ഇടുക്കി അണക്കെട്ട്- അറിയേണ്ടതെല്ലാം

webtech_news18
ഇടുക്കി ജില്ലയിൽ കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാറിന് കുറുകെ നിർമിച്ചിട്ടുള്ളതാണ് ഇടുക്കി അണക്കെട്ട്. വൈദ്യുതോല്പാദനം ലക്ഷ്യമിട്ടാണ് ഏഷ്യയിലെ ആദ്യ കമാന അണക്കെട്ടായ ഇടുക്കി ഡാം പണികഴിപ്പിച്ചിട്ടുള്ളത്. 1976 ഫെബ്രുവരി 12ന്‌ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഈ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തത്.ഇടുക്കി അണക്കെട്ടിന്‍റെ ചരിത്രം


1919ൽ ഇറ്റലിക്കാരനായ ജേക്കബ് എന്ന എഞ്ചിനിയർ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇടുക്കി അണക്കെട്ടിന്‍റെ സാധ്യതകൾ ആദ്യമായി പരാമർശിച്ചുകണ്ടത്. എന്നാൽ ഇദ്ദേഹത്തിന്‍റെ നിർദേശം തിരുവിതാകൂർ സർക്കാർ അവഗണിച്ചു. 1922 ൽ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന്‌ എത്തിയതോടെയാണ്‌ ഇടുക്കിയെ കണ്ടെത്തുന്നത്‌. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ ജോൺ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്ക്‌ വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പനാണ് കുറവൻ-കുറത്തി മലയിടുക്ക്‌ ജോണിന് കാണിച്ചുകൊടുക്കുന്നത്. മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാറിൽ അണകെട്ടിയാൽ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന്‌ അദ്ദേഹം ചിന്തിച്ചു. പിന്നീട്‌ ജോൺ എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച്‌ തിരുവിതാംകൂർ സർക്കാരിന് റിപ്പോർട്ട്‌ സമർപ്പിച്ചു.പിന്നീട് 1937 ൽ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്‌ളാന്തയോ മാസലെ എന്ന എൻജിനിയർമാർ അണക്കെട്ട്‌ പണിയുന്നതിന്‌ അനുകൂലമായി പഠനറിപ്പോർട്ട്‌ സമർപ്പിച്ചെങ്കിലും സർക്കാർ തയ്യാറായില്ല. 1947ലാണ് ഇടുക്കിയെ സംബന്ധിച്ച് വ്യക്തമായ ഒരു റിപ്പോർട്ട് ഉണ്ടാകുന്നത്. തിരുവിതാംകൂർ ഇലക്ട്രിക്കൽ എഞ്ചിനിയറായിരുന്ന ജോസഫ് ജോൺ സമർപ്പിച്ച റിപ്പോർട്ടായിരുന്നു ഇത്. പെരിയാറിനെയും, ചെറുതോണിയെയും ബന്ധിപ്പിച്ച്‌ അണക്കെട്ട്‌ നിർമ്മിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിർദേശം. കേന്ദ്ര ജലവൈദ്യുത കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങൾ നടത്തിയിരുന്നു.അണക്കെട്ട് നിർമാണം1961ലാണ്‌ അണക്കെട്ടിനായി രൂപകല്‌പന തയ്യാറാക്കിയത്‌. 1963 ൽ പദ്ധതിക്ക്‌ കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിർമ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോർഡ്‌ ഏറ്റെടുത്തു. 1966ൽ കൊളംബോ പദ്ധതി പ്രകാരം 78 ലക്ഷം കനേഡിയൻ ഡോളറിന്‍റെ സഹായധനവും 115 ലക്ഷം കനേഡിയൻ ഡോളറിന്‍റെ ദീർഘകാല വായ്പയും ഇടുക്കി പദ്ധതിക്കായി ലഭിച്ചു. 1967ൽ ഇന്ത്യയും കാനഡയും ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പിട്ടു. 1968 ഫെബ്രുവരി 17ന് ഇടുക്കി പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആർച്ച് അണക്കെട്ട് പണിയുന്നതിൽ വിദഗ്ദ്ധരായ ഫ്രാൻസിലെ സാങ്കേതികവിദഗ്ദ്ധരുടെ സഹായത്തോടെ കാനഡയാണ് നിർമാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പദ്ധതിയുടെ പ്രധാന അണക്കെട്ട്‌ കുറവൻ മലയേയും, കുറത്തി മലയേയും ബന്ധിപ്പിച്ചുകൊണ്ടായിരുന്നു. ഇതുമൂലം പെരിയാറിൽ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാൻ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു.ഇടുക്കി ഡാമിന്‍റെ പ്രത്യേകതകൾ
- പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട്‌ കമാനാകൃതിയിലാണ്‌(ആർച്ച്) നിർമ്മിച്ചത്‌- കോൺക്രീറ്റ്‌ കൊണ്ടു പണിത ആർച്ച്‌ ഡാമിനു 168.9 മീറ്റർ ഉയരമുണ്ട്‌- മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്‌- 839 മീറ്റർ ഉയരമുള്ള കുറവൻ മലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ പെരിയാറിന്‌ കുറുകെയാണ് അണക്കെട്ട്‌ നിർമ്മിച്ചിരിക്കുന്നത്- ഇടുക്കി അണക്കെട്ടിന്‌ ഷട്ടറുകളില്ല- 60 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച്‌ കിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്- IS 456-2000 അനുസരിച്ചുള്ള എം - 40 കോൺക്രീറ്റ് മിശ്രിതമാണ് ഇടുക്കി ആർച്ച് ഡാം നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്- കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോഴത്തെ താപനില കുറയ്ക്കുന്നതിനായി ഐസ് ഉപയോഗിച്ചിരുന്നു- രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തിൽ പ്രത്യേക ഡിസൈനോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്- പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്- 780 മെഗാവാട്ട്‌ ഉല്‌പാദന ശേഷിയുള്ള പദ്ധതിയുടെ ഊർജ്ജോല്‌പാദനകേന്ദ്രം മൂലമറ്റത്താണ്‌- നാടുകാണി മലയുടെ മുകളിൽനിന്ന്‌ 750 മീറ്റർ അടിയിലുള്ള ഭൂഗർഭ വൈദ്യുതനിലയം ഇന്ത്യയിലെ ഏറ്റവും വലുതുമാണ്‌

കടപ്പാട്- 1. ഒരു ഇടുക്കിന്‍റെ കഥ ഇടുക്കിയുടെയും- റോയ് ജോസഫ് പൈനാവ്2. വിക്കിപീഡിയ
>

Trending Now