കുടിയേറ്റക്കാർ വന്നതോടെ കാടും വനജീവിതവും നഷ്ടമായ അസ്തിത്വദുഃഖം പല കവികളും പങ്കുവെച്ചു. കള്ളൻ എന്നർഥം വരുന്ന ദണ്ടെകൾ എന്ന വാക്കാണ് തങ്ങൾ കുടിയേറ്റക്കാരെ വിശേഷിപ്പിച്ചിരുന്നതെന്നു വയനാട്ടിലെ കുറുവാ ദ്വീപിൽ കാണപ്പെടുന്ന റവുള വിഭാഗത്തിലെ സുകുമാരൻ ചാലിഗദ്ദ കവിതയിൽ പറഞ്ഞു. ഇത്തരത്തിൽ വിവിധ ആദിവാസി ഊരുകളിലെയും വിവിധ ഗോത്രവിഭാഗങ്ങളിലെയും ആറു കവികളാണ് കാർണിവലിനെത്തിയത്.
advertisement
പ്രത്യേക ലിപിയോ രേഖപ്പെടുത്തലോ ഇല്ലാത്ത ഗോത്രഭാഷയിലാണ് ഇവരുടെ കവിതകൾ. പുറംലോകവുമായി ബന്ധമുള്ളവരും ഇല്ലാത്തവരും കവിതയെഴുതുന്നവരിൽ ഉണ്ട്. ലിപിയില്ലാത്ത ഇവരുടെ ഭാഷയിലെ കവിതകൾ പുറം ലോകത്തുള്ളവർ മലയാളത്തിലേക്കു പരിഭാഷപ്പെടുത്താൻ തുടങ്ങിയതോടെയാണ് ഗോത്രവിഭാഗങ്ങളിലും കവികളുണ്ടെന്ന വിവരം ലോകം അറിഞ്ഞതെന്നും സെഷൻ ക്യൂറേറ്റ് ചെയ്ത പ്രശസ്ത കവി പി രാമൻ പറഞ്ഞു.
പ്ലസ് വൺ വിദ്യാർഥിനിയായ അട്ടപ്പാടി തടിക്കടവ് ഊരിലെ കെ ദിവ്യയാണ് ഗോത്രകവികളിൽ കാർണിവലിനെത്തിയ ഇളമുറക്കാരി. അശോകൻ മറയൂർ, ധന്യ വേങ്ങച്ചേരി, സുകുമാരൻ ചാലിഗദ്ദ, സുരേഷ് മഞ്ഞളമ്പര, മണികണ്ഠൻ അട്ടപ്പാടി, അശോക് കുമാർ എന്നിവർ അവരവരുടെ ഗോത്ര ഭാഷകളിൽ എഴുതിയ കവിതകളും അവയുടെ മലയാളം ഭാഷാന്തരങ്ങളും അവതരിപ്പിച്ചു.
വിവിധ വിഷയങ്ങളിൽ ബോസ് കൃഷ്ണമാചാരി, കെ ഇ എൻ കുഞ്ഞഹമ്മദ് എന്നിവർ പ്രഭാഷണം നടത്തി. മഴുവിന്‍റെ കഥ എന്ന കൃതിയുടെ പാഠശാല തീർത്ത് കവി കൽപറ്റ നാരായണനും വ്യത്യസ്തനായതാണ് കവിതയുടെ കാർണിവലിന്‍റെ മൂന്നാംദിവസം ശ്രദ്ധേയമായത്. കാർണിവൽ സമാപിച്ചു.
