ചെങ്ങന്നൂരില്‍ ഇടത് അംഗം സജി ചെറിയാന്‍ എം എല്‍ എ ആയി വിജയിച്ച് മൂന്ന് ആഴ്ച തികയുന്നതിന് മുമ്പാണ് സംഭവം. യു ഡി എഫ് ഭരിക്കുന്ന നഗരസഭയില്‍ എന്‍ ഡി എ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗത്തിന്റെ ഗീത കുശനാണ് പട്ടികജാതി സംവരണ വാര്‍ഡായ ഇവിടുത്തെ കൌണ്‍സിലര്‍. കോടികണക്കിന് രൂപയുടെ വന്‍ വികസനം കൊണ്ടുവരുമെന്ന് പറഞ്ഞ് മുന്നണികള്‍ വോട്ടുതേടിയ ചെങ്ങന്നൂരിന് നാണക്കേടായിരിക്കുകയാണ് ഈ സംഭവം. തെരഞ്ഞെടുപ്പ് കാലത്ത് ചെങ്ങന്നൂരിന് ലഭിച്ച മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ ഈ സംഭവത്തിന് ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
advertisement
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടിയമ്മയും മരുമകള്‍ രാജമ്മയും ചെറുമകളും താമസിക്കുന്ന വീടും കിണറും കക്കൂസുമടങ്ങുന്ന ഭൂമി അരസെന്റിലൊതുങ്ങുന്നതാണ്. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് കുട്ടിയമ്മയുടെ മൂത്തമകന്‍ ശശി ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചപ്പോള്‍ സംസ്‌കരിക്കാന്‍ പൊതു ശ്മശാനമോ, സ്വന്തമായി സ്ഥലമോ ഇല്ലാതിരുന്നതിനാല്‍ വീടിനു മുന്നിലുള്ള നഗരസഭാ റോഡായ ശാസ്താംപുറം റോഡില്‍ ഇരുമ്പു പെട്ടിയില്‍ ഉള്ള ചിതയില്‍ ദഹിപ്പിക്കുകയായിരുന്നു.
ചെങ്ങന്നൂര്‍ നഗരസഭ നിലവില്‍ വന്നിട്ട് നാല്‍പ്പത് വര്‍ഷം കഴിഞ്ഞിട്ടും ഒരു പൊതുശ്മശാനം ഇല്ലാത്തതിന്റെ ദുര്യോഗമാണിത്. നഗരസഭയില്‍ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ നടത്തി സംസ്‌കരിക്കുന്നതിന് ഒരു ശ്മശാനം എന്നത് ദീര്‍ഘനാളായുള്ള ആവശ്യമാണ്. സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ മൃതദേഹം വീടിന്റെ അടുക്കള പൊളിച്ച് അടക്കേണ്ട സ്ഥിതി നഗരസഭയില്‍ ഉണ്ടായിട്ടുണ്ട്.
നഗരസഭയുടെ വാര്‍ഷിക ബഡ്ജറ്റുകളില്‍ പതിറ്റാണ്ടുകളായി പൊതുശ്മശാനത്തിന് തുക നീക്കി വെക്കുന്നുണ്ട് എന്ന് അവകാശപ്പെടുന്നുവെങ്കിലും വാഗ്ദാനം കടലാസില്‍ ഒതുങ്ങുകയാണ് പതിവ്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്മശാനത്തിന് ഭൂമി കണ്ടെത്താന്‍ നഗരസഭ സബ് കമ്മറ്റി രൂപീകരിച്ചുവെങ്കിലും ഒരു തവണ പോലും കമ്മറ്റി യോഗം ചേര്‍ന്നിട്ടില്ല. ആവശ്യമായ സര്‍ക്കാര്‍ ഫണ്ട് ലഭിക്കുമെങ്കിലും സ്ഥലം കണ്ടെത്താന്‍ നഗരസഭ തയ്യാറാകുന്നില്ല.
കേരളത്തില്‍ പല സ്ഥലങ്ങളിലും പൊതു ശ്മശാനമില്ലാത്തതിനാല്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന കുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ സംസ്‌കരിക്കേണ്ടിവരുന്നുണ്ട്.