പൊലീസിലെ ഗുണ്ടായിസവും രാഷ്ട്രീയ കൊലപാതകങ്ങളും എണ്ണിയെണ്ണി പറഞ്ഞാണ് ചെങ്ങന്നൂരിൽ യുഡിഎഫും ബിജെപിയും വോട്ട് തേടിയത്. ശ്രീജിത്ത് കസ്റ്റഡി കൊലപാതകമാണ് സർക്കാരിനെ ഏറ്റവുമധികം പ്രതിക്കൂട്ടിലാക്കിയത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഏറെ ചർച്ചയായ വിഷയമായിരുന്നു ഇത്. വീടാക്രമണ കേസിൽ ആളുമാറി അറസ്റ്റിലായ ശ്രീജിത്ത് എന്ന ചെറുപ്പക്കാരൻ കസ്റ്റഡിയിൽ കൊല്ലപ്പെട്ടപ്പോൾ പൊലീസിന്‍റെ അഴിഞ്ഞാട്ടത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നു. എന്നാൽ പൊലീസിനെ ന്യായീകരിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. ശ്രീജിത്തിന്‍റെ വീട് സന്ദർശിക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയും വിമർശിക്കപ്പെട്ടു.
തെരഞ്ഞെടുപ്പ് ദിവസം ചെങ്ങന്നൂരിൽ ഏറെ ചർച്ചയായ ഒന്നാണ് കെവിൻ കൊലക്കേസ്. കെവിനെ അക്രമിസംഘം തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും അത് അന്വേഷിക്കാൻ തയ്യാറായില്ല. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കണമെന്ന കാരണം പറഞ്ഞു കെവിന്‍റെ ഭാര്യ നീനുവിനെ ഗാന്ധിനഗർ എസ് ഐ മടക്കി അയച്ചു. എന്നാൽ തനിക്ക് സുരക്ഷ ഒരുക്കുന്നത് എസ്ഐമാരല്ലെന്നും, പ്രത്യേക ടീം ആണെന്നും പറഞ്ഞ് ആ വിവാദത്തെ ചെറുക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പാഴായി. കോട്ടയത്തെ പരിപാടിയിൽ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാൻ ഗാന്ധിനഗർ എസ്ഐയും ഉണ്ടെന്ന് വ്യക്തമായി. ഇതോടെ നിലപാട് മാറ്റിയ മുഖ്യമന്ത്രി കൃത്യവിലോപം നടത്തിയ എസ്ഐയെ പഴിചാരി തലയൂരാൻ ശ്രമിച്ചു.
advertisement
സർക്കാർ അധികാരത്തിലേറ്റ ശേഷം കണ്ണൂരിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളും സർക്കാരിനെതിരെ എതിരാളികൾ ആയുധമാക്കി. ഇതിൽ ഏറ്റവുമധികം ചർച്ചയായത് ഷുഹൈബ് വധമായിരുന്നു. കോടതിയിൽനിന്ന് വരെ സർക്കാരിന് തിരിച്ചടി നേരിടേണ്ടിവന്ന കേസാണിത്. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കൾ സിപിഎമ്മിനെ വിമർശിക്കാൻ കൊലപാതക രാഷ്ട്രീയം ഉയർത്തിക്കാട്ടി. ഓഖി ദുരന്തവും വിലക്കയറ്റവുമാണ് സർക്കാരിനെ പ്രതിരോധത്തിലാക്കിയ മറ്റ് സംഭവങ്ങൾ. ഓഖി ദുരന്തം സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നതിൽ സർക്കാർ വരുത്തിയ വീഴ്ചയാണ് ഏറെ വിമർശനവിധേയമായത്. കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ കൂടുതൽ മൽസ്യത്തൊഴിലാളികൾ അപകടത്തിൽപ്പെടില്ലായിരുന്നു. ദുരന്തബാധിതർക്ക് യഥാസമയം ദുരിതാശ്വാസ സഹായം എത്തിക്കുന്നതിലും സർക്കാർ വീഴ്ച വരുത്തി. ആദിവാസി യുവാവ് മധു ആൾക്കൂട്ടത്തിന്‍റെ മർദ്ദനമേറ്റ് മരിച്ചതും വിലക്കയറ്റവുമൊക്കെ സർക്കാരിനെതിരെ ചെങ്ങന്നൂരിൽ വലിയ ചർച്ചയായിരുന്നു.
സർക്കാരിനെതിരായ വിമർശനങ്ങൾ മിക്കതും മാധ്യമസൃഷ്ടിയെന്ന് വരുത്താനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശ്രമം. കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പത്രസമ്മേളനത്തിലും പൊതുയോഗങ്ങളിലും ഇക്കാര്യം എടുത്തുകാട്ടി, മാധ്യമങ്ങൾക്കെതിരെ കയർത്തുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചെങ്ങന്നൂർ ജയം എടുത്തുകാട്ടി, സർക്കാർ വിരുദ്ധ വികാരമെന്ന വിമർശനത്തിന് മറുപടി പറയാനുള്ള ഊർജ്ജം മുഖ്യമന്ത്രിക്ക് ലഭിച്ചുകഴിഞ്ഞു. ആഭ്യന്തരവകുപ്പിന്‍റെ വീഴ്ചകളെ കുറച്ചുകാലത്തേക്കെങ്കിലും ചെങ്ങന്നൂർ ഉപയോഗിച്ച് പിണറായിക്ക് പ്രതിരോധിക്കാം. ഒരുപക്ഷേ ചെങ്ങന്നൂർ തോറ്റിരുന്നെങ്കിൽ എതിരാളികളിൽനിന്ന് മാത്രമായിരിക്കില്ല, സ്വന്തം പാർട്ടിക്കാരിൽനിന്നും മുന്നണിക്കകത്തുനിന്നും സമാനതകളില്ലാത്ത ആക്രമണം നേരിടേണ്ടിവരുമായിരുന്നു. അതുകൊണ്ടുതന്നെ ചെങ്ങന്നൂരിലെ ഉജ്ജ്വല വിജയം ഏറ്റവുമധികം ആത്മവിശ്വാസം നൽകുന്നത് പിണറായി വിജയനാണെന്ന കാര്യത്തിൽ സംശയമില്ല.
