ഷത്രമാണ്. അപ്പോള്‍ ജനുവരി 11 മുതല്‍ തിരുവാതിര വ്രതത്തിനായി തയ്യാറെടുക്കണം. ചിലര്‍ തലേദിവസം ഒരിക്കലൂണും മറ്റ് വ്രതനിഷ്ഠകളും നോല്‍ക്കും. മറ്റുചിലര്‍ തലേദിവസം മത്സ്യമാംസാദികള്‍ വേണ്ടെന്നുവെക്കും.
വൈകുന്നേരം വിളക്ക് കത്തിച്ച് ശിവനെയും പാര്‍വതീദേവിയെയും ഉമാമഹേശ്വര സങ്കല്‍പ്പത്തെയും പ്രാര്‍ത്ഥിക്കുക. പിറ്റേദിവസം രാവിലെ കുളിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തണം. തിരുവാതിര നക്ഷത്രം ആരംഭിക്കുന്ന സമയം മുതല്‍ അവസാനിക്കുന്നത് വരെ ഉപവാസം എടുക്കുന്നതാണ് തിരുവാതിര വ്രതത്തിന്റെ രീതി.
തിരുവാതിര ദിവസം വൈകുന്നേരം ശിവക്ഷേത്ര ദര്‍ശനം നടത്തണം. ശിവന് പിന്‍വിളക്കും മുന്‍വിളക്കും മറ്റ് വഴിപാടുകളും കഴിപ്പിക്കണം. അന്നത്തെ ദിവസം വ്രതമെടുക്കുന്നവര്‍ ഉറങ്ങരുതെന്നാണ് സങ്കല്‍പ്പം. അന്ന് അര്‍ധരാത്രിയിലാണ് പാതിരാപ്പൂ ചൂടലും തിരുവാതിര കളിയും പോലുള്ള ആചാരങ്ങള്‍ നടക്കുന്നത്.
വ്രതം എന്തിന്?
പിറ്റേദിവസം രാവിലെ കുളിച്ച് ശുദ്ധിയായി ശിവനെ ഭജിക്കുക. പക്ഷേ വ്രതം മുറിക്കേണ്ടത് 10.39ന് ശേഷമായിരിക്കണം. അപ്പോഴാണ് തിരുവാതിര നക്ഷത്രം കഴിയുന്നത്. ഫലങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ ഐക്യത്തിനും പങ്കാളികള്‍ക്കിടയിലെ കലഹം ഇല്ലാതാക്കാനും ദീര്‍ഘമാംഗല്യത്തിനും ഭര്‍ത്താവിന്റെ ഐശ്വര്യത്തിനും മക്കള്‍ക്ക് ഐശ്വര്യമുണ്ടാകാനും വിവാഹതടസ്സങ്ങള്‍ മാറാനും നല്ല വരനെ ഭര്‍ത്താവായി ലഭിക്കാനും സന്താനഭാഗ്യത്തിനും അടക്കം കുടുംബജീവിതവുമായി ബന്ധപ്പെട്ട സകല പ്രശ്‌നങ്ങള്‍ അകറ്റാനും കുടുംബസുഖം കൈവരാനുമായാണ് തിരുവാതിര വ്രതം എടുക്കുന്നത്.
പ്രധാന വിഭവങ്ങള്‍
തിരുവാതിര വ്രതം എടുക്കുന്നവരും ആഘോഷിക്കുന്നവരും പ്രധാനമായും ഉപയോഗിക്കുന്ന വിഭവങ്ങൾ കിഴങ്ങുവർഗ്ഗങ്ങൾ കൊണ്ട് ഉണ്ടാക്കുന്നവയാണ്. പുരാതനമായ ആചാരങ്ങളിൽ അക്കാലത്ത് വിളവെടുക്കുന്ന വിളയിനങ്ങൾ ഉപയോഗിക്കാറുണ്ടായിരുന്നു. തിരുവാതിരനാളിൽ കൂവ കുറുക്കി കഴിക്കുന്നത് പതിവാണ്. കൂവപ്പൊടിയും ശർക്കരയും തേങ്ങയും ചേർന്നതാണ് ഇത്.
തിരുവാതിര തീരുന്ന സമയം കഴിഞ്ഞാൽ അരിഭക്ഷണം കഴിച്ച് നോയമ്പ് അവസാനിപ്പിക്കേണ്ടതാണ്. കാച്ചിൽ, കൂർക്ക, ചേന, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, വെട്ടുചേമ്പ്, ചെറുചാമ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന തിരുവാതിര പുഴുക്ക് തിരുവാതിര ആഘോഷത്തിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്. ഏഴരവെളുപ്പിന് ഉണർന്ന് കുളിച്ച് വിളക്ക് കത്തിച്ചുകൊണ്ടാണ് തിരുവാതിര വ്രതം എടുക്കുന്ന സ്ത്രീകളുടെ ഒരു ദിവസം ആരംഭിക്കുന്നത്.
ഓരോ ദിവസവും പ്രാതലും ഉച്ചഭക്ഷണവും ഓരോ കിഴങ്ങുവർഗ്ഗങ്ങൾ ആയിരിക്കും. അരിയാഹാരം ദിവസത്തിൽ ഒരു നേരം മാത്രമേ ഉപയോഗിക്കാറുള്ളൂ. മകയിരം നാളിൽ ആണ് എട്ടങ്ങാടി എന്ന വിഭവം ഉണ്ടാക്കുന്നത്. അതിൽ കടല, ചെറുപയർ, തുവര, മുതിര, ഗോതമ്പ്, ചോളം, ഉഴുന്ന്, മമ്പയര്‍, എന്നീ ധാന്യങ്ങളും, കിഴങ്ങ്, കപ്പക്കിഴങ്ങ്, ഏത്തക്കായ, ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ്, കൂർക്ക, എന്നീ കിഴങ്ങുകളും അടങ്ങിയിരിക്കുന്നു.
ധാന്യങ്ങൾ വേവിച്ചെടുത്തും, കിഴങ്ങുകൾ ചുട്ടെടുത്തും,ആണ് ഉപയോഗിക്കേണ്ടത്. ശർക്കര( വെല്ലം) പാവ് കാച്ചി, അതിൽ കൊപ്ര, കരിമ്പ്, ഓറഞ്ച്, ചെറുനാരങ്ങ, എന്നിവ ചെറുതായി അരിഞ്ഞിട്ട്, എള്ള്, തേൻ, അല്പം നെയ്യ്, ഏത്തപ്പഴം ചുട്ടത്, എന്നിവ ചേർത്ത്, വേവിച്ച ധാന്യങ്ങളും, ചുട്ടെടുത്ത കിഴങ്ങുകളും യോജിപ്പിച്ച് എടുക്കുകയാണ് ചെയ്യുക.
ദശപുഷ്പം ചൂടുന്ന ചടങ്ങ് തിരുവാതിര നാളിൽ പ്രധാനമാണ്. പാതിരാപ്പൂ ചൂടുക എന്നാണ് ഇതിനു പേര്. ഉറക്കമൊഴിക്കുന്ന രാത്രിയിൽ ആണ് പാതിരാപ്പൂചൂടൽ. ഔഷധഗുണങ്ങളുള്ള പത്തു പൂക്കൾ കറുക, വിഷ്ണുക്രാന്തി, മുക്കുറ്റി, തിരുതാളി, പൂവാംകുരുന്നില, നിലപ്പന, വള്ളിയുഴിഞ്ഞ, മുയൽചെവിയൻ, ചെവൂള, കയ്യണ്യം ഇവയാണ്. ഇവയെല്ലാം വേരോടെ പറിച്ച് കമുകിൻ പൂക്കുലയും ചേർത്താണ് തലയിൽ ചൂടുന്നത്.
സ്ത്രീകൾ ഒത്തുകൂടി തിരുവാതിരപ്പാട്ട് പാടിക്കളിച്ചതിനു ശേഷം ദശപുഷ്പം വെച്ച വൃക്ഷച്ചോട്ടിൽ പോയി അത് ചൂടി വരുന്നതാണ് പൂച്ചൂടൽ. “ഒന്നാനാം മതിലകത്ത് ഒന്നുണ്ടുപോൽ പൂത്തിലഞ്ഞി, പൂത്തിലഞ്ഞിപ്പൂപ്പറിയ്ക്കാൻ പോരുന്നുണ്ടോ തോഴിമാരേ“ എന്ന് പാടി , “പത്താനാം മതിലകത്ത്“ എന്ന് വരെ പാടുമ്പോഴേക്കും ദശപുഷ്പം വെച്ചിരിക്കുന്ന വൃക്ഷച്ചോട്ടിൽ എത്തി പൂച്ചൂടി വരികയാണ് പതിവ്.