ജൂലൈ പത്തിനാണ് അഗളി എ.എസ്.പി സുജിത് ദാസും സംഘവും അട്ടപ്പാടി കുള്ളാട് മലയിൽ നടത്തിയ റെയ്ഡിൽ അഞ്ചേക്കർ കഞ്ചാവ് തോട്ടം കണ്ടെത്തി അയ്യായിരം കഞ്ചാവ് ചെടികൾ നശിപ്പിച്ചുവെന്ന വാർത്ത പുറത്ത് വന്നത്. അഗളി എ.എസ്.പി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഒപ്പം ഒരു വീഡിയോയും ചില ഫോട്ടോകളും ഉണ്ടായിരുന്നു. പക്ഷേ അവർ നൽകിയ ഫോട്ടോകളിലും വീഡിയോയിലും അവിടെ ഒരു അഞ്ചേക്കർ കഞ്ചാവ് തോട്ടം ഉണ്ടായിരുന്നതിന്റെ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇതിനിടെ വനംവകുപ്പും പൊലീസിന്റെ വാദം ശരിയല്ലെന്നും പാഴ്ചെടികൾക്കിടയിൽ നിന്നിരുന്ന ചെടികളായിരുന്നുവെന്ന വാദവുമായി രംഗത്തെത്തി. ഇതാണ് യഥാർത്ഥ വസ്തുത എന്താണെന്ന് അന്വേഷിക്കാൻ ന്യൂസ് 18 തീരുമാനിച്ചത്.
advertisement
കുള്ളാട് മല പുതൂർ പഞ്ചായത്തിലെ മേലേഭൂതയാർ ഊരിന്റെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. മേലേ ഭൂതയാറിൽ നിന്നും മൂന്നു മണിക്കൂറോളം നടക്കണം. ഞാനും ക്യാമറാമാൻ പ്രജിതും രാവിലെ ഒൻപതിന് മേലേ ഭൂതയാറിലെത്തി. ഞങ്ങൾക്ക് വഴി കാണിക്കാനായി സമീപത്തെ ഊരിൽ നിന്നുള്ള നാലു പേരും ഒപ്പമുണ്ടായിരുന്നു.
കുത്തനെയുള്ള കയറ്റമാണ് ഏറെയും. പാറക്കെട്ടുകളും പുൽമേടും, വൻമരങ്ങൾ തിങ്ങിനിൽക്കുന്ന കാടും കടന്ന് വേണം കുള്ളാട് മലയിലെത്താൻ. കാലൊന്ന് തെറ്റിയാൽ വൻ അപകടമാവും നേരിടേണ്ടി വരിക. ജീവൻ പോലും നഷ്ടപ്പെടാം. എന്നാൽ എനിക്കും, ക്യാമറാമാൻ പ്രജിതിനുമൊപ്പം വഴികാട്ടിയായി വന്നവർ മുൻപിലും പുറകിലും നിന്ന് ഞങ്ങൾക്ക് സുരക്ഷയൊരുക്കി.
പുൽമേട് കഴിഞ്ഞാൽ പിന്നെ കാടാണ്. വലിയ മരങ്ങൾ നിറഞ്ഞു നിൽക്കുന്ന കാട്. ഇത് കടന്ന് വേണം കുളളാട് മലയിലെത്താൻ. അവിടെയാണ് എ.എസ്.പിയും സംഘവും കണ്ടെത്തി നശിപ്പിച്ചെന്ന് പറഞ്ഞ കഞ്ചാവ് തോട്ടം.
കാട്ടിലൂടെയുള്ള യാത്ര മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്. വന്യമൃഗങ്ങൾ ആ മരങ്ങൾക്കിടയിൽ എവിടെയോ മറഞ്ഞിരിപ്പുണ്ട് എന്ന ചിന്ത മനസ്സിൽ ഭീതി നിറച്ചു. ഒപ്പമുള്ളവരുടെ ധൈര്യമായിരുന്നു ഞങ്ങളുടെയും ധൈര്യം. അങ്ങനെ അപകടം ഒന്നും കൂടാതെ ഞങ്ങൾ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കുളളാട് മലയിലെത്തി. പൊലീസ് കണ്ടെത്തിയെന്ന് അവകാശപ്പെട്ട അഞ്ചേക്കർ കഞ്ചാവ് തോട്ടം ഇവിടെയായിരുന്നു.
ദ്യശ്യങ്ങളെല്ലാം പകർത്തി 1.50 ന് കുളളാട് മലയിൽ നിന്നും ഇറങ്ങി. വൈകീട്ട് അഞ്ചേ കാലിന് മേലേഭൂതയാറിൽ തിരിച്ചെത്തി. കുള്ളാട് മലയിൽ വരുന്ന ആർക്കും ഇത്രയും വലിയ ഒരു കഞ്ചാവ് തോട്ടം അവിടെ ഉണ്ടായിരുന്നില്ല എന്ന് മനസിലാകും എന്നിരിക്കെ പൊലീസ് എന്തിനാണ് ഇങ്ങനെ കണക്ക് പെരുപ്പിച്ച് കാട്ടിയത് എന്നത് ദുരൂഹമായി നിൽക്കുന്നു.
ന്യൂസ് 18 കേരളത്തിന്‍റെ പാലക്കാട് ബ്യൂറോയിലെ സീനിയർ റിപ്പോർട്ടറാണ് ലേഖകൻ