2018 ജനുവരിയില്‍ ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തോടെയാണ് ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്.1967ലും 70ലും പി.ജി പുരുഷോത്തമന്‍ പിള്ള ജയിച്ചതിന് ശേഷമാണ് 2016 ല്‍രാമചന്ദ്രന്‍ നായര്‍ ചെങ്ങന്നൂരിലെ സി.പി.എം പ്രതിനിധിയായി നിയമസഭയിലെത്തുന്നത്.
1991 മുതല്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി ജയിച്ചുവന്ന ചെങ്ങന്നൂര്‍ എന്ന ശക്തികേന്ദ്രത്തില്‍ 2016 ലാണ് സി.പി.എം വെന്നിക്കൊടി നാട്ടിയത്. 2016-ല്‍ 52880 വോട്ടു നേടിയ രാമചന്ദ്രന്‍ നായര്‍ പി.സി വിഷ്ണുനാഥിനെ 7983 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 30.85 (44897) ശതമാനം വോട്ടുകളുമായി രണ്ടാമതായ വിഷ്ണുനാഥിന് തൊട്ടുപിന്നിലായിരുന്നു അന്ന് പി.എസ് ശ്രീധരന്‍ പിള്ള. ബി.ജെ.പിക്ക് ലഭിച്ചത് 29.33 ശതമാനം (42692) വോട്ട്.
advertisement
1987ല്‍ ഇടതു സ്ഥാനാര്‍ഥി മാമന്‍ ഐപ്പ് നേടിയ 15703 ആയിരുന്നു ഇതിന് മുമ്പ് ചെങ്ങന്നൂരിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം.
സജി ചെറിയാൻ 67,303 (44.27% )
ഡി വിജയകുമാർ 46347 (30.49% )
പി എസ് ശ്രീധരൻപിള്ള 35270 (23.20% )
ഭൂരിപക്ഷം: 20956
1, കരുത്തുറ്റ സ്ഥാനാര്‍ഥി
മികച്ച സംഘാടകനായി അറിയപ്പെടുന്ന സജി ചെറിയാന്‍, ചെങ്ങന്നൂരില്‍ ഇടതു മുന്നണിയെ സംബന്ധിച്ചടുത്തോളം ഏറ്റവും ശക്തനായ സ്ഥാനാര്‍ഥിയായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം ജില്ലയില്‍ മത്സരിച്ച ഒന്‍പതില്‍ എട്ട് സ്ഥാനാര്‍ഥികളെയും നിയമസഭയിലേക്ക് അയയ്ക്കുന്നതിന് ചുക്കാന്‍ പിടിച്ച സി.പി.എം ജില്ലാ സെക്രട്ടറി. 12 വര്‍ഷം മുമ്പ് ചെങ്ങന്നൂരില്‍ തോല്‍വി നേരിട്ട ശേഷം ഇടതു സ്ഥാനാര്‍ഥിയായി മടങ്ങിയെത്തുമ്പോള്‍ ജയം മാത്രമായിരുന്നു സജി ചെറിയാന്റെ ലക്ഷ്യം. ജീവകാരുണ്യരംഗത്തെ സജീവമായ ഇടപെടലിലൂടെ പാര്‍ട്ടിക്കതീതമായി സൃഷ്ടിച്ച വ്യക്തിബന്ധങ്ങളുമാണ് ഇത്തവണ സജി ചെറിയനെ കരുത്തുറ്റ സ്ഥാനാര്‍ഥിയാക്കിയത്.
2, ക്രിസ്ത്യന്‍ ഏകീകരണം
എല്ലാ കാലത്തും കോണ്‍ഗ്രസിനൊപ്പം അടിയുറച്ചുനിന്നിട്ടുള്ളവരാണ് ചെങ്ങന്നൂരിലെ വലിയ വിഭാഗമായ ക്രൈസ്തവ സമൂഹം. ചെങ്ങന്നൂരിലെ വോട്ടര്‍മാരില്‍ 26 ശതമാനത്തോളം ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ, പെന്തക്കോസ്ത് വിഭാഗത്തില്‍പ്പെട്ടവരാണ്.മദ്യനയത്തിന്റെ പേരില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടിയ കത്തോലിക്ക സഭ വിശ്വാസികളും പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരും ചെങ്ങന്നൂരിലുണ്ട്. സി.എസ്.ഐ വിഭാഗത്തില്‍പ്പെട്ട സജി ചെറിയാന് വലിയൊരു ബന്ധുബലം ഓര്‍ത്തഡോക്‌സ് സഭയിലുണ്ട്. ആകെ പോള്‍ ചെയ്ത 1,51997 വോട്ടുകളില്‍ 67,303ഉം സ്വന്തം പേരിലാക്കാന്‍ സാധിച്ചതിന് പിന്നിലും ഈ ക്രൈസ്തവ ഏകീകരണത്തിന് നിര്‍ണായക പങ്കുണ്ട്.
കഴിഞ്ഞ തവണ കെ.കെ രാമചന്ദ്രന്‍ നായര്‍ നേടിയതിനേക്കാള്‍ 14,427 വോട്ട് ഭൂരിപക്ഷത്തില്‍ അധികം ചേര്‍ക്കാന്‍ കഴിഞ്ഞതും മറ്റൊന്നുംകൊണ്ടല്ല. കൂടുതല്‍ ക്രൈസ്തവ വോട്ടുകള്‍ ലഭിക്കാന്‍ മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ശോഭന ജോര്‍ജിന്റെ സാന്നിധ്യവും സജി ചെറിയാന് ഗുണം ചെയ്തിട്ടുണ്ട്.
3, എണ്ണയിട്ട യന്ത്രം പോലെ സി.പി.എം
പത്ത് പഞ്ചായത്തുകളിലും നഗരസഭയിലും മുന്‍തൂക്കം നേടി തിളക്കമാര്‍ന്ന വിജയമാണ് ചെങ്ങന്നൂരില്‍ സി.പി.എം കരസ്ഥമാക്കിയത്. ഈ തേരോട്ടത്തില്‍ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളായ പാണ്ടനാടും ചെങ്ങന്നൂര്‍ നഗരസഭയും ബിജെപി സ്വാധീനമേഖലയായ തിരുവന്‍വണ്ടൂരും കടപുഴകി. ഓരോ മേഖലകളും രണ്ടായി തിരിച്ച് ഓരോന്നിനും സംസ്ഥാന കമ്മിറ്റി അംഗത്തിന് ചുമതല നല്‍കിയായിരുന്നു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം.
ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഏരിയാ കമ്മിറ്റി അംഗങ്ങളുടെ നിയന്ത്രണത്തില്‍ വിപുലമായ സ്‌ക്വാഡുകള്‍ അഞ്ചിലേറെ തവണ ഓരോ വീടുകളും കയറിയിറങ്ങി വോട്ടുറപ്പാക്കി. സജി ചെറിയാന് മികച്ച പ്രതിച്ഛായ നല്‍കുന്നതിനും വിജയം ഉറപ്പാക്കുന്നതിനും ഈ പ്രവര്‍ത്തനം ഗുണം ചെയ്തു. എം.വിഗോവിന്ദന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള പ്രചരണത്തില്‍ സൈബര്‍ പോരാളികളും വിജയത്തില്‍ ഗണ്യമായ പങ്കുവഹിച്ചു.
4, സാമുദായികശക്തികളെ വരുതിയിലാക്കി സി.പി.എം
ഹിന്ദുത്വവിരുദ്ധ നിലപാടിലൂടെ ക്രിസ്ത്യന്‍-മുസ്ലീം വോട്ടുകള്‍ അനുകൂലമാക്കുന്ന തന്ത്രമാണ് സി.പി.എം സ്വീകരിച്ചത്. എന്നാല്‍ പരമ്പരാഗത വോട്ടുബാങ്കായ ഈഴവ-ദളിത് വോട്ടുകള്‍ ഒപ്പം നിര്‍ത്താനും സാധിച്ചു.
സംവരണ നിലപാടില്‍ ഉള്‍പ്പടെ അടുത്തകാലത്തായി എന്‍.എസ്.എസ് നേതൃത്വം സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി സ്വീകരിച്ച നിലപാടുകള്‍, ചെങ്ങന്നൂരിലെ 24 ശതമാനത്തോളം വരുന്ന നായര്‍ സമുദായത്തിലെ കുറച്ചുപേരിലെങ്കിലും സ്വാധീനം ചെലുത്തി. ഇതിനൊപ്പം സജി ചെറിയാന്റെ പഴയ സുഹൃത്ത് കൂടിയായ വെള്ളാപ്പള്ളി നടേശന്റെ നിലപാടും ഇടതുമുന്നണിക്ക് ഗുണകരമായി. ചുരുക്കത്തില്‍ എല്ലാ സമുദായശക്തികളുടെയും പിന്തുണ നേടുന്നതില്‍ സി.പി.എം വിജയിച്ചു.
5, ചന്ദനക്കുറി അണിഞ്ഞ യു.ഡി.എഫ് സ്ഥാനാര്‍ഥി
അയ്യപ്പ സേവാസംഘത്തിന്റെ അഖിലേന്ത്യാനേതാവായ വിജയകുമാര്‍ സംഘപരിവാര്‍ സഹയാത്രികനാണെന്നു സി.പി.എം ആരോപിച്ചു. ഒടുവില്‍ഇത് നിഷേധിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തന്നെ രംഗത്തിറങ്ങേണ്ടി വന്നു. ഈ പ്രചരണം യു.ഡി.എഫ് അണികളിലും ആശയകുഴപ്പമുണ്ടാക്കുകയും കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്തു.
27 വര്‍ഷത്തിനിടെ നടന്ന തെരഞ്ഞെടുപ്പുകളിലൊക്കെ വിജയകുമാര്‍ മുന്നണിയോട് മുഖംതിരിച്ചുനിന്നെന്ന ആരോപണവും ഇതിനൊപ്പം ശക്തമായിരുന്നു.
6, താമര വിരിയുമെന്ന പേടി
ശക്തമായ ത്രികോണ മത്സരമാണ് ചെങ്ങന്നൂരില്‍ നടക്കുന്നതെന്ന് ആവര്‍ത്തിച്ച് പറഞ്ഞത് സി.പി.എം നേതാക്കളാണ്. ഇതുവഴി ബി.ജെ.പിക്കും സാധ്യതയുണ്ടെന്ന പ്രതീതി സൃഷ്ടിച്ചു. ബി.ജെ.പി അണികളുടെ പലയിടത്തെയും ചെയ്തികള്‍ ഭീതി പരത്തുന്നതായിരുന്നു. ഉദാഹരണത്തിന് തിരുവന്‍വണ്ടൂര്‍ എന്ന ശക്തികേന്ദ്രത്തില്‍ ഇടത് സ്ഥാനാര്‍ഥിയുടെ പ്രചരണത്തിനായി വിട്ടുകൊടുത്ത മതില്‍ ഇടിച്ചുകളഞ്ഞത് ന്യൂനപക്ഷവിഭാഗങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രചരണ വിഷയമായി.
7, ബാവയെ കണ്ട ഉമ്മന്‍ ചാണ്ടി
കോണ്‍ഗ്രസിന്റെ മുഖ്യ പ്രചാരകനായ ഉമ്മന്‍ ചാണ്ടി വോട്ടെടുപ്പിന് മുമ്പ് കേരളത്തിലെത്തിയ ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ കാതോലിക്കാ ബാവയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. മണ്ഡലത്തില്‍ശക്തമായ സ്വാധീനമുള്ള മറു വിഭാഗത്തിനിടയില്‍ ഇത്കടുത്ത അമര്‍ഷമുണ്ടാക്കി. ഈ അമര്‍ഷം വോട്ടെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു.
8, നാഥനില്ലാത്ത പ്രതിപക്ഷം
പുതിയ കെ.പി.സി.സി അധ്യക്ഷന്‍ വരുമെന്ന തരത്തില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഉണ്ടായ പ്രചരണം എം.എം ഹസന്‍ ഉള്‍പ്പടെയുള്ളവരില്‍ ആശയകുഴപ്പമുണ്ടാക്കി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനരംഗത്തും ഇത് പ്രതിഫലിച്ചു. സ്ഥാനാര്‍ഥി മോഹികളായ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരണരംഗത്തുനിന്ന് വിട്ടുനിന്നു.
ബി.ജെ.പിയിലും ഔദ്യോഗിക വിഭാഗത്തിന് എതിരായുള്ളവര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്നു. വോട്ടെടുപ്പിന് തൊട്ടുമുമ്പായി കുമ്മനത്തെ മിസോറാമില്‍ ഗവര്‍ണറാക്കിയത് ആര്‍.എസ്.എസിനുള്ളിലെ വലിയ വിഭാഗത്തിന്റെ എതിര്‍പ്പിനിടയാക്കി. സമാനമായി കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടിക്ക് ആന്ധ്രയുടെ ചുമതല നല്‍കി മാറ്റിയതും അദ്ദേഹത്തിന്റെ അനുയായികള്‍ വൈകാരികമായി പ്രതികരിക്കാന്‍ കാരണമായി.
9, സിറ്റിങ് സീറ്റില്‍ ഭരണകക്ഷി എം.എല്‍.എ
ആരെ തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ ചെങ്ങന്നൂരുകാരെ സ്വാധീനിച്ച ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നായിരുന്നു ഇത്. നാട്ടിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയും വേഗവും വരുത്താന്‍ ഭരണകക്ഷി എം.എല്‍.എയ്ക്ക് മാത്രമെ സാധിക്കൂവെന്ന് ചിന്തിക്കുന്നവരും കുറവല്ല.ഈ സാഹചര്യത്തില്‍ ഭരണകക്ഷിയുടെ പ്രബല നേതാവ്സ്ഥാനാര്‍ഥിയായത് വലിയ വിഭാഗത്തെ സ്വാധീനിച്ചു.
10, സര്‍ക്കാരിന്റെ പ്രതിച്ഛായ
വിവാദങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായപ്പോഴും സര്‍ക്കാര്‍ നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ചെങ്ങന്നൂരിലെ എല്‍.ഡി.എഫ് പ്രചാരണം. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായ ജനവിഭാഗങ്ങളെ നേരില്‍ക്കണ്ട് വോട്ട് ഉറപ്പാക്കുന്നതിലും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു.ഉദാഹരണത്തിന് വിധവകള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെ കണ്‍വെന്‍ഷനുകള്‍ വിളിച്ചുകൂട്ടി. ഇതെല്ലാം കൂടിയായപ്പോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വന്‍ഭൂരിപക്ഷത്തിന് ചെങ്ങന്നൂരുകാര്‍ സജി ചെറിയാനെ എം.എല്‍.എ ആയി തെരഞ്ഞെടുത്തു.