പൊട്ടിയ പൈപ്പുകളാണ് പൊതു ശൗചാലങ്ങളിലെ പ്രധാന പ്രശ്നം. ഇത് നന്നാക്കാൻ ഇനി പ്ലംബർ മാരെ അന്വേഷിച്ച് സമയം കളയില്ല. പ്രത്യേക സംഘത്തിന് പൈപ്പ് നന്നാക്കുന്നതിലടക്കം പരിശീലനം നൽകും. പൊതു ശൗചാലങ്ങൾ മാത്രമല്ല നഗരത്തിലെ സ്കൂളുകൾ, കോളെജുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവടങ്ങളിലെ ശൗചാലങ്ങൾ നഗരസഭയുടെ പ്രത്യേക സംഘം പരിശോധിക്കും.
പ്രത്യേക സംഘത്തിനുളള ബൈ ലോ തയ്യാറാക്കുന്ന തിരക്കിലാണ് തിരുവനന്തപുരം നഗരസഭ അധികൃതർ. 93 പൊതു ശൗചാലയങ്ങളാണ് തിരുവനന്തപുരം നഗരത്തിലുളളത്. ഇതിൽ 35 നഗരസഭ നേരിട്ട് നടത്തുന്നതാണ്. ഇതിൽ തന്നെ ഭൂരിഭാഗവും ഉപയോഗ യോഗ്യമല്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്. അറ്റകുറ്റപണികൾ അടിയന്തരമായി പൂർത്തിയാക്കി ഇവ ഉടൻ തുറക്കും.
advertisement
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിലെ ആറ് സ്ഥങ്ങളിൽ പൊതു ശൗചാലയങ്ങൾ ഉടൻ നവീകരിക്കും. തമ്പാനൂർ , പുത്തരിക്കണ്ടം, വഞ്ചിയൂർ എന്നിവടങ്ങളിൽ പൊട്ടി പൊളിഞ്ഞുകിടക്കുന്ന ശൗചാലയങ്ങൾ നന്നാക്കാൻ നിർദേശം നൽകി കഴിഞ്ഞു. സ്വകാര്യ സ്ഥാപനങ്ങൾക്കും ചെറിയ തുക ഫീസടച്ച് നഗരസഭയുടെ പ്രത്യേക ശുചിത്വ സംഘത്തിന്റെ സേവനം തേടാം.
പെട്രോൾ പമ്പുകളിലെയും, ഷോപ്പിങ് മാളുകളിലെയും ടോയ് ലെറ്റുകൾ പൊതു ജനങ്ങൾക്ക് ഉപയോഗിക്കാൻ തുറന്ന് നൽകുന്നില്ലെന്ന പരാതികളും നഗരസഭക്ക് ലഭിക്കുന്നുണ്ട്. ഇക്കാര്യത്തിൽ പ്രത്യേക സംഘം പരിശോധന കർശനമാക്കും. നഗരത്തിലെ വൃത്തിഹീനമായ ശൗചാലയങ്ങൾക്ക് ഈ തീരുമാനം കൊണ്ടെങ്കിലും ശാപമോക്ഷമുണ്ടാകണേ എന്ന പ്രാർഥനയിലാണ് പൊതുജനം.
