കേരളം കണ്ട ഏറ്റവും ദീര്‍ഘമായ പ്രചാരണ കാലയളവാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ലഭിച്ചത്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിനെ എങ്ങനെ വിലയിരുത്തുന്നുവെന്നതിന്റെ സൂചന ചെങ്ങന്നൂര്‍ ഫലത്തില്‍നിന്ന് ലഭിക്കും.
ഉപതെരഞ്ഞെടുപ്പ് ഫലം മൂന്നു മുന്നണികളിലും ഉണ്ടാക്കാവുന്ന തുടര്‍ചലനങ്ങള്‍ എന്തൊക്കെയാണ്.
എല്‍ഡിഎഫ് വിജയിച്ചാല്‍
നേരിയ ഭൂരിപക്ഷത്തിനെങ്കിലും എല്‍ഡിഎഫ് വിജയിച്ചാല്‍ അത് പിണറായി വിജയന്റെയും സര്‍ക്കാരിന്റെയും നയങ്ങള്‍ക്കും പ്രവര്‍ത്തന ശൈലിക്കുമുള്ള അംഗീകാരമായി വാഴ്ത്തപ്പെടും.
ഇത് മന്ത്രിസഭയുടെ ഘടനയിലോ മന്ത്രിമാരുടെ പ്രവര്‍ത്തന ശൈലിയിലോ ഒരു മാറ്റവും ആവശ്യമില്ലെന്ന നിഗമനത്തിലെത്തിക്കും. ഈ മന്ത്രിസഭ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളെ സത്യസന്ധമായി അഭിമുഖീകരിക്കാതെ, എല്ലാ പാളിച്ചകളെയും ന്യായീകരിക്കാനുള്ള മാന്ത്രികവടിയാവും ഉപതെരഞ്ഞെടുപ്പ് ഫലം. അത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ തിരിച്ചടികള്‍ക്ക് കാരണമാകും.
advertisement
അതേസമയം ചെങ്ങന്നൂര്‍ വിജയത്തെ സിപിഐ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ക്കുള്ള അംഗീകാരമായി ഉയര്‍ത്തിക്കാട്ടും. കെഎം മാണിയില്ലാതെ തന്നെ എല്‍ഡിഎഫിന് വിജയിക്കാന്‍ കഴിയുമെന്നും, അഴിമതി വിരുദ്ധ പ്രതിച്ഛായ കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞത് അതുകൊണ്ടാണെന്നും സിപിഐ വാദിക്കും.
എല്‍ഡിഎഫ് പരാജയപ്പെട്ടാല്‍
ഇടതുമുന്നണി പരാജയപ്പെട്ടാല്‍ തിരുത്തലുകള്‍ ആവശ്യമാണെന്ന് അംഗീകരിക്കേണ്ടി വരും. മുഖ്യമന്ത്രിയെയോ അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയോ മാറ്റാന്‍ കഴിയില്ലെന്നിരിക്കെ മന്ത്രിസഭാ പുനഃസംഘടന അനിവാര്യമാകും. ഈ ടീമിനെ മാറ്റാതെ മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന നിഗമനത്തിലെത്തും. പ്രവര്‍ത്തനമികവ് കാണിക്കാത്ത മന്ത്രിമാരെ മാറ്റി ജനകീയരായ ആളുകളെ ഉള്‍പ്പെടുത്താന്‍ സിപിഎം നിര്‍ബന്ധിതമാവും. മന്ത്രിമാരെ മാറ്റാനുള്ള സമ്മര്‍ദ്ദത്തെ സിപിഐ പരമാവധി ചെറുക്കും. അവസാനം ഒന്നോ രണ്ടോ പേരെ മാറ്റി വഴങ്ങിക്കൊടുക്കും
മുന്നണിക്കുള്ളില്‍ അന്തച്ഛിദ്രം ശക്തമാകും. ലഭിക്കാമായിരുന്ന കേരളാ കോണ്‍ഗ്രസ് വോട്ടുകള്‍ നഷ്ടപ്പെടുത്തിയ സിപിഐ ആണ് തോല്‍വി വിളിച്ചു വരുത്തിയതെന്ന് സിപിഎം ആരോപിക്കും. ആര്‍എസ്എസ് വോട്ടുകള്‍ സ്വീകരിക്കുമെന്ന കാനത്തിന്റെ നിലപാടും വിമര്‍ശിക്കപ്പെടും. മുന്നണിയില്‍ സിപിഐ ഒറ്റപ്പെടും.
വിമര്‍ശിക്കാന്‍ മുന്നണിക്കുള്ളില്‍ ആരും ധൈര്യം കാണിക്കില്ലെങ്കിലും പിണറായി വിജയന്‍ നേരിയ തോതിലെങ്കിലും ക്ഷീണിതനാവും.
യുഡിഎഫ് വിജയിച്ചാല്‍
ക്രെഡിറ്റ് സ്വന്തമാക്കാനുള്ള മത്സരമാകും യുഡിഎഫില്‍ നടക്കുക. കെഎം മാണി സ്വാഭാവികമായും രംഗത്തു വരും. പരസ്യമായ അവകാശവാദം നടത്തിയില്ലെങ്കിലും തങ്ങളുടെ രാഷ്ട്രീയ നീക്കങ്ങളുടെ വിജയമാണ് ഫലമെന്ന് ലീഗും വിലയിരുത്തും. കെപിസിസി പ്രസിഡന്റായി തുടരാനുള്ള തന്റെ അവകാശവാദം എംഎം ഹസന്‍ സജീവമായി ഉന്നയിക്കും. കേരളത്തില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണമാറ്റം സുനിശ്ചിതമാണെന്ന വിശ്വാസത്തോടെ ഇപ്പോഴെ മേല്‍ക്കൈ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കും.
യുഡിഎഫിലെ ശാക്തിക ചേരികളില്‍ കാര്യമായ മാറ്റം ഉണ്ടാവും. ഉമ്മന്‍ ചാണ്ടി-കുഞ്ഞാലിക്കുട്ടി-കെ എം മാണി അച്ചുതണ്ട് വീണ്ടും ശക്തി പ്രാപിക്കും. ഉമ്മന്‍ ചാണ്ടിക്ക് ഡല്‍ഹിയിലുള്ള സ്വാധീനം ഈ അച്ചുതണ്ടിന് കരുത്തു പകരും.
യുഡിഎഫ് പരാജയപ്പെട്ടാല്‍
യുഡിഎഫ് പരാജയപ്പെട്ടാല്‍ അതിന്റെ പ്രധാന ഉത്തരവാദിത്വം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഏറ്റെടുക്കേണ്ടി വരും. എല്ലാ അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും വിജയിക്കാന്‍ കഴിയാതിരുന്നത് പ്രതിപക്ഷ നേതൃത്വത്തോട് ജനങ്ങള്‍ക്ക് മതിപ്പില്ലാത്തത് കൊണ്ടാണെന്ന വാദമുയരും. പ്രതിപക്ഷ നേതാവിനെ മോശക്കാരനെന്നു വരുത്തി തീര്‍ക്കാനായി മറുപക്ഷം ബോധപൂര്‍വ്വം സ്വന്തം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയതാണെന്ന വാദമുയര്‍ത്തി ചെന്നിത്തല പക്ഷം ഇതിനെ പ്രതിരോധിക്കും. എന്തായാലും കേരളത്തിലെ കോണ്‍ഗ്രസില്‍ കുറെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പരസ്യമായ വെടിനിര്‍ത്തല്‍ അവസാനിക്കും. രണ്ടു പാര്‍ട്ടികളുടെ കോണ്‍ഫഡറേഷനായി കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ച കരുണാകരന്‍-ആന്റണി കാലഘട്ടത്തിലേക്ക് തിരിച്ചു പോകാനുള്ള സാധ്യത ദൃശ്യമാകും. ഇതൊഴിവാക്കാന്‍ രാഹുല്‍ ഗാന്ധി ഇടപെടേണ്ടി വരും.
ബിജെപി വിജയിച്ചാല്‍
വോട്ടിംഗ് ശതമാനം ഉയര്‍ന്നതാണ് ബിജെപിക്ക് അനുകൂലമായി ചെങ്ങന്നൂര്‍ ചിന്തിക്കുമോയെന്ന സംശയം ബലപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളില്‍ നടന്ന രാഷ്ട്രീയ മാറ്റങ്ങളും ബിജെപി സ്ഥാനാര്‍ഥിക്ക് തുണയായിട്ടുണ്ട്. ഇടതു മുന്നണിയുടെയും സ്ഥാനാര്‍ഥിയുടെയും സാമുദായികമായ നിലപാടുകളും പരാമര്‍ശങ്ങളുമൊക്കെ ബിജെപിയിലേക്ക് വോട്ടൊഴുക്ക് ഉണ്ടാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അട്ടിമറി വിജയമുണ്ടായാല്‍ അതിന്റെ ക്രെഡിറ്റ് സ്വാഭാവികമായും കുമ്മനം രാജശേഖരന് ലഭിക്കും.
അതേസമയം കഴിഞ്ഞ തവണത്തെക്കാള്‍ വോട്ട് കുറഞ്ഞാല്‍ വി മുരളീധരനെതിരെ കൃഷ്ണദാസ് പക്ഷം അട്ടിമറി ആരോപണങ്ങളുമായി രംഗത്തു വരും. ഇപ്പോഴത്തെ സംസ്ഥാന നേതൃത്വത്തിന് ആളും അര്‍ത്ഥവും നല്‍കുന്നതില്‍ പ്രയോജനമില്ലെന്ന് കേന്ദ്ര നേതൃത്വം വിധിയെഴുതും.
മറുഭാഗത്ത് കുമ്മനം രാജശേഖരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹെ തുടങ്ങി പാര്‍ട്ടിക്ക് പുറത്തു നിന്നുള്ള ആളുകള്‍ക്ക് പദവികള്‍ നല്‍കിയ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പരമ്പരാഗത ബിജെപി പ്രവര്‍ത്തകരുടെ മനോവീര്യം തളര്‍ത്തിയെന്ന വാദവും ഉയര്‍ന്നു വരും.
അങ്ങനെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ കേരള രാഷ്ട്രീയത്തെ സജീവമാക്കി നിലനിര്‍ത്താനുതകുന്ന തുടര്‍ചലനങ്ങളാകും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സൃഷ്ടിക്കുക.