കോളജിൽ തന്നെ കുത്തിയത് എസ്എഫ്ഐ യുണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് ആണെന്ന് ഡോക്ടർക്കാണ് അഖിൽ മൊഴി നൽകിയത്. നസീം പിടിച്ചുനിർത്തിക്കൊടുത്തു. അക്രമി സംഘത്തിൽ ഇരുപതിലേറെ എസ്എഫ്ഐക്കാർ ഉണ്ടായിരുന്നുവെന്നും അഖിൽ ഡോക്ടറോട് പറഞ്ഞു. ഈ വിവരങ്ങൾ ഡോക്ടർ പൊലീസിന് കൈമാറി. വിശദമൊഴി എടുക്കാൻ പൊലീസ് ഡോക്ടർമാരുടെ അനുമതി തേടിയിട്ടുണ്ട്.
അതേസമയം, സംഭവം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പൊലീസ് തയാറാകുന്നില്ലെന്ന ആരോപണം ശക്തമായി. നസീമും ശിവരഞ്ജിത്തും അടക്കമുള്ളവർ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. സിപിഎം-എസ്എഫ്ഐ ജില്ലാ നേതൃത്വങ്ങൾ പ്രതികളെ സംരക്ഷിക്കുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്. യൂണിവേഴ്സിറ്റി ഹോസ്റ്ററ്റലിലോ പിഎംജി സ്റ്റുഡന്റ്സ് സെന്ററിലോ പരിശോധന നടത്താൻ പോലും പൊലീസ് ഇതുവരെ തയാറായിട്ടില്ല.
advertisement
അതേസമയം അഖിലിനെ കുത്തിക്കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്ന് എഫ്ഐആർ വ്യക്തമാക്കുന്നു. യൂണിറ്റ് കമ്മിറ്റി പറയുന്ന കാര്യങ്ങൾ അനുസരിക്കാത്തതാണ് കോളജിലെ എസ്എഫ്ഐ നേതൃത്വത്തെ പ്രകോപിപ്പിച്ചതെന്നും എഫ്ഐആറിലുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് പ്രതികളായ ഏഴ് വിദ്യാർഥികളെയും സസ്പെൻഡ് ചെയ്യുമെന്ന് കോളേജ് പ്രിൻസിപ്പൽ വിശ്വംഭരൻ പറഞ്ഞു.
ഇതിനിടെ, മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന അഖിലിനെ വെൻറിലേറ്റർ നിന്നും മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കേസുമായി മുന്നോട്ടുപോകുമെന്ന് അഖിലിന്റെ അച്ഛൻ ചന്ദ്രൻ വ്യക്തമാക്കി.