കോട്ടയം ജില്ലയിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന എന്റെ കസ്സിന്റെ വീട്ടിലേയ്ക്ക് ഒരു ആംബുലൻസ് നിലവിളി ശബ്ദം ഇട്ട് കേറി..ഗ്രാമ പ്രദേശമായതിനാൽ നാട്ടുകാർ പെട്ടന്ന് ഓടിക്കൂടി..തോമസിന്റെ വീട്ടിൽ എന്തോ പ്രശ്നം ഉണ്ടല്ലോ..
വാസ്തവത്തിൽ എന്താണ് സംഭവിച്ചത്?
ഒരു അഞ്ചിയോപ്ലാസ്റ്റി ഒക്കെ കഴിഞ്ഞിരിക്കുന്ന തോമസിനെ ഒരു സൗഹൃദത്തിന്റെ പേരിൽ കാണുവാൻ എത്തിയതാണ് സുഹൃത്തായ ആംബുലൻസ് ഡ്രൈവർ ജോണി.. വന്നത് ആംബുലൻസിൽ. ഫുൾ ഫോമിൽ ആയപ്പോൾ സംഗതി മാറി എന്നു മാത്രം..
കഴിഞ്ഞ ദിവസം നടന്ന ഈ സംഭവം ഒരു ഒറ്റപ്പെട്ട സംഭവം അല്ല..വീട്ടിൽ മീൻ മേടിക്കുവാൻ പോകുമ്പോൾ പോലും പല ആംബുലൻസ് ഡ്രൈവർമരും ബീക്കൺ ലൈറ്റും,സൈറണും ഇട്ട് അമിത വേഗത്തിലാണ് റോഡിലൂടെ പായുന്നത്..
advertisement
ഇനി എന്താണ് നമ്മുടെ നാട്ടിലെ ആംബുലൻസ് എന്നു നോക്കാം..
സുരക്ഷാ പരീക്ഷണങ്ങളിൽ ഒന്നു പോലും പാസാകാത്ത മാരുതി ഓംനി പോലെയുള്ള വാഹനങ്ങൾക്ക് പോലും നമ്മുടെ നാട്ടിൽ ആംബുലൻസ് എന്ന പേരിൽ ചീറി പായാം..ആംബുലൻസ് എന്ന ഒരു പേരിട്ടാൽ പ്രാഥമിക ഡ്രൈവേഴ്‌സ് ലൈസൻസ് ഉള്ള ആർക്കും ആംബുലൻസ് എന്ന പടക്കുതിരയെ പായിച്ചു കൊണ്ടു റോഡിൽ എങ്ങനെ വേണമെങ്കിലും പോകാം.
യാതൊരു അടിസ്ഥാന സൗകര്യങ്ങളോ, ജീവൻ രക്ഷാ സംവിധാനങ്ങളോ ഇല്ലാത്ത ഒരു പാട്ട വണ്ടി ആയിരിക്കും മിക്ക ആംബുലൻസുകളും...അപകടം സംഭവിച്ച രോഗികൾക്ക് പ്രഥമ ശുശ്രൂഷ നൽകുവാനുള്ള സംവിധാനങ്ങളോ,അതിന് പരിശീലനം ലഭിച്ച ഒരു പാരാമെഡിക്കൽ സ്റ്റാഫോ 99 ശതമാനം ആംബുലൻസുകളിലും ഇല്ല..
നിലവിളി ശബ്ദം കേൾക്കുമ്പോൾ ബഹുമാനത്തോടെ ആളുകൾ തങ്ങളുടെ വണ്ടികൾ ഒതുക്കി വഴി ഒരുക്കുന്നു. ഈ ബഹുമാനം ഇവരെ ഹരം പിടിപ്പിക്കുന്നു..ആടി ഉലഞ്ഞു,നിലവിളിച്ചു,വെട്ടി തിരിഞ്ഞു,ഓതിരം മറിഞ്ഞു പായുന്ന ആംബുലൻസുകളിൽ ഉള്ള ഈ മരണ യാത്ര തന്നെ രോഗിയുടെ നില വഷളാക്കുന്നു.ഈ നിലവിളി ശബ്ദം കേട്ടത് കൊണ്ടു മാത്രം ഡോക്ടേഴ്സ് ഓടി വന്നു നോക്കും എന്നുളത് ഒരു മിഥ്യാധാരണ മാത്രമാണ്..തക്ക സമയത്ത് ശരിയായ പ്രഥമ ശുശ്രൂഷ ലഭിച്ചാൽ പല വലിയ പ്രശ്നങ്ങളും ഒഴിവാക്കാൻ സാധിക്കും. ഈ മരണ പാച്ചിൽ ഉണ്ടാക്കുന്ന റോഡ് അപകടങ്ങളും വളരെ അധികമാണ്.ഈ കാര്യത്തിൽ ആരോഗ്യ വകുപ്പും,മോട്ടോർ വാഹന വകുപ്പും,മെഡിക്കൽ അസോസിയേഷനുകളും കൂടി ആലോചിച്ചു ശാസ്ത്രീയമായ തീരുമാനങ്ങൾ കൈകൊള്ളണം..
ഇനി പ്രഥമ ശുശ്രൂഷയുടെ കാര്യം..
ഹൈസ്കൂൾ മുതൽ കുട്ടികളെ പ്രഥമ ശുശ്രൂഷ പരിശീലനം നൽകാൻ പരിശീലിപ്പിക്കണം.
പ്രൈമറി സ്കൂൾ മുതൽ കുട്ടികളെ നീന്തൽ പഠിപ്പിക്കുക.
ഒരു അപകടം ഉണ്ടായാൽ എന്തൊക്കെ ചെയ്യണം,എന്തൊക്കെ ചെയ്യരുത് തുടങ്ങിയ കാര്യങ്ങൾ സ്‌കൂളിൽ തന്നെ പഠിപ്പിക്കുക.
ഉദാഹരണത്തിന് മുകളിൽ നിന്ന് വീഴുന്നവരെ എടുത്തു കുടയുക, വെള്ളം കൊടുക്കുക, നാടൻ പ്രയോഗങ്ങൾ ചെയ്യുക,പൊള്ളുമ്പോൾ പേസ്റ്റ്റ് വാരി പുരട്ടുക തുടങ്ങിയ കാര്യങ്ങൾ അവസ്ഥ വഷളാക്കുന്നു.
അപകത്തിലായ ജീവനുകൾ തിരിച്ചു പിടിക്കാൻ ഓരോ വ്യക്തിക്കും എന്ത് ചെയ്യാം എന്നുള്ള പരിശീലനം പ്രൈമറി സ്ക്കൂൾ തലം മുതൽ നൽകുക..
തെറ്റായ അറിവുകൾ അജ്ഞതേയേക്കാളും അപകടമാണ്..
(ബിഹേവിയറൽ സൈക്കോളജിസ്റ്റും സൈബർ സൈക്കോളജി കൺസൽട്ടന്‍റുമാണ് ലേഖകൻ)