ഹനാന്‍; തൊഴിലെടുക്കുന്നത് അഭിമാനമാണെന്നു തിരിച്ചറിയുന്നവരുടെ പ്രതിനിധി

webtech_news18
#ജോയ് മാത്യുതൊഴിലെടുത്ത് ജീവിക്കുകയെന്നതിനെ ഒരാളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായാണ് ഞാന്‍ കാണുന്നത്. ചെയ്യുന്ന ജോലിയില്‍ ഒരാള്‍ അനുഭവിക്കുന്ന ആന്ദനം തൊഴിലെടുക്കുന്നവര്‍ക്കേ അറിയൂ. ഒരു ജോലിയും പൂമെത്തയല്ല. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അരക്ഷിതാവസ്ഥയും മത്സരവും പരിഹാസങ്ങളും വേതനമില്ലായ്മയുമെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഓരോ തൊഴിലും.


ഹനാന്‍ എന്ന പെണ്‍കുട്ടിയോടുള്ള എന്റെ മതിപ്പ് പ്രകടിപ്പിക്കാനാണ് ഈ എഴുത്ത്. മീശ മുളയ്ക്കാത്ത പതിനാറാം വയസില്‍ ഒരു സ്വകാര്യ ബസിലെ ടിക്കറ്റ് പരിശോധകനായാണ് എന്റെ തൊഴില്‍ പ്രവേശം. അടുത്ത വര്‍ഷം ജോലിയെടുത്തിരുന്ന ബസ് റൂട്ടില്‍ തന്നെയുള്ള കോളജില്‍ പ്രീ ഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ കുട്ടികള്‍ക്ക് സംശയം. അവന്‍ തനല്ലയോ ഇത്!ബിരുദം കഴിഞ്ഞപ്പോള്‍ ഓട്ടോറിക്ഷ വാങ്ങി ഓടിച്ചു. വിവിധങ്ങളായ പാരലല്‍ കോളേജുകളിലെ അധ്യാപകനായി ജോലി നോക്കി. പുസ്തകക്കടയിലെ സെയില്‍സ്മാന്‍, പത്രമാപ്പീസിലെ പ്രൂഫ് റീഡര്‍, ചാനല്‍ റിപ്പോര്‍ട്ടര്‍, എഡിറ്റര്‍ തുടങ്ങി ഇപ്പോഴുള്ള സിനിമാ പണിയടക്കം ഇതുവരെയായി ഇരുപത്തി ആറോളം ജോലികള്‍ ചെയ്തിരിക്കാമെന്നതാണ് ഒരു ഏകദേശ കണക്ക്.വിവാഹ സത്ക്കാരങ്ങള്‍ക്ക് പോകുമ്പോള്‍ ഭക്ഷണം വിളമ്പുന്ന കുട്ടികളെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അധികം പേരും വിദ്യാര്‍ഥികളാണ്. നഗരങ്ങളില്‍ പലയിടത്തും പാര്‍ട്ട് ടൈം ആയി ഭക്ഷണം മുതല്‍ പലതും വണ്ടിയില്‍ ഡെലിവറി നടത്തുന്നവര്‍ വിദ്യാര്‍ഥികളാണ്. എന്റെ മകനും കുറച്ച് ദിവസം അവന്റെ കൂട്ടുകാരോടൊപ്പം കാറ്ററിംഗിന് പോയി. അത് കേട്ട് എന്റെ ഭാര്യ ഇഷ്ടക്കേട് കാണിച്ചെങ്കിലും അത് വിലപ്പോയില്ലെന്നതു വേറെകാര്യം. ഏത് തൊഴിലിനും അതിന്റേതായ അന്തസ്സുണ്ടെന്ന് മനസിലാക്കുന്ന ഒരു ജനതയേയെ പുരോഗമിച്ച സമൂഹമായി കണക്കാക്കാനാകൂ. അല്ലാത്തത് ജഡമാണ്. നാളെ അളിഞ്ഞു ഇല്ലാതാവുന്ന ജഡം.തൊഴിലെടുക്കുന്നത് അഭിമാനമാണെന്നും സ്വാതന്ത്ര്യമാണെന്നും തിരിച്ചറിയുന്ന എല്ലാവരുടെയും പ്രതിനിധിയായാണ് ഹനാന്‍ എന്ന പെണ്‍കുട്ടി. പ്രത്യേകിച്ചും വിദ്യാര്‍ത്ഥി സമൂഹത്തിന്റെ. MY SOLIDARITY
>

Trending Now