ഓണപ്പരീക്ഷയ്ക്ക് ഇനി നേരമില്ല; ഒഴിവാക്കിയേക്കും

webtech_news18 , News18 India
തിരുവനന്തപുരം: സംസ്ഥാനം മഴക്കെടുതികളെ നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തവണ ഓണപ്പരീക്ഷ ഒഴിവാക്കിയേക്കും. സ്കൂളുകളിൽ ഓണപ്പരീക്ഷ ഒഴിവാക്കി പകരം ക്ലാസ് പരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ, ഹയർ സെക്കണ്ടറി വകുപ്പുകളാണ് നിർദ്ദേശം മുന്നോട്ട് വെച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ 29ന് ചേരുന്ന ഉന്നതതലയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.പരീക്ഷ നടത്തിപ്പിന് ആവശ്യമായ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർന്നിട്ടില്ല. കൂടാതെ, മഴക്കെടുതിയിൽ നിരവധി വിദ്യാർഥകൾക്ക് പാഠപുസ്തകം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. നേരത്തെ ഓണാവധി കഴിഞ്ഞ് 31ന് പരീക്ഷ നടത്താനായിരുന്നു തീരുമാനം. എന്നാൽ, പ്രളയവും കാലവർഷക്കെടുതിയും മൂലം സ്കൂളുകൾക്ക് അവധി നൽകേണ്ടി വന്നതും പഠനത്തെ ബാധിച്ചു. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് ഓണപ്പരീക്ഷ മാറ്റിവെയക്കാൻ നിർദ്ദേശം വെച്ചിരിക്കുന്നത്.


സ്കൂളുകൾ 29നു തുറക്കുമെങ്കിലും ഓണപ്പരീക്ഷ വിപുലമായി നടത്താൻ ഇനി സമയമില്ല. അഥവാ ഓണപ്പരീക്ഷ വലിയ രീതിയിൽ നടത്തിയാൽ അത് ക്രിസ്മസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനെയും പരീക്ഷയെയും ബാധിക്കും. ഈ സാഹചര്യത്തിൽ ഇരു പരീക്ഷകളും ഒരുമിച്ച് നടത്താനായിരിക്കും 29ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കുക. കൂടാതെ, എല്ലാ വർഷവും ഓണം, ക്രിസ്മസ് പരീക്ഷകൾ നടത്തുന്നത് അധികച്ചെലവാണെന്ന വിലയിരുത്തലും സർക്കാരിനുണ്ട്.
>

Trending Now