അടിമുടി 'മാറ്റം', കാതടിപ്പിക്കുന്ന ശബ്ദവും... ഒടുവിൽ പൊലീസ് കസ്റ്റഡ‍ിയിൽ

webtech_news18
തിരുവനന്തപുരം: വാഹനംമോടി കൂട്ടുന്നതിനായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ പിടികൂടുന്നതിനായി തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് 'ആള്‍ട്ടര്‍ ഈഗോ 2' എന്ന പേരില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഇരുപത്തോഞ്ചോളം വാഹനങ്ങൾ പിടികൂടി.മോടികൂട്ടുന്നതിനായി, വാഹനനിർമാതാക്കള്‍ ഇറക്കുന്ന വാഹനങ്ങളുടെ ഘടനയിലും രൂപത്തിലും മാറ്റം വരുത്തുമ്പോള്‍ സ്ഥിരതയില്‍ മാറ്റം വരുകയും അതുമൂലം അപകടം നടക്കാനും സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള വാഹനങ്ങള്‍ കൂടുതലായി അപകടത്തില്‍പെട്ടത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നും ഇത്തരത്തിലുള്ള വാഹനങ്ങളുടെ അമിതവേഗതയും ശബ്ദവും പൊതുജനങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതികളുടെയും അടിസ്ഥാനത്തിലാണ് സിറ്റിപൊലീസ് കമ്മീഷണര്‍ പി.പ്രകാശിന്റെ നിര്‍ദ്ദേശപ്രകാരമുള്ള നടപടി.


ഷാഡോ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഫോര്‍ട്ട്, മെഡിക്കല്‍ കോളേജ്,, വെള്ളയമ്പലം, കവടിയാര്‍, ഈഞ്ചയ്ക്കല്‍ ബൈപാസ്, വഞ്ചിയൂര്‍ , പേട്ട, മ്യൂസിയം, കരമന, പൂജപ്പുര എന്നീ ഭാഗങ്ങളില്‍ നിന്നായി ബുള്ളറ്റ്, ഡ്യൂക്ക്, പള്‍സര്‍, എഫ്ഇസഡ്, ഹോണ്ട ട്വിസ്റ്റര്‍, യമഹ വൈ ഇസഡ് എഫ്, ഹീറോ ഹോണ്ട ഹങ്ക്, ആര്‍.എക്‌സ് 135, എന്നീ ഇനത്തില്‍പ്പെട്ട ഇരുപത്തഞ്ചോളം ഇരുചക്രവാഹനങ്ങളും രൂപമാറ്റം വരുത്തിയ ഐ ടെന്‍ ഇനത്തില്‍പ്പെട്ട കാറുമാണ് പിടിയിലായത്.പിടികൂടിയവര്‍ക്ക് ബോധവത്കരണ ക്ലാസ്സും പിടികൂടിയ വാഹനങ്ങള്‍ക്ക് പിഴ ചുമത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇത്തരത്തിലുള്ള മിന്നല്‍ പരിശോധനകള്‍ തുടര്‍ന്നും ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. പിടികൂടുന്ന വാഹനങ്ങള്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരെ കൊണ്ട് പരിശോധിച്ച് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും തുടര്‍ന്നുള്ള ആഴ്ചകളിലും ഇത്തരത്തിലുള്ള മിന്നല്‍ പരിശോധനകള്‍ ഉണ്ടാകുമെന്നും കമ്മീഷണര്‍ അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഇത്തരത്തിലുള്ള വാഹനങ്ങള്‍ പിടികൂടുന്നതിനായി മിന്നല്‍ പരിശോധന ഷാഡോ പോലീസ് നടത്തിയത്. 'ആള്‍ട്ടര്‍ ഈഗോ 1 ' എന്ന പേരില്‍ നടത്തിയ ഓപ്പറേഷനില്‍ അന്‍പതോളം വാഹനങ്ങളാണ് പിടിയിലായത്. 
>

Trending Now