നാൽപ്പത്തിയെട്ടുകാരനായ നാത്തു ഉടാർ തൃയംബക്ക് താലൂക്കിലെ ഗണേഷ്ഗോവൻ സ്വദേശിയാണ്. വർഷങ്ങളായി താൻ കൃഷി ചെയ്യുന്ന നാല് ഏക്കർ ഭൂമി സ്വന്തമായി ലഭിക്കണമെന്ന ആവശ്യമാണ് ഉടാറിനുള്ളത്. തന്റെ ഭാര്യയയെയും രണ്ടു മക്കളെയും പോറ്റാൻ വേറെ മാർഗ്ഗം ഒന്നുമില്ലാത്തതിനാലാണ് സമരത്തില്‍ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് ഉടാര്‍ പറയുന്നു.
നാസിക് ജില്ലയിലെ ബോർവൻ എന്ന ഗ്രാമവാസിയാണ് പുഷ്പരാജ്. തന്റെ പൂർവികരുടെ കാലം മുതല്‍ക്കേ കൃഷി ചെയ്തിരുന്ന നാലര ഏക്കർ നിലം സ്വന്തമായി വേണമെന്നതാണ് ഇദ്ദേഹത്തിന്‍റെ ആവശ്യം. താൻ കുട്ടികാലം മുതലേ ഉഴുതും, കൃഷി ചെയ്തും വരുന്ന സ്ഥലാമണിതെന്ന് പുഷ്പരാജ് പറയുന്നു. ഭാര്യയും നാലു പെൺകുട്ടികളുമാണ് പുഷ്പരാജിനുള്ളത്.
advertisement
മാർച്ചിൽ പങ്കെടുക്കുന്ന കർഷകർക്ക് വിശപ്പടക്കാൻ നിലക്കടലയുമായാണ് അറുപതു വയസുള്ള സുന്ദരാബായി എന്ന കർഷക എത്തിയത്. ചാന്ദ്‌വാദിലെ ദയാന ഗ്രാമത്തില്‍ നിന്നാണ് സുന്ദരാബായി വരുന്നത്. തന്റെ ഗ്രാമത്തിൽ നിന്നും ഏഴു ദിവസത്തോളം നടന്നാണ് ഈ അമ്മ കർഷക മാർച്ചിൽ പങ്കെടുക്കാനെത്തിയത്. ഈ കർഷകയുടെയും ആവശ്യം സ്വന്തമായി ഭൂമി വേണം എന്നതാണ്.
പൂനയിൽ നിന്നും സമരത്തിൽ പങ്കെടുക്കാനെത്തിയ ഗംഗാധർ എന്ന കർഷകത്തൊഴിലാളിക്ക് മിനിമം വേതനം വേണമെന്നതാണ് അധികൃതര്‍ക്ക് മുന്നില്‍വെക്കാനുള്ള ആവശ്യം. പെൻഷൻ വർധനവാണ് ഗംഗാധറിന്റെ മറ്റൊരാവശ്യം. തന്റെ മുത്തച്ഛന്റെ കാലം മുതല്‍ കിട്ടുന്ന പെൻഷനിൽ യാതൊരുവിധ വർധനവും ഉണ്ടായിട്ടില്ലെന്നും ഗംഗാധർ പറയുന്നു.
ഇങ്ങനെ ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾ ഏറെയാണ്. കാര്‍ഷിക കടം പൂര്‍ണമായി എഴുതിതള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, കൃഷി ചെയ്യുന്ന വനഭൂമി ആദിവാസികള്‍ക്ക് വിട്ടുനല്‍കുക തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടാകുമെന്നാണ് കരുതുന്നത്. ആസാദ് മൈതാനത്തെ സമരപന്തലില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് നേരിട്ടെത്തി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേട്ടശേഷം തങ്ങൾക്കനുകൂലമായ തീരുമാനത്തിലെത്തും എന്ന ശുഭപ്രതീക്ഷയിലാണ് ഈ കർഷകർ.