പോക്‌സോ നിയമപ്രകാരം കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്‌പെഷ്യല്‍ ജുവനൈല്‍ പൊലീസിനും ലോക്കല്‍ പൊലീസിനുമാണ് വിവരം കൈമാറേണ്ടതെന്ന വാദം ഉയര്‍ത്തിപ്പിടിച്ചാണ് പൊലീസ് തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതേ നിയമത്തിലെ സെക്ഷന്‍ 19(7) പ്രകാരം വിവരങ്ങള്‍ കൈമാറുന്ന വ്യക്തിക്ക് ഉറപ്പ് നല്‍കേണ്ട സംരക്ഷണം ഇക്കാര്യത്തില്‍ സതീഷിന് പൊലീസ് നല്‍കിയതുമില്ല.
ഇക്കഴിഞ്ഞ ഏപ്രില്‍ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഹന്‍ലാല്‍ എന്ന സിനിമയുടെ ഫസ്റ്റ്‌ഷോയ്ക്കാണ് അമ്മയും മകളും കേസില്‍ പ്രതിയായ മൊയ്തീന്‍ കുട്ടിയും തിയേറ്ററിലെത്തിയത്. ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുന്നത് സിസിടി്‌വിയിലൂടെ ശ്രദ്ധയില്‍പെട്ട തിയേറ്റര്‍ ജീവനക്കാര്‍ ഇത് ഉടമയായ സതീശന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. രാത്രിയായതിനാല്‍ അവരെത്തിയ കാറിന്റെ നമ്പര്‍ സിസിടിവി ദൃശ്യങ്ങളിലൂടെ തന്നെ കണ്ടെത്തി കുറിച്ചു വന്നു.അടുത്ത ദിവസം ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ചപ്പോള്‍് ക്രൂരമായ പീഡനമാണ് നടന്നതെന്ന് ബോധ്യമായതോടെയാണ് തുടര്‍ നടപടികളെന്ത് വേണമെന്ന ചിന്ത ഉണ്ടായതെന്നും തിയേറ്റര്‍ ഉടമ സതീശന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. പലആളുകളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് വിശദാംശങ്ങള്‍ പുറത്തു പോകാതെ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ചൈന്‍ഡ് ലൈനെ സമീപിക്കാമെന്ന അഭിപ്രായം ഉയര്‍ന്നത്.
advertisement
അടുത്തദിവസം തന്നെ ചൈല്‍ഡ്‌ലൈന്‍ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ വേറെ കേസുകളുടെ തിരക്കിലായതിനാല്‍ രണ്ട് ദിവസം കഴിഞ്ഞാണ് ഇവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത്.മെയ് 25 ന് തിയേറ്റിലെത്തിയ ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ സിസിറ്റിവി ദൃശ്യങ്ങള്‍ കാണുകയായിരുന്നു.തുടര്‍ന്ന് ദൃശ്യങ്ങള്‍ ഇവര്‍ക്ക് കൈമാറുകയും ഹാര്‍ഡ് ഡിസ്‌കിലെ ദൃശ്യങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. വേറെ ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്നുമില്ല.എന്നും സതീശ് വ്യക്തമാക്കിയിരുന്നു.
കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രാലയത്തിന് കീഴിലായി വരുന്ന സ്വതന്ത്ര്യ ശിശുസംരക്ഷണ ഏജന്‍സിയാണ് ചൈല്‍ഡ് ലൈന്‍. ഇവരുടെ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ കേരള പൊലീസ് തന്നെയാണ് സംസ്ഥാനത്തുടനീളം പ്രചരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അതിക്രമം ശ്രദ്ധയില്‍പെട്ട് തിയേറ്റര്‍ ഉടമ പരാതിയുമായി ചൈല്‍ഡ് ലെനിലെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ചങ്ങരംകുളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി രണ്ടാഴ്ചയോളം പിന്നിട്ടിട്ടും യാതൊരു അന്വേഷണവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ദൃശ്യമാധ്യമം വഴി സംഭവം പുറത്തു വിട്ടത്. ഇത് വാര്‍ത്താ പ്രാധാന്യം നേടിയതോടെയാണ് കേസില്‍ അന്വേഷണം ആരംഭിക്കുന്നതും പൊലീസുകാര്‍ക്കെതിരെ അടക്കം നടപടിയുണ്ടാകുന്നതും.ചങ്ങരമംഗലം എസ്‌ഐ കെ ജി ബേബി, സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ എന്നിവരെ കേസന്വേഷണത്തില്‍ അനാസ്ഥ വരുത്തിയെന്നാരോപിച്ച് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ എസ്‌ഐക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ പൊലീസ് പറയുന്നത് പോലെ നിയമപ്രകാരമാണ് കാര്യങ്ങള്‍ നടക്കേണ്ടതെങ്കില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാതിരുന്ന ചങ്ങരമംഗലം പൊലീസും പോക്‌സോ നിയമം ചാപ്റ്റര്‍ അഞ്ച് 19(2) പ്രകാരം കുറ്റക്കാരാണ്.പൊലീസ് കേസെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മറ്റ് മാര്‍ഗമില്ലാത്തതിനാലാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. അങ്ങനെ വന്നാല്‍ പൊലീസിന്റെ ന്യായം അനുസരിച്ച് തിയേറ്റര്‍ ഉടമയെപ്പോലെ തന്നെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ദൃശ്യങ്ങള്‍ പുറത്തു വിട്ട മാധ്യമപ്രവര്‍ത്തകരും എല്ലാം കുറ്റക്കാരുടെ പട്ടികയില്‍ വരും. സതീശന്‍ തിയേറ്ററിന്റെ ഉടമ മാത്രമാണ്. തന്റെ സ്ഥാപനത്തില്‍ നടന്ന അക്രമം അയാള്‍ നിയമപരമായി തന്നെ പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ചു എന്നൊരു കുറ്റം മാത്രമെ നിലവില്‍ അയാള്‍ക്ക് മേല്‍ ചുമത്താനാകു.
അതുപോലെ തന്നെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് പൊലീസ് തന്നെ പ്രചരിപ്പിച്ച ചൈല്‍ഡ് ലൈനിന്റെ പ്രസക്തിയും ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. ചൈല്‍ഡ് ലൈന്‍ ടോള്‍ഫ്രീ നമ്പറായ 1098 എന്ന നമ്പറാണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതി രേഖപ്പെടുത്തുന്നതിനായി ദേശീയതലത്തില്‍ സര്‍ക്കാരും പ്രചരിപ്പിക്കുന്നത്. ഇവിടെ ലഭിക്കുന്ന പരാതികള്‍ പൊലീസിന് കൈമാറുകയും തുടര്‍ന്ന് നടപടികള്‍ ഉണ്ടാവുകയുമാണ് പതിവ്.
എന്നാല്‍ എടപ്പാള്‍ സംഭവത്തിലെത്തിയപ്പോള്‍ സൗകര്യപൂര്‍വ്വം നിയമങ്ങള്‍ വളച്ചൊടിച്ച് ചൈല്‍ഡ് ലൈന്റെ സാധുത തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നീക്കമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. പൊലീസിനെതിരെ ശക്തമായ പ്രതിഷേധം ഉയരാനിടയാക്കിയ സംഭവം പുറത്തു വിട്ടതിന്റെ വൈരാഗ്യത്തില്‍ നടത്തിയ പ്രതികാര നടപടി മാത്രമാണ് തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് എന്ന വിമര്‍ശനം ശരി വയ്ക്കുന്ന തരത്തിലാണ് നിയമവിദഗ്ധരുടെയും വിലയിരുത്തലുകള്‍ എത്തുന്നത്.