ആശങ്കയോടെ എതിരാളികൾ...
500 ബില്യൺ ആസ്തിയുള്ള വാൾമാർട്ട് ഇന്ത്യൻ ഇ കൊമേഴ്സ് രംഗത്തേക്ക് കടക്കുന്നതോടെ ഫ്ലിപ്‌കാർട്ടിന്‍റെ എതിരാളികളായിരുന്ന ആമസോൺ ഉൾപ്പടെയുള്ളവർ ആശങ്കയിലാണ്. വലിയ മൂലധനം ഇറക്കി, മറ്റുള്ളവർ നൽകുന്നതിനേക്കാൾ മികച്ച ഓഫറുകൾ നൽകാൻ വാൾമാർട്ടിന് സാധിക്കും. എതിരാളികളെ അനായാസം മറികടന്ന് വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ ഇനി വാൾമാർട്ട്-ഫ്ലിപ്‌കാർട്ട് സഖ്യത്തിനാകും. ഈ രംഗത്തെ ചെറുകിട കമ്പനികൾക്കായിരിക്കും കനത്ത തിരിച്ചടി നേരിടാൻ പോകുന്നത്. വാൾമാർട്ടിന്‍റെ വരവ് അവരുടെ കച്ചവടം തന്നെ പൂട്ടിക്കുമെന്നാണ് വിപണി വിദഗ്ദ്ധർ പറയുന്നത്.
advertisement
കച്ചവടത്തിന് പറ്റിയ കൂട്ടുകാർ...
റീട്ടെയിൽ രംഗത്തെ ആഗോളഭീമൻമാരാണ് വാൾമാർട്ട്. ഇന്ത്യൻ ഓൺലൈൻ ഷോപ്പിങ് മേഖലയിലെ കരുത്തരാണ് ഫ്ലിപ്‌കാർട്ട്. ഇരുവരും ചേരുമ്പോൾ ഇന്ത്യൻ ഇ-കൊമേഴ്സ് മേഖല അനായാസം വരുതിയിലാക്കാനാകുമെന്നാണ് വിപണി വിദഗ്ദ്ധർ വിലയിരുത്തുന്നത്. ആമസോണുമായുള്ള കനത്ത മൽസരത്തെ ഇനി ഫ്ലിപ്പ്കാർട്ടിന് അനായാസം നേരിടാനാകും. കാശിറക്കി ബിസിനസിൽ നേട്ടം കൊയ്യുകയെന്ന വാൾമാർട്ട് തന്ത്രം തന്നെയാകും ഇവിടെയും പയറ്റുക. നിലവിൽ 21 സ്റ്റോറുകൾ ഇന്ത്യയിൽ വാൾമാർട്ടിനുണ്ടാകും. നിലവിൽ ഇല്ലാത്ത പുതിയ ഉൽപന്നങ്ങൾ വിപണിയിലേക്ക് എത്തിക്കാൻ പുതിയ സഖ്യത്തിനാകുമെന്നും വിപണി വിദഗ്ദ്ധർ വിലയിരുത്തുന്നു. വാൾമാർട്ടിന്‍റെ വൻ നിക്ഷേപത്തിലൂടെ മികച്ച ഓഫറുകൾ നൽകാനും കാര്യക്ഷമതയുള്ള ഡെലിവറി ഉറപ്പുവരുത്താനും സാധിക്കും.
ഓൺലൈൻ ഷോപ്പിങ് മേഖലയ്ക്ക് പുതിയ ഊർജം...
ഫ്ലിപ്പ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുത്തതോടെ ആമസോണിന് പുതിയ തന്ത്രങ്ങൾ പുറത്തെടുക്കേണ്ടിവരും. കൂടുതൽ നിക്ഷേപമിറക്കി വാൾമാർട്ട് ഭീഷണി മറികടക്കാൻ തന്നെയായിരിക്കും ആമസോണും തയ്യാറെടുക്കുക. ഇന്ത്യൻ വിപണിയിലേക്ക് മാത്രം അഞ്ച് ബില്യൺ ഡോളർ അധികമായി നിക്ഷേപിക്കാൻ ആമസോൺ തയ്യാറെടുക്കുന്നതായി വാർത്തകളുണ്ട്. ഇത്തരത്തിൽ കൂടുതൽ നിക്ഷേപം വരുമ്പോൾ ഈ മേഖലയിലെ നിക്ഷേപം പതിൻമടങ്ങുകളായി ഉയരും. വിൽപന വർധിക്കുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കും ഗുണകരമാണ്. 2016ൽ ഓൺലൈൻ ഷോപ്പിങ് വിറ്റുവരവ് 1.6 ട്രില്യൺ ഡോളറിന്റേതായിരുന്നെങ്കിൽ 2017ൽ ഇത് 3.6 ട്രില്യണായി ഉയർന്നിട്ടുണ്ട്. അടുത്ത രണ്ടു-മൂന്നു വർഷത്തിനുള്ളിൽ വിൽപന ഇരട്ടിയായി ഉയരുമെന്നാണ് വിലയിരുത്തൽ. ആത്യന്തികമായി ഇന്ത്യൻ ഇ കൊമേഴ്സ് മേഖലയിൽ ഉണ്ടാക്കാൻ പോകുന്ന ഉണർവ് വളരെ വലുതായിരിക്കും. ഇതിന്‍റെ ഗുണം ആത്യന്തികമായി ഉപഭോക്താക്കൾക്കും ലഭിക്കും.
വില കുറയും...
വാൾമാർട്ട് ഓൺലൈൻ ഷോപ്പിങ് രംഗത്തേക്ക് കടന്നുവരുമ്പോൾ സംഭവിക്കാൻ പോകുന്ന പ്രധാനമാറ്റം സാധനങ്ങളുടെ വിലക്കുറവായിരിക്കും. കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഗുണമേന്മയും ലോകോത്തരനിലവാരവുമുള്ള ഉൽപന്നങ്ങൾ ഇന്ത്യക്കാർക്ക് ലഭ്യമാകുമെന്നതാണ് പ്രധാന സവിശേഷത. അമേരിക്കൻ ഉൽപന്നങ്ങളും കൂടുതലായി ലഭ്യമായിത്തുടങ്ങും.