ഓമനിച്ച് വളർത്തിയ പൂച്ചയെ കാണാതായതിന്റെ വിഷമത്തിലാണ് ഉടമ. അന്വേഷിച്ചിട്ട് കാണാതായതോടെ പത്രത്തിൽ പരസ്യം നൽകി കാത്തിരിക്കുന്നു. പൂച്ചയെ കണ്ടെത്തിത്തരുന്നവർക്ക് സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. മങ്ങിയ വെളുത്ത നിറമുള്ള പൂച്ചയ്ക്ക് 2 വയസ് പ്രായമുണ്ട്. പൂച്ചയുടെ ഇരുതാടിയിലും ഓരോ കോമ്പല്ലുകൾ നഷ്ടമായിട്ടുണ്ട്.
പൂസി എന്ന പേരുള്ള രണ്ട് വയസുകാരി പൂച്ചയെ മലയിൻകീഴിൽ നിന്നാണ് കാണാതായത്. ശ്രീകാര്യം സ്വദേശിയുടേതാണ് പൂച്ച. വിദേശത്തേക്ക് പോകുമ്പോൾ വീട്ടിൽ പൂസിയെ നോക്കാൻ ആളില്ലാത്തതിനാൽ താൽക്കാലികമായി മലയിൻകീഴിലെ കെന്നൽ ഹോസ്റ്റലിലാക്കിയതായിരുന്നു. ഭക്ഷണം കൊടുക്കാനായി കെന്നൽ നടത്തിപ്പുകാർ റൂമിന്റെ വാതില്‍ തുറന്നപ്പോൾ പൂസി ചാടിപോവുകയായിരുന്നു. സമീപപ്രദേശങ്ങളിലൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മലയൻകീഴ് ശാസ്താനഗറിൽ നിന്ന് കഴിഞ്ഞ ആഗസ്റ്റ് 31 മുതലാണ് പൂച്ചയെ കാണാതാകുന്നത്.
advertisement
പൂച്ചയെ കണ്ടെത്തി കൊടുക്കുന്നവർക്ക് 10,000 രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ട്. പൂച്ചയെ തിരിച്ചറിയുന്നതിനുള്ള അടയാളങ്ങളും പരസ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരസ്യം കണ്ട് തന്‍റെ പൂച്ചയെ ആരെങ്കിലും കണ്ടെത്തി കൊടുക്കുമെന്ന പ്രതീക്ഷയിലാണ് ഉടമ ഇപ്പോൾ.
