ഫോര്‍ട്ട് കൊച്ചി കബ്രാള്‍ യാര്‍ഡില്‍ നടന്ന ചടങ്ങില്‍ കൊച്ചി MLA കെ.ജെ. മാക്സി ആര്‍ട്ട് റൂമിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ സമകാലീന കലാഭിരുചി വളര്‍ത്തുന്നതിന്‍റെ ഭാഗമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തി വരുന്ന ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായാണ് ആര്‍ട്ട് റൂം.
ആറു വയസ്സില്‍ 25,000 ഓളം ചിത്രങ്ങള്‍ രചിച്ച് അകാലത്തില്‍ പൊലിഞ്ഞു പോയ കൊച്ചി സ്വദേശി എഡ്മണ്ട് തോമസ് ക്ലിന്‍റ്(1976-83) എന്ന ബാലന്‍റെ ദീപ്ത സ്മരണയില്‍ മുഖരിതമായിരുന്നു ആര്‍ട്ട് റൂമിന്‍റെ ഉദ്ഘാടന ചടങ്ങ്. ചെറിയ ജീവിതകാലയളവില്‍ തങ്ങളുടെ മകന്‍ വരച്ച ചിത്രങ്ങള്‍ സൂക്ഷിച്ചു വയ്ക്കണമെന്ന് തോന്നിയ ക്ലിന്‍റിന്‍റെ മാതാപിതാക്കള്‍ കലാലോകത്തിന് നല്‍കിയ പ്രോത്സാഹനം ചെറുതല്ലെന്ന് ചടങ്ങില്‍ സംബന്ധിച്ച കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. വളര്‍ന്നു വരുന്ന കുട്ടികളിലെ കലാഭിരുചി നിലനിറുത്താനും വളര്‍ത്തിയെടുക്കാനുമുള്ള മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ് ഇത് സൂചിപ്പിക്കുന്നതെന്നും ബോസ് പറഞ്ഞു.
advertisement
യുദ്ധമുഖത്ത് ഇറങ്ങാൻ വനിതാ സൈനികർ പ്രാപ്തരല്ലെന്ന് കരസേന മേധാവി
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ അന്താരാഷ്ട്ര വേദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്നതിന് ആര്‍ട്ട് റൂം ഏറെ സഹായകരമാണെന്ന് കൊച്ചി എംഎല്‍എ കെ ജെ മാക്സി പറഞ്ഞു. കല കൊണ്ട് സാമൂഹ്യ പരിഷ്കരണം നടക്കുമെങ്കില്‍ ആര്‍ട്ട് റൂം ശരിയായ ദിശയിലുള്ള പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സീനത്ത് റഷീദും ചടങ്ങില്‍ സംസാരിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കലാസൃഷ്ടികളുടെ രചന നടത്താനും അത് പ്രദര്‍ശിപ്പിക്കാനുമുള്ള സ്ഥലമാണ് ആര്‍ട്ട് റൂം. പരിശീലനം സിദ്ധിച്ച അധ്യാപകരുടെ സഹായവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. അധ്യാപകര്‍ക്കായി കഴിഞ്ഞ ഒരു മാസമായി ബിനാലെ ഫൗണ്ടേഷന്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധരായ കലാകാരډാര്‍ നയിക്കുന്ന പരിശീലന കളരികളും ബിനാലെ സമാപിക്കുന്ന 2019 മാര്‍ച്ച് 29 വരെയുള്ള ദിവസങ്ങളില്‍ ആര്‍ട്ട് റൂമിനെ സമ്പന്നമാക്കും. സംസ്ഥാനത്തെ പത്ത് സ്കൂളുകള്‍ തങ്ങളുടെ വിദ്യാലയത്തില്‍ ആര്‍ട്ട് റൂം പദ്ധതി ഇതിനകം നടപ്പാക്കിക്കഴിഞ്ഞു.
ആര്‍ട്ട് റൂമില്‍ കുട്ടികള്‍ രചിച്ച സൃഷ്ടികളുടെ പ്രമേയം പ്രകൃതിയുടെ വൈവിദ്ധ്യമാണെന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് ബിനാലെ നാലാം ലക്കത്തിന്‍റെ ക്യൂറേറ്റര്‍ അനിത ദുബെ പറഞ്ഞു. പൈതൃക ഗ്രാമമായ ഗോതുരുത്ത് സ്കൂളിലെ കുട്ടികളാണ് ആര്‍ട്ട് റൂമിലെ ആദ്യ വിദ്യാർഥി സംഘം. പ്രളയത്തില്‍ ഏറെ ദുരിതമനുഭവിച്ച ഗ്രാമമാണ് ഗോതുരുത്ത്.
കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ആര്‍ട്ട്റൂം ഉപയോഗിക്കാമെന്ന് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍റെ പ്രോഗ്രാം മാനേജര്‍ ബ്ലെയിസ് ജോസഫ് പറഞ്ഞു. ആര്‍ക്കും ഇവിടെ വന്ന് ചിത്രം വരയ്ക്കാം. ഇത് സ്വാതന്ത്ര്യത്തിന്‍റെയും നിര്‍ഭയത്വത്തിന്‍റെയും ഇടമാണെന്നും അദ്ദേഹം പറഞ്ഞു.
