പുത്തന്‍കാവ് അത്തിമൂട് കയത്തില്‍ ജീവഹാനിയും അപകടവും ഉണ്ടായ സംഭവങ്ങൾ പള്ളിയോടങ്ങളിലെത്തിയവര്‍ക്ക് ഉണ്ടായിട്ടുണ്ട്. ഓതറ പള്ളിയോടത്തിലെ തുഴച്ചില്‍ക്കാരന് കാല് നഷ്ടമായ സംഭവവും ഏതാനും വര്‍ഷം മുൻപ ഉണ്ടായിരുന്നു. നദിയുടെ ഈ ഭാഗത്തുള്ള വളവാണ് അപകടമുണ്ടാക്കുന്നത്. ഇതിന് പരിഹാരമായിരുന്നു ആദിപമ്പ വഴിയുള്ള പള്ളിയോടങ്ങളുടെ ബൈപാസ് യാത്ര. എന്നാല്‍ കോയിപ്രം ചപ്പാത്തും ചേലൂര്‍ക്കടവ് പാലവും ഇതിന് തടസമായിരുന്നു.
കോയിപ്രം ചപ്പാത്ത് പൊളിച്ചു നീക്കിയെങ്കിലും 2004ല്‍ നിർമിച്ച ചേലൂര്‍ക്കടവ് പാലത്തിന്‍റെ ഉയരമില്ലായ്മ പള്ളിയോടങ്ങള്‍ക്ക് ബാലികേറാമലയാണ്. ഇവിടെ പള്ളിയോടം വെള്ളത്തില്‍ താഴ്ത്തി മറുവശത്തെത്തിച്ചാണ് പാലത്തെ അതിജീവിക്കുന്നത്. പാലത്തിന്‍റെ ഉയരം കൂട്ടുന്നതിന് സാങ്കേതിക വിദ്യകളുണ്ടെങ്കിലും സര്‍ക്കാരിന്‍റെ ഇച്ഛാ ശക്തിയുണ്ടെങ്കില്‍ മാത്രമേ ഇത് നടക്കുകയുള്ളു. കുട്ടനാടന്‍ മേഖലയില്‍ കെട്ടിടങ്ങള്‍ ജാക്കി വച്ച് ഉയര്‍ത്തുന്ന സാങ്കേതിക വിദ്യ ഹരിയാന കേന്ദ്രമായ നിർമാണകമ്പനി വിജയകരമായി നടപ്പാക്കിയത് പള്ളിയോട ക്യാപ്ടന്‍ കൂടിയായ രാഹുല്‍ രാജ് ചൂണ്ടിക്കാട്ടുന്നു.
advertisement
ആശങ്കയകലാതെ ആഞ്ഞിലിമൂട്ടില്‍ക്കടവ് പാലം
ചേലൂര്‍ക്കടവ് പാലം ഒരു പാഠമായി മുന്നിലുള്ളപ്പോഴാണ് ആഞ്ഞിലിമൂട്ടില്‍ക്കടവ് പാലത്തിന്‍റെ പൊക്കമില്ലായ്മ പുതിയ വെല്ലുവിളി ഉയര്‍ത്തുന്നത്. ആദ്യ ദിനത്തില്‍ വഴിപാട് വള്ളസദ്യയ്ക്കെത്തിയ കോയിപ്രം പള്ളിയോടത്തിന്‍റെ അമരത്തിലുള്ള ബാണക്കൊടി പാലത്തിന്‍റെ ബീമില്‍ത്തട്ടി. വള്ളസദ്യ കഴിഞ്ഞ് തിരികെപ്പോകാനെത്തിയപ്പോള്‍ വീണ്ടും രണ്ടടി ജലനിരപ്പുകൂടി ഉയര്‍ന്നതോടെ അമരത്തിന്‍റെ ഭാഗത്തുള്ള തൊപ്പിത്തടിയെന്ന ഭാഗം അഴിച്ചുമാറ്റിയാണ് യാത്ര തുടര്‍ന്നത്. ഇക്കാര്യത്തില്‍ പള്ളിയോട സേവാസംഘം നല്‍കിയ വിവരാവകാശം അനുസരിച്ച് ആറാട്ടുപുഴ, കോഴഞ്ചേരി എന്നീ പാലങ്ങള്‍ക്ക് സമാനമായ ഉയരമുണ്ടെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നാണ് ഞായറാഴ്ചത്തെ സംഭവം വ്യക്തമാക്കുന്നത്.
ആശങ്കയില്‍ ഇനിയും നിർമാണം തുടങ്ങുന്ന പാലങ്ങള്‍
വരട്ടാറില്‍ പാലത്തിന് പകരം നിർമിച്ച ചപ്പാത്തുകള്‍ നദിക്കും പള്ളിയോടങ്ങള്‍ക്കും ചെറുതല്ലാത്ത ബുദ്ധിമുട്ടാണുണ്ടാക്കിയത്. എന്നാല്‍ പിന്നീട് പാലമായി നിർമിച്ച ചേലൂര്‍ക്കടവ് പാലമാകട്ടെ അപ്രോച്ച് റോഡില്ലാത്ത പാലമെന്ന പ്രത്യേകതയോടെ റോഡ് നിരപ്പിന് സമാനമായ ഉയരത്തിലാണ് നിർമിച്ചത്. ആദി പമ്പയില്‍ നിലവില്‍ നിർമാണം തുടങ്ങിയ കൈപ്പാലക്കടവ് പാലത്തിനും ഈ ആശങ്കയുണ്ട്. ഇക്കാര്യം അന്തരിച്ച എം.എൽ.എ കെ.കെ രാമചന്ദ്രന്‍ നായര്‍ പൊതുമരാമത്ത് അധികൃതരെ അറിയിച്ച് പരിഹാരം തേടിയിരുന്നു. ഇക്കാര്യത്തില്‍ ആശങ്കയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
കോഴഞ്ചേരി പുതിയ പാലം; ആശങ്ക അകറ്റണമെന്ന് പള്ളിയോട സേവാസംഘം
കോഴഞ്ചേരിയില്‍ പുതുതായി നിർമിക്കുന്ന സമാന്തര പാലത്തിന്‍റെ തൂണുകള്‍ നിലവിലുള്ള പാലത്തിന്റെ തൂണുകള്‍ക്ക് നേര്‍രേഖയിലായിരിക്കണമെന്ന് ആവശ്യപ്പെട്ട് പള്ളിയോട സേവാസംഘം പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കി. ഇപ്പോള്‍ത്തന്നെ കല്‍ക്കെട്ടുകളും പാറകളും താല്‍ക്കാലിക തടയണയുമൊക്കെച്ചേര്‍ന്ന് പള്ളിയോടങ്ങളുടെ യാത്ര ഇവിടെ ദുഷ്കരമാണ്. 100 അടിയോളം നീളവും 20 അടിവരെയുള്ള അമരപ്പൊക്കവും വരെഉള്ള പള്ളിയോടങ്ങള്‍ ഉണ്ട്. മാത്രമല്ല വള്ളസദ്യക്കാലം കഴിയുന്ന ഒക്ടോബര്‍ രണ്ടിന് ശേഷം മാത്രമേ നിർമാണം തുടങ്ങാവൂ എന്നും പള്ളിയോട സേവാസംഘം സെക്രട്ടറി പി.ആര്‍ രാധാകൃഷ്ണന്‍, പ്രസിഡന്‍റ് ബി. കൃഷ്ണകുമാര്‍ കൃഷ്ണവേണി എന്നിവര്‍ ആവശ്യപ്പെട്ടു.
