ഇടുക്കിയിൽ ചന്ദനവേട്ട; ആറുപേർ പിടിയിൽ

webtech_news18
ഇടുക്കി: വള്ളക്കടവിൽ വൻ ചന്ദനവേട്ട. 74 കിലോ ചന്ദനവുമായി ആറുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ കറുപ്പുപാലം സ്വദേശികളായ പുഞ്ച പറമ്പിൽ പി.വി സുരേഷ്, രാജൻ, പ്ലാവനകുഴിയിൽ ബിജു, ഇഞ്ചിക്കാട് എസ്റ്റേറ്റ് അയ്യപ്പൻ, പാലയ്ക്കതൊടിയിൽ ഖാദർ.എം , ഡൈമുക്ക് കന്നിമാർചോല സ്വദേശി സുരേഷ് എന്നിവരാണ് പിടിയിലായത്.പുലർച്ചെ മൂന്നുമണിയോടെ വണ്ടിപ്പെരിയാർ കക്കികവലയിൽ നടത്തിയ വാഹന പരിശോധനക്കിടെ ഓട്ടോയിൽ നിന്ന് രാജൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇതിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത് ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.


വെള്ളാരംകുന്ന് ഭാഗത്തു താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് ഇവർ ചന്ദന മരം മുറിച്ച് കടത്തിയത്. ഓട്ടോയുടെ പുറകുവശത്ത് ഒളിപ്പിച്ച നിലയിലാണ് ചന്ദനം കണ്ടെത്തിയത്. പൊതുവിപണിയിൽ ഒന്നരലക്ഷത്തോളം വിലവരുന്ന ചന്ദന തടിയാണ് പിടിച്ചെടുത്തതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വരും ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 
>

Trending Now