സ്വാഭാവികമായും എല്‍ഡിഎഫ് വോട്ടുകള്‍ വീരേന്ദ്രകുമാറിനും യുഡിഎഫ് വോട്ടുകള്‍ ബാബു പ്രസാദിനും ലഭിക്കും. എന്നാല്‍ കെ എം മാണി വിഭാഗത്തിലെ ആറുപേരും പി സി ജോര്‍ജും ബിജെപി അംഗം ഒ രാജഗോപാലും ആര്‍ക്ക് വോട്ട് ചെയ്യും എന്നത് കൗതുകം ഉണര്‍ത്തുന്ന ചോദ്യമാണ്.
കേരള നിയമസഭയിലെ ഇപ്പോഴത്തെ കക്ഷിനില വീരേന്ദ്രകുമാറിന്‍റെ ജയം സുനിശ്ചിതമാക്കുന്നതാണ്. ഏതായാലും സിപിഎം-സിപിഐ കക്ഷികളുടെ 76 വോട്ടുകള്‍ ഉറപ്പായ സ്ഥിതിക്ക് വീരന്‍റെ രാജ്യസഭാ പ്രവേശനത്തിന് ആശങ്കയൊന്നുമില്ല. എന്നാല്‍ ഇടതുമുന്നണിയുടെ 90 എംഎല്‍എമാരും വീരന് വോട്ട് ചെയ്യുമോ? വീരനോടുള്ള അഭിപ്രായ വ്യത്യാസത്തിന്‍റെ പേരില്‍ എല്‍ഡിഎഫിനോടൊപ്പം നില്‍ക്കുന്ന ഏതെങ്കിലും അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്ക്കരിക്കുമോയെന്നും കാത്തിരുന്നുകാണാം.
advertisement
കേരളനിയമസഭയിലെ കക്ഷിനില
എല്‍ഡിഎഫ്- 90
യുഡിഎഫ്- 41
ബിജെപി- 1
കേരള കോണ്‍ഗ്രസ് എം- 6
പി സി ജോര്‍ജ്- 1(സ്വതന്ത്രന്‍)
കേരളത്തെ ചൂടുപിടിപ്പിക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില കക്ഷികള്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നുണ്ട്. യുഡിഎഫ് വിട്ട് ഒരു മുന്നണിയുടെയും ഭാഗമല്ലാതെ നില്‍ക്കുന്ന കെ എം മാണിയുടെ അടുത്ത രാഷ്‌ട്രീയനീക്കം എന്തായിരിക്കുമെന്നതിന്‍റെ സൂചന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അറിയാനാകുമോയെന്നും ഉറ്റുനോക്കുന്നു. പി സി ജോര്‍ജിന്‍റെ നിലപാട് എന്തായിരിക്കുമെന്ന് അറിയാനും രാഷ്‌ട്രീയകേരളത്തിന് താല്‍പര്യമുണ്ട്.
നിതീഷ് കുമാര്‍ എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നതില്‍ പ്രതിഷേധിച്ചാണ് വീരേന്ദ്രകുമാര്‍ രാജ്യസഭാ അംഗത്വം രാജിവെച്ചത്. എന്നാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം മുന്നണിമാറ്റത്തിനായി കാത്തിരുന്ന വീരേന്ദ്രകുമാര്‍ യുഡിഎഫ് പിന്തുണയോടെ ജയിച്ച രാജ്യസഭാ സീറ്റ് രാജിവെച്ചു എന്ന് തിരുത്തി വായിക്കാവുന്നതാണ്. കളംമാറി ഇടതുപിന്തുണയോടെ രാജ്യസഭയില്‍ തിരിച്ചെത്താമെന്ന രാഷ്‌ട്രീയതന്ത്രം വിജയിപ്പിക്കാനും വീരേന്ദ്രകുമാറിന് സാധിച്ചിരിക്കുന്നു. സ്വന്തം പാര്‍ടിയുടെ ഒരു വോട്ടു പോലുമില്ലാതെതന്നെ രാജ്യസഭയിലേക്ക് മടങ്ങിയെത്തുന്ന വീരന് കിട്ടുന്ന വോട്ടുകള്‍ രാഷ്‌ട്രീയകേരളത്തില്‍ ചലനമുണ്ടാക്കിയേക്കാം.