വി ജെ റ്റി ഹാൾ മഹാത്മാ അയ്യങ്കാളി ഹാളായി മാറ്റാനുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തികച്ചും ഉചിതമായി. വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായിട്ടാണ് 1896 ൽ വികിടോറിയ ജൂബിലി ടൌൺ ഹാൾ നിർമ്മിച്ചത്. കൊളോണിയൽ കാലഘട്ടത്തിന്റെ അവശിഷ്ടമെന്ന പോലെ വി ജെ റ്റി ഹാൾ എന്ന പേർ സ്വാതന്ത്ര്യാനന്തരം ഇത്രനാൾ നിലനിർത്തിയത് ദൌർഭാഗ്യകരമായിരുന്നു. ആ തെറ്റ് തിരുത്തിയതിൽ മാത്രമല്ല ഇതേ ഹാളിൽ ചേർന്നിരുന്ന ശ്രീമൂലം പ്രജാസഭയിൽ, സഭാംഗമെന്ന നിലയിൽ പ്രാന്തവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കായി ഉജ്വലമായ പോരാട്ടം നടത്തിയ മഹാത്മാ അയ്യങ്കാളിയുടെ പേരിൽ ഇനി വിജെടി ഹാൾ അറിയപ്പെടുമെന്നതിൽ നമുക്കഭിമാനിക്കാം.
advertisement
1965 ൽ മെഡിക്കൽ കോളേജിൽ ചേർന്ന അവസരം മുതൽ നിരവധി പ്രമുഖരുടെ പ്രസംഗം കേൾക്കാൻ വി ജെ റ്റി ഹാളിൽ ഞാൻ എത്തിയിട്ടുണ്ട്. ഇന്നത്തെ പ്രസ് ക്ലബിന് തൊട്ടടുത്തുണ്ടായിരുന്ന കോ ഓപ്പറേറ്റീവ് ഹോം ലോഡ്ജിലാണ് എം ബി ബി എസ് പഠനകാലത്ത് ഞാൻ താമസിച്ചിരുന്നത്. കോളേജിൽ നിന്നും തിരികെ എത്തിക്കഴിഞ്ഞാൽ വി ജെ റ്റിയിൽ വന്ന് വിശിഷ്ട വ്യക്തികളുടെ പ്രസംഗം കേൾക്കുക പതിവായിരുന്നു.
വി ജെ റ്റി ഹാളിൽ ആദ്യമായി ഞാൻ കേട്ട പ്രഭാഷണം സഖാവ് ഇ എം എസ് നമ്പൂതിരിപ്പടിന്റേതായിരുന്നു. അക്കാലത്ത് യുവാക്കളുടെ ഹരമായിരുന്ന കെ ബാലകൃഷ്ണന്റെ തീപ്പൊരി പ്രസംഗങ്ങളാണ് ഞാൻ ആവേശപൂർവ്വം. കൂടുതൽ കേട്ടിട്ടുള്ളത്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി 1967 ൽ തിരുവനന്തപുരത്തെത്തിയ എൻ വി കൃഷ്ണവാര്യരുടെ വിജ്ഞാനപ്രദംങ്ങളായ പ്രഭാഷണങ്ങൾ കേൾക്കാൻ വരുമ്പോൾ വിവരങ്ങൾ കുറിച്ചെടുക്കാനുള്ള നോട്ട് ബുക്കും ഞാൻ കരുതിയിരുന്നു. സി അച്യുതമേനോന്റെ സൌമ്യ സംസാരവും ഒ എൻ വി കുറുപ്പ് സാറിന്റെ മധുര ഭാഷണവും കേൾക്കാൻ അവസരം കിട്ടിയിരുന്നു. ഒരിക്കൽ ജി ശങ്കരക്കുറുപ്പിന്റെ കവിത തുളുമ്പുന്ന വാക്കുകൾ കേൾക്കാൻ കഴിഞ്ഞതും ഓർമ്മവരുന്നു. ഹാളിനെ കിടിലം കൊള്ളീച്ച് കൊണ്ട് ഒരിക്കൽ കടമ്മനിട്ട കുറത്തി ചൊൽക്കാഴ് ചയായി അവതരിപ്പിച്ചത് അവിസ്മരണീയമായ അനുഭവമായിരുന്നു.
മികച്ച പ്രഭാഷണങ്ങൾ കേൾക്കുന്ന ദിവസങ്ങളിൽ കൈയ്യിൽ പൈസയുണ്ടെങ്കിൽ വി ജെ റ്റി ഹാളിന്റെ തൊട്ട് എതിരെ കേരള സർവ്വകലാശാല ലൈബ്രറി വളപ്പിലുള്ള കാന്റീനിൽ നിന്നും രുചികരമായ പൂരി കഴിച്ചാഘോഷിക്കുന്ന പതിവുമുണ്ടായിരുന്നു. നിർഭാഗ്യവശാൽ ഞാൻ വൈസ് ചാൻസലറായിരുന്ന കാലത്താണ് ലൈബ്രറിക്ക് അനുബന്ധ കെട്ടിടവും പുസ്തകശാലയും നിർമ്മിക്കാൻ കാന്റിൻ കെട്ടിടം പൊളിച്ച് മാറ്റിയത്.
അന്നൊക്കെ പ്രസംഗം കേൾക്കാൻ ഇഷ്ടമുണ്ടായിരുന്നെങ്കിലും കടുത്ത സഭാകമ്പം മൂലം പ്രസംഗിക്കാൻ ഭയമായിരുന്നു. പിന്നീട് ശാസ്ത്രസാഹിത്യ പരിഷ്ത്ത് പ്രവർത്തനത്തിന്റെ ഭാഗമായി പ്രസംഗം നടത്താൻ നിർബന്ധിതനായതിനെ തുടർന്ന് ചില യോഗങ്ങളിൽ പങ്കെടുത്ത് കൊണ്ട് ചില്ലറ പ്രസംഗങ്ങൾ വി ജെ റ്റിയിൽ നടത്താൻ അവസരവും കിട്ടിയിട്ടുണ്ട്. അങ്ങിനെ എല്ലാം കൊണ്ടും എന്റെ ജീവിതത്തിന്റെ ഭാഗമായ വി ജെ റ്റി ഹാൾ മഹാത്മാ അയ്യങ്കാളിയുടെ പേരിൽ അറിയപ്പെടാൻ പോകുന്നതിൽ അതീവ സന്തോഷമുണ്ട്."
(അഭിപ്രായങ്ങൾ വ്യക്തിപരം)