'നിപാകാലത്ത്' കേരളത്തിലെ മാധ്യമപ്രവർത്തകർ എവിടെയായിരുന്നു?

webtech_news18
#എസ് വിനേഷ് കുമാര്‍സൈബര്‍ ഇടങ്ങളില്‍ നിന്നുള്ള ഒളിപ്പോരുകളുടെ പുതിയ ഇരകളാവുന്നത് മാധ്യമപ്രവര്‍ത്തകരാണെന്നത് കേവലം യാദൃശ്ചികതയല്ല. സൈബര്‍ ബുള്ളിയിംഗിന്റെ ചുക്കാന്‍ പിടിക്കുന്നത് കമ്മ്യൂണിസ്റ്റ് ലേബലിൽ കൂടിയാവുമ്പോള്‍ അത്യന്തം ഗൗരവതരമായ സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങള്‍ കുതിച്ചൊഴുകുന്നു. എത്രവലിയ ശത്രുവാണെങ്കിലും മരിച്ച് കഴിഞ്ഞാല്‍ രണ്ടു നല്ല വാക്കെങ്കിലും പറയുന്നത് പരേതനോടുള്ള ആദരാഞ്ജലിയായി കരുതുന്നവരാണ് മലയാളികള്‍. മാധ്യമമേഖലയിലെ സജീവ സാന്നിധ്യമായിരുന്ന സജിയെയും ബിപിനെയും പ്രളയം തട്ടിയെടുത്തപ്പോള്‍ ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിക്കുമ്പോള്‍ എത്രത്തോളം യുക്തിരഹിതവും സാംസ്‌കാരിക ശൂന്യവുമാണ് മലയാളികളെന്ന് വ്യക്തമാകും. ഉപയോഗിക്കുന്ന വാക്കുകളിലെ ശുദ്ധിയില്ലായ്മയും അതിരുവിടുന്ന ആക്ഷേപുമെല്ലാം സോഷ്യല്‍മീഡിയയെന്ന പരിധിയില്ലാത്ത ഫ്രീഡം പ്ലാറ്റ്‌ഫോമിനെ അത്രത്തോളം മലീമസമാക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ സംഭവം നടക്കുന്ന സ്ഥലത്ത് പോകുകയും റിപ്പോര്‍ട്ടു ചെയ്യുകയും പുതിയ കാര്യമല്ലെന്നിരിക്കെ ഇത്രത്തോളം മ്ലേച്ഛമായ ഭാഷയില്‍ അതിനെ ക്രൂശിക്കേണ്ടതിന്റെ ആവശ്യകതയെന്താണ്?


നിപാ കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ ഒളിച്ചോടിയിരുന്നോ...?കോഴിക്കോട് പേരാമ്പ്രയില്‍ നിപാ റിപ്പോര്‍ട്ട് ചെയ്തതപ്പോള്‍ ആദ്യവസാനം വരെ ആരോഗ്യവകുപ്പിന്റെ പോരാട്ടത്തിന് ഊര്‍ജ്ജം പകര്‍ന്ന് ഒപ്പം നിന്ന് പ്രബലവിഭാഗം മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ഈയുള്ളവനുമുണ്ടായിരുന്നു. പേരാമ്പ്ര സൂപ്പികടയില്‍ രണ്ടുമരണം സംഭവിച്ചപ്പോള്‍ അവിടെയെത്തി കാര്യങ്ങള്‍ അന്വേഷിച്ച് കൃത്യമായ ജനങ്ങളിലെത്തിച്ചത് മാധ്യമങ്ങള്‍ തന്നെയായിരുന്നു. മരണകാരണം മാരക വൈറസായ നിപായാണെന്ന് കണ്ടെത്തിയതോടെ സൂപ്പികടയും കോഴിക്കോട് മെഡിക്കല്‍ കോളജും ഉള്‍പ്പെടുന്ന വൈറസ് പടര്‍ന്നുപിടിച്ച സ്ഥലങ്ങളിലുള്ള സന്ദര്‍ശനം പൊതുജനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് വിലക്കേര്‍പ്പെടുത്തി. മാധ്യമപ്രവര്‍ത്തകര്‍ക്കും ഇത് ബാധകമായിരുന്നു. വിവരങ്ങള്‍ യഥാസമയം ആരോഗ്യവകുപ്പ് മാധ്യമങ്ങളെ അറിയിക്കുന്നതില്‍ വീഴ്ച്ച വരുത്തിയതുമില്ല. സംഭവസ്ഥലത്തേക്കുള്ള യാത്ര മാധ്യമപ്രവര്‍ത്തകള്‍ നിര്‍ത്തിയത് ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരമായിരുന്നു. ജനപ്രതിനിധികള്‍ക്ക് പോലും നിയന്ത്രണരേഖ വരച്ചിരുന്നു. അഡ്വഞ്ചര്‍ റിപ്പോര്‍ട്ടിംഗിനുള്ളതല്ല നിപ്പയെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതാണ്. എന്നിട്ടും ഞങ്ങള്‍ മരിച്ച ലിനിയുടെ വീട്ടിലെത്തി. വാര്‍ത്തകള്‍ ഡെസ്‌ക്കിലേക്ക് പറന്നു. നിപായെ ഭയന്ന് ഒരു മാധ്യമപ്രവര്‍ത്തകനും മാറി നിന്നതുമില്ല, വാര്‍ത്തയാരും മൂടിവെച്ചതുമില്ല. ജനങ്ങള്‍ യഥാസമയം കാര്യങ്ങള്‍ അറിഞ്ഞത് മാധ്യമങ്ങളുടെ ഇടപെടലിന്റെ ഫലമായിത്തെന്നെയാണ്. വവ്വാലിന്റെയും നിപാ ബാധിച്ചവരുടെ അവസ്ഥയും പറഞ്ഞ് ട്രോളുണ്ടാക്കി രസിക്കുന്ന തിരക്കിലായിരുന്നു സോഷ്യല്‍മീഡിയയിലെ ബുദ്ധിയില്ലാത്ത ജീവിക്കൂട്ടങ്ങള്‍. നിപായ്‌ക്കെതിരെ ജീവന്‍പണയം വച്ചുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ പോരാട്ടത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാട് ഏറെ ശഌഘിക്കപ്പെടുമ്പോള്‍ ഇവര്‍ ചന്ദ്രഹാസമിളക്കി പുലഭ്യമഴ പെയ്യിപ്പിച്ച് നിലപാട് അടിയുറപ്പിച്ചു. ലിനിക്കൊപ്പം എന്ന് പറഞ്ഞ് എഫ് ബി പോസ്റ്റിടുന്നതിനപ്പുറം തന്നെയായിരുന്ന മാധ്യമ ഇടപെടല്‍.ദുരന്തമുണ്ടാകുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഓഫീസിലിരിക്കാനാകുമോ?ദുരന്തങ്ങളുണ്ടാകുമ്പോള്‍ ആദ്യം മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയെന്ന കീഴ് വഴക്കം ഇന്നും മുറപോലെ നടക്കുന്നതാണ്. ഒരു ഫോണ്‍ കോളിന് പിന്നാലെ ഓടുമ്പോള്‍ സ്ഥലത്തെത്തുകയെന്നൊരൊറ്റ ചിന്ത മാത്രമേയുള്ളു. അസുഖം മൂര്‍ച്ഛിച്ച സ്വന്തം പിതാവോ ഗര്‍ഭിണിയായ ഭാര്യയോ ഭക്ഷണംപോലും കഴിക്കാതെ കാത്തിരിക്കുന്ന മാതാവോ ഒന്നും ഒരു മാധ്യമപ്രവര്‍ത്തകന്റെ മനസ്സിലുണ്ടാകില്ല. സ്വീകരണമുറിയിലിരുന്ന് ലോകത്തിന്റ മുക്കിലും മൂലയിലുമുള്ള കാര്യങ്ങളും കണ്ടും കേട്ടും വായിച്ചും അറിയുന്നവര്‍ക്ക് മുന്നിലേക്ക് വിവരങ്ങളുടെയും ദൃശ്യങ്ങളുടെ മലവെള്ളപാച്ചില്‍ സൃഷ്ടിക്കാന്‍ അവന്‍(അവള്‍) സ്വന്തം കാര്യത്തില്‍ നിന്ന് മാറിനില്‍ക്കുക തന്നെ ചെയ്യുന്നു. കോഴിക്കോട് കട്ടിപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും രക്ഷാപ്രവര്‍ത്തനം നടത്തുന്നവരുടെ കഷ്ടപ്പാട് പുറംലോകത്തെത്തിക്കാന്‍ കൂടെ നില്‍ക്കാതെ വഴിയില്ലായിരുന്നു മാധ്യമങ്ങള്‍ക്ക്. നാട്ടിലെ ഉത്സവം കാണാന്‍ പോയ സഹപ്രവര്‍ത്തകന്‍ എസ് ലല്ലുവിന് പുറ്റിങ്ങല്‍ വെടിക്കെട്ടപകടം റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നത് ആ തൊഴിലിന്റ ഉത്തരവാദിത്വത്തിന്റെ ഭാഗമായിട്ടായിരുന്നു. വെടിമരുന്ന് പൊട്ടിത്തെറിക്കുമ്പോള്‍ അതിനുള്ളിലേക്ക് ഊളിയിടരുതെന്ന് ലല്ലുവിനെന്നല്ല ഏത് കൊച്ചുകുട്ടിക്കും അറിയാവുന്ന കാര്യമാണ്. കോട്ടയത്ത് വെള്ളക്കെട്ടില്‍ കുടുങ്ങി വീടിന്റെ മുകളിലത്തെ നിലയില്‍ ദിവസങ്ങളായി കഴിഞ്ഞ കുടുംബത്തിന്റെ ദുരിതം അധികാര കേന്ദ്രങ്ങള്‍ അറിയണമെങ്കില്‍ ഞങ്ങളുടെ പ്രതിനിധി ജി ശ്രീജിത്ത് മതിലിന് മുകളില്‍ കയറുകതന്നെ വേണം. വെള്ളത്തില്‍ മുങ്ങാന്‍കുഴിയിട്ടും അരക്ക് വെള്ളത്തില്‍ നിന്നുമൊക്കെയുള്ള റിപ്പോര്‍ട്ടിംഗ് മാധ്യമ നൈതികതയ്ക്ക് ചേര്‍ന്നതാണോയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് പറയുന്നുമില്ല. സോഷ്യല്‍മീഡിയയില്‍ സജിയുടെയും ബിപിന്റെയും മരണം ആഘോഷിക്കപ്പെടുന്ന മന:സാക്ഷിയില്ലാത്തവരുടെ രാഷ്ട്രീയമെന്തെന്ന് പരിശോധിക്കേണ്ടതൊരു അനിവാര്യതയായിത്തോന്നുന്നില്ല. വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയമാണവരുടെതെന്ന് പുരപുറത്ത് കയറി നിന്ന് തന്നെ വിളിച്ചു പറയണം. ആലപ്പുഴ, കോട്ടയം ജില്ലയുടെ ചില ഭാഗങ്ങള്‍ എന്നില ഭൂമിശാസ്ത്രപരമായി വെള്ളക്കെടുകള്‍ക്കിടയിലാണ്. മടവീഴലും വെള്ളം കയറലും കൃഷിനാശവും എല്ലാ വര്‍ഷകാലത്തും ഈ പ്രദേശങ്ങളില്‍ നിന്നുള്ള വാര്‍ത്തയല്ലാതാകുന്നുമില്ല. ഒരു കാര്യം പറയട്ടെ. ഓഫീസ് വിപ്ലവമോ സോഷ്യല്‍ മീഡിയയിലെ സൈബര്‍ ബുള്ളിയിംഗോമായി മാധ്യമപ്രവര്‍ത്തനത്തിന് പുലബന്ധവുമില്ല സൈബര്‍ ജീവികളെ..വാര്‍ത്ത ശേഖരണത്തിലെ വഴികള്‍.....കുന്നും മലയും വെള്ളക്കെട്ടുകളും സ്‌ഫോടനവും തീപിടുത്തവും എന്നുവേണ്ട അപകട സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് വാര്‍ത്തയും ദൃശ്യങ്ങളും ചിത്രങ്ങളും ശേഖരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ജീവന് യാതൊരു സുരക്ഷിതത്വമില്ലെന്ന വസ്തുത വിസ്മരിക്കാനാവില്ല. സാഹസികവും അതിസാഹസികവുമായ മാധ്യമപ്രവര്‍ത്തനശൈലികളാണ് പ്രധാനമായും പുതിയ കാലത്ത് അവലംബിക്കുന്നത്. സുരക്ഷിതമല്ലാത്ത ഇടങ്ങളില്‍ ആവേശം അതിരുവിടുമ്പോഴുണ്ടാകുമ്പോള്‍ വന്നു ഭവിക്കുന്ന ദുരന്തങ്ങളെ കണാതിരുന്നുകൂട താനും. മാധ്യമപ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടിംഗിനിടയിലുള്ള സുരക്ഷിതത്വപ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ ഉന്നയിക്കുന്നവരുടെ സത്യസന്ധത പരിശോധിക്കപ്പെടേണ്ടത് മറ്റൊരു കാര്യം. ബോട്ടും ജാക്കറ്റും കാത്തിരുന്നാല്‍ വാര്‍ത്തയുണ്ടാകില്ല. നിലയില്ലാക്കയത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്നവരുടെ ദീനരോദനങ്ങള്‍ എത്തേണ്ടിടത്ത് എത്തിക്കുകയെന്നത് തൊഴിലിന്റെ ഭാഗമാകുമ്പോള്‍തന്നെ അതിരുവിടുന്ന സാഹസികമനോഭാവം ഞാനുള്‍പ്പെടുന്ന മാധ്യമവര്‍ഗത്തിന് ഭൂഷണമല്ലതാനും. ഉരുള്‍പൊട്ടുന്ന ദൃശ്യങ്ങളും ചിത്രങ്ങളും കാമറയില്‍ പകര്‍ത്തുകയെന്നത് വിക്ടര്‍ ജോര്‍ജ്ജിനെപ്പോലെ ഏതൊരു കാമറാമാന്റെയും അഭിലാഷമാണ്. ദുരന്തം അപ്പോള്‍ സെക്കണ്ടറിയാകുന്നു. അവിടെ ചിലപ്പോള്‍ പിഴയ്ക്കുകയും ചെയ്യും. കനത്തമഴയില്‍ കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടിയ സമയത്ത് കൂടരഞ്ഞി വില്ലേജിലെ എട്ടിടത്ത് ചെറുതും വലുതുമായ ഉരുള്‍പൊട്ടലുണ്ടായിരുന്നു. മഴ ശക്തമായിത്തുടരുന്നതിനിടെ കൂടരഞ്ഞിയിലൂടെ സഞ്ചരിച്ചയാളാണ് ഈയുള്ളവന്‍. പ്രകൃതിദുരന്തസാധ്യതയില്ലെന്ന് ജില്ലാ കളക്ടര്‍ വിധിയെഴുതിയ കക്കാടംപൊയിലിലെ പിവി അന്‍വറിന്റെ വാട്ടര്‍തീം പാര്‍ക്കിലെ ഉരുള്‍പൊട്ടല്‍ ഹെലിക്യാം ഉപയോഗിച്ച് ഞങ്ങള്‍ ഷൂട്ട് ചെയ്തത് അങ്ങനെയായിരുന്നു. നിയമസഭയിൽ ഏറെ ഒച്ചപ്പാടുണ്ടാക്കിയ ഈ സംഭവം കേരളത്തില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു. അതൊരു അനിവാര്യതയായിരുന്നു. സാഹസികമെങ്കിലും പൊതുവെ അപകടം കുറഞ്ഞൊരു മാധ്യമപ്രവര്‍ത്തന രീതിയാണിതെന്ന് എനിക്ക് തോന്നിയിരുന്നു. കൈയ്യടിയും വിമര്‍ശനവും ആക്ഷേപവും പിന്നാലെയെത്തിയെന്നത് മറ്റൊരു കാര്യം. പറഞ്ഞുവരുന്നത് സുരക്ഷിതമായിത്തന്നെ മാധ്യമപ്രവര്‍ത്തനം കൊണ്ടുപോകേണ്ട കാര്യം തന്നെയാണ്. ആവേശം അതിന് വിലങ്ങുതടിയാകരുത് താനും.സൈബര്‍ പോരാളികളുടെ രാഷ്ട്രീയം....മൃതദേഹങ്ങളെപ്പോലും അപമാനിക്കുന്ന സൈബര്‍ പോരാളികളുടെ കക്ഷി രാഷ്ട്രീയത്തെ ഇഴകീറി പരിശോധിക്കുമ്പോള്‍ പിണറായി സര്‍ക്കാറിനെ പിന്തുണയ്ക്കുന്നവരാണ് കൂട്ടത്തില്‍ കൂടുതലും. ചില മാധ്യമപ്രവര്‍ത്തകരെ മാത്രം ലക്ഷ്യം വച്ചും, എന്തിന് വള്ളംമറിഞ്ഞ് മരിച്ചവരെപ്പോലും വെറുതെ വിടാന്‍ ഭാവമില്ലാത്ത ആക്ഷേപ-ഹാസ്യഗീതങ്ങള്‍ രചിച്ച് ഓര്‍ഗാമസമിക്കായ ആനന്ദം തേടുന്ന തലമുറ. എതിര്‍പക്ഷത്ത് മാധ്യമപ്രവര്‍ത്തകരാവുമ്പോള്‍ ചില വാര്‍ത്താവതാരകരുടെ ശരീരഭാഷയും രാഷ്ട്രീയപരമായ ചായ് വും ആക്രോശവും അതിര് ലംഘിക്കുമ്പോള്‍ അതിന്റെ മൊത്തം പഴി പ്രാദേശികലേഖകന്‍പോലും പേറേണ്ട ഗതികേട്. ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്ന് പഠിച്ചിറങ്ങിയ പാഠത്തിനപ്പുറത്തേക്ക് സ്വയംരൂപപ്പെടുത്തിയ വഴികളില്‍ മാധ്യമപ്രവര്‍ത്തനം അത്ര സുരക്ഷിതമല്ലാത്ത പുതിയ കാലത്താണ് സൈബര്‍ ബുള്ളിയിംഗിന്റെ ബൂമറാങ്ങും തിരിച്ചടിക്കുന്നത്. ചില വാര്‍ത്താ അവതാരകരെ മാത്രം ലക്ഷ്യം വച്ച് കുറച്ച് കാലങ്ങളായി സോഷ്യല്‍മീഡിയയില്‍ വരുന്ന ആക്ഷേപങ്ങളെ വിമര്‍ശനം എന്ന് വിളിക്കാനാവില്ല. അതിന്റെ മൂര്‍ത്തരൂപമാണ് സജിയുടെയും ബിപിന്റെയും മൃതദേഹത്തെപ്പോലും കൊത്തിവലിക്കുന്നത്. തങ്ങള്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനങ്ങളെ വിമര്‍ശിക്കുന്നതാണ് വാര്‍ത്തയെങ്കിലും പിന്നെ കണ്ണടച്ചുള്ള ആക്രമണങ്ങളാണ്. ഇക്കാര്യത്തില്‍ ഇടതും വലതും ബിജെപിയുമെല്ലാം ഒരേ തൂവല്‍ പക്ഷികളാണെന്ന് സോഷ്യല്‍മീഡിയയില്‍ ഇടപെടുന്ന ഏതൊരു വ്യക്തിക്കും മനസ്സിലാവുന്ന കാര്യമാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ മതസംഘടനകളേക്കാള്‍ വലിയ ജനാധിപത്യവിരുദ്ധമായ ചെളിക്കുണ്ടിലേക്ക് താഴുന്നതിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. പാര്‍ട്ടിക്കൊ സംഘടനയ്‌ക്കോ നിയന്ത്രിക്കാന്‍ കഴിയാത്ത കടിഞ്ഞാണില്ലാത്ത കുതിരകളായാണ് സൈബര്‍ പോരാളികള്‍ എന്ന സൈബര്‍ ബുള്ളിയിംഗ് സംഘങ്ങള്‍ ചെന്നുവീഴുന്നത്. ചെളി കലരാത്ത പരിശുദ്ധ നെയ്യൊന്നുമല്ല മാധ്യമപ്രവര്‍ത്തകര്‍. വിമര്‍ശിക്കാനുള്ള ഫലപ്രദമായ ഫ്ലാറ്റ്ഫോം തന്നെയാണ് സോഷ്യല്‍ മീഡിയ. അനാരോഗ്യകരമായ പ്രവണത എല്ലാമേഖലയെയുംപോലെ മാധ്യമമേഖലയെയും ബാധിച്ചിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. അതിനുനേരെ കണ്ണടക്കാനാവില്ലതാനും. ഫോര്‍ത്ത് എസ്‌റ്റേറ്റ് വിമര്‍ശിക്കപ്പെടുകതന്നെ വേണം. ഒരു പ്രദേശിക മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹത്തിന്റെ നെഞ്ചില്‍ച്ചവിട്ടി നിന്നാവേണ്ടതല്ല വിമര്‍ശനം. മാധ്യമങ്ങളെ എടുത്ത് ദൂരയെറിയാൻ വ്യഗ്രത കാട്ടുന്ന തമ്പുരാന്‍മാര്‍ക്ക് പാദസേവ ചെയ്യാനാവരുത് വിമര്‍ശനം.എസ് വിനേഷ് കുമാര്‍ (ന്യൂസ് 18 കേരള കോഴിക്കോട് സീനിയര്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്‍റ്)
>

Trending Now