യൂണിറ്റ് നേതൃത്വത്തിന്റെ ഗുണ്ടായിസത്തിനെതിരെ പ്രതികരിക്കുമ്പോഴും യൂണി. കോളജിലെ വിദ്യാർത്ഥികൾ പ്രകടിപ്പിക്കുന്ന രാഷ്ട്രീയ ജാഗ്രതയും എസ്എഫ്ഐ എന്ന പ്രസ്ഥാനത്തോട് അവർ പുലർത്തുന്ന ആത്മബന്ധവും ശ്ലാഘനീയമാണ്. ക്രിമിനലുകളുടെ പിടിയിൽ നിന്ന് കോളജിനേയും അവിടത്തെ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തേയും മോചിപ്പിക്കുവാനുള്ള അവസരമായി ഇന്നലത്തെ സംഭവം മാറും എന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കുറിക്കുന്നു.
advertisement
കുറിപ്പിന്റെ പൂർണ രൂപം
എസ്.എഫ്.ഐ. എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ സ്നേഹിക്കുവരിൽ അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം യൂനി. കോളേജിൽ ഉണ്ടായത്. കേവലം ഒരു കോളേജിനകത്തെ പ്രശ്നമായോ കുട്ടികൾക്കിടയിലെ സ്വാഭാവികമായ തർക്കമായോ ഇതിനെ ചുരുക്കി കാണാനാവില്ല. നിലവിലെ എസ്.എഫ്.ഐ.സംസ്ഥാന നേതൃത്വത്തിന് ഇതിന്റെ ധാർമ്മിക ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ല.
ഞാൻ മനസ്സിലാക്കുന്നത് എസ്.എഫ്.ഐ.യുടെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്ക് ഒരുവക നിയന്ത്രണവുമില്ലാത്ത ഒരു അരാഷ്ട്രീയ ക്രിമിനൽ സംഘം "യൂണിറ്റ് കമ്മിറ്റി" എന്ന പേരിൽ കോളേജിലെ എസ്.എഫ്.ഐ.നേതൃത്വത്തിൽ കടന്നുപറ്റിയിരിക്കുന്നു എന്നാണ്. കോളേജിലെ വിദ്യാർത്ഥി സമൂഹത്തിനുള്ള പുരോഗമനാഭിമുഖ്യത്തിന്റെ ചിലവിൽ ഇവർക്കു വിലസാൻ കഴിയുന്നു. സത്യാനന്തര കാലത്തിന്റെ സംഭാവനയായ ഒരു ഫേക്ക് നേതൃത്വം ഒരു ജനാധിപത്യ വിദ്യാർത്ഥി പ്രസ്ഥാനത്തിനകത്ത് കയറിപ്പറ്റിയെങ്കിൽ അത് ഗുരുതരമായ പരിശോധന അർഹിക്കുന്ന വിഷയമാണ്. ഏതു ശക്തിയാണ് ഈ വ്യാജനേതൃത്വത്തിന്റെ പിൻബലമെന്നതും അന്വേഷിക്കണം.
"യൂണിറ്റ് നേതൃത്ത"ത്തിന്റെ ഗുണ്ടായിസത്തിനെതിരെ പ്രതികരിക്കുമ്പോഴും യൂണി. കോളേജിലെ വിദ്യാർത്ഥികൾ പ്രകടിപ്പിക്കുന്ന രാഷ്ട്രീയ ജാഗ്രതയും എസ്.എഫ്.ഐ. എന്ന പ്രസ്ഥാനത്തോട് അവർ പുലർത്തുന്ന ആത്മബന്ധവും ശ്ലാഘനീയമാണ്. പുഴുക്കുത്തുകളല്ല പൂക്കൾ എന്നു തിരിച്ചറിയാനുള്ള വിവേകം അവർക്കുണ്ട്. അധികാരത്തിന്റെ പിൻബലത്തോടെ മനുവാദി ഫാസിസ്റ്റ് ഭീകരത രാജ്യത്തെ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്ന കാലത്ത് ഒരു ജനാധിപത്യ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രസക്തി വളരെ വലുതാണ്. അർദ്ധസത്യങ്ങൾ പാചകം ചെയ്ത് കലാലയാന്തരീക്ഷത്തെ അരാഷ്ട്രീയവൽക്കരിച്ച് വിവിധ മത തീവ്ര സംഘങ്ങൾക്ക് എറിഞ്ഞു കൊടുക്കാൻ മൂലധന മാധ്യമങ്ങൾ കാത്തു നിൽക്കുന്നു. ക്രിമിനലുകളുടെ പിടിയിൽ നിന്ന് കോളേജിനേയും അവിടത്തെ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തേയും മോചിപ്പിക്കുവാനുള്ള അവസരമായി ഇന്നലത്തെ സംഭവം മാറും എന്നു പ്രതീക്ഷിക്കുന്നു.
(അഭിപ്രായങ്ങൾ വ്യക്തിപരം)