കുട്ടികള്‍ സുരക്ഷിതരായി പുറത്തുവരട്ടെ; നല്ല പാഠങ്ങള്‍ എല്ലാവരും പഠിക്കട്ടെ; മുരളി തുമ്മാരുകുടി എഴുതുന്നു

webtech_news18
തിരുവനന്തപുരം: തായ്‌ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട കുട്ടികളെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍, ദുരന്തനിവാരണ പ്രവര്‍ത്തകര്‍ക്ക് മാനസിക പിന്തുണ നല്‍കേണ്ടതിന്റെ ആവസ്യകത ചൂണ്ടിക്കാട്ടി മുരളി തുമ്മാരുകുടി.നമുക്ക് ചുറ്റും ദുരന്തമുണ്ടാകുമ്പോള്‍ ആളുകളെ രക്ഷപ്പെടുത്തുന്നതിലും രക്ഷാ പ്രവര്‍ത്തകരെ സഹായിക്കുന്നതിലും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിലും ശ്രദ്ധിക്കണമെന്ന തോന്നലെങ്കിലും നമുക്ക് ഉണ്ടാകട്ടേയെന്നാണ് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിനു കീഴിലുള്ള ദുരന്ത നിവാരണ വിഭാഗം തലവനായ തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നത്.


പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം.തായ്ലന്‍ഡിലെ രക്ഷാ പ്രവര്‍ത്തനം തുടങ്ങി..തായ്ലന്‍ഡിലെ കുട്ടികള്‍ നാലുമാസം എങ്കിലും ഗുഹയില്‍ കഴിച്ചു കൂട്ടേണ്ടി വരും എന്നായിരുന്നല്ലോ ആദ്യ റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. പക്ഷെ അത് വേണ്ടി വരില്ലെന്നും അതിന് മുന്‍പ് തന്നെ അവരെ രക്ഷ പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ സുരക്ഷാ വിദഗ്ദ്ധര്‍ കണ്ടെത്തുമെന്നും ഞാന്‍ പറഞ്ഞിരുന്നു.ഡസന്‍ കണക്കിന് ആശയങ്ങള്‍ ആണ് തായ്ലന്‍ഡില്‍ പരിശോധിക്കപ്പെട്ടത്, അവസാനം കുട്ടികളെ പരിശീലനം ലഭിച്ച ഡൈവേഴ്സിന്റെ കൂടെ ഓരോരുത്തരായി പുറത്തെത്തിക്കുക എന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഗുഹകളില്‍ മുങ്ങി പരിചയം ഉള്ള പതിമൂന്ന് അന്താരാഷ്ട്ര വിദഗ്ദ്ധരും കഠിനമായ ഡൈവിങ് പരിശീലനം ഉള്ള അഞ്ചു തായ് മിലിട്ടറി ഉദ്യോഗസ്ഥരും കൂടിയാണ് രക്ഷാ പ്രവര്‍ത്തനത്തിന് ഗുഹയില്‍ എത്തുന്നത്.പുറത്തെത്തുന്നവരെ സഹായിക്കാന്‍ വൈദ്യ സംഘം, മറ്റു സാങ്കേതിക വിദഗ്ദ്ധര്‍ (വാര്‍ത്താ വിനിമയം, ഓക്‌സിജന്‍ സപ്പ്‌ളൈ, ഡീ-കംപ്രഷന്‍ ചേമ്പറും അതിലെ സുരക്ഷാ പ്രവര്‍ത്തകരും, വെള്ളം പമ്പ് ചെയ്തു നിയന്ത്രിക്കാനുള്ള ടെക്നീഷ്യന്മാര്‍), ഇവരെ കൂടാതെ അനാവശ്യമായി ഉണ്ടാകുന്ന ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ സുരക്ഷാ സേന ഇവരാണ് ഗുഹാമുഖത്ത് ഉള്ളത്. ബാക്കി ഉള്ളവരെ പിന്‍നിരയിലേക്ക് മാറ്റിയിട്ടുണ്ട്.ഏതൊരു രക്ഷാപ്രവര്‍ത്തനവും പോലെ ഇതിലും കുറച്ചു റിസ്‌ക്ക് ഉണ്ട്, കൂടാതെ ഇതുപോലെ കുട്ടികള്‍ ഒക്കെ ഉള്‍പ്പെട്ട സാഹചര്യത്തില്‍ ആണ് മറ്റുള്ളവരുടെ സുരക്ഷക്ക് വേണ്ടി സ്വന്തം ജീവന്‍ അപകടത്തില്‍ ആക്കരുത് എന്ന സുരക്ഷാരംഗത്തെ ഉപദേശത്തിന്റെ പരിധി പരിശോധിക്കപെടുന്നത് (testing the limits). അതുകൊണ്ടു തന്നെ അവസാനത്തെ ആളും പുറത്തു വരുന്നത് വരെ ദുരന്ത സാധ്യതകള്‍ മുന്നില്‍ കണ്ടേ പറ്റൂ. ഇന്ന് രാത്രിയോടെ ആദ്യത്തെ കുട്ടികള്‍ പുറത്തു വരേണ്ടതാണ്. കാലാവസ്ഥ വലുതായി മാറുകയോ അപകടം ഒന്നും ഉണ്ടായില്ലെങ്കില്‍ വരാതിരിക്കുകയോ ചെയ്തില്ലെങ്കില്‍ നാല്‍പത്തി എട്ടു മണിക്കൂറിനകം രക്ഷാ ദൗത്യം അവസാനിക്കേണ്ടതാണ്.താഴെ കൊടുത്തിരിക്കുന്ന ബി ബി സി ലിങ്ക് ഒന്ന് തുറക്കണം. സാധാരണക്കാര്‍ എങ്ങനെയാണ് രക്ഷാ ദൗത്യത്തെ സഹായിക്കുന്നത് എന്ന് ഒരു വീഡിയോ ഉണ്ട്, തീര്‍ച്ചയായും കാണണം. രക്ഷാ പ്രവര്‍ത്തനത്തിന്റെ വീഡിയോ കണ്ട ഒരു സ്ത്രീ ശ്രദ്ധിച്ചത് അവരുടെ ഒക്കെ വസ്ത്രങ്ങള്‍ എത്ര അഴുക്കുപിടിച്ചിരിക്കുന്നു എന്നതാണ്. അവര്‍ക്ക് ഒരു അലക്കുശാല ഉണ്ട് (laundry), അവര്‍ നേരെ പോലീസിനെ വിളിച്ചു, നാല് ദിവസമായി രക്ഷാ പ്രവര്‍ത്തകര്‍ വസ്ത്രം മാറിയിട്ട് എന്ന് പോലീസ് പറഞ്ഞു. പിന്നെ അവരൊന്നും നോക്കിയില്ല, എല്ലാ ദിവസവും ഗുഹാ മുഖത്ത് ചെല്ലും, രക്ഷാ പ്രവര്‍ത്തകരുടെ വസ്ത്രം വാങ്ങും, രാത്രി മുഴുവന്‍ ഓവര്‍ടൈം ചെയ്ത് അത് അലക്കിയും തുന്നി കേടുപാടുകള്‍ തീര്‍ത്തും തേച്ചു മടക്കി രാവിലെ തിരിച്ചെത്തിക്കും. ഏതെങ്കിലും ഒരു ദുരന്തപ്രദേശത്തെ ചിത്രങ്ങള്‍ കാണുമ്പോള്‍ രക്ഷാ പ്രവര്‍ത്തകരുടെ വസ്ത്രത്തെ പറ്റിയോ ബുദ്ധിമുട്ടുകളെ പറ്റിയോ നാം ചിന്തിക്കാറുണ്ടോ?കുട്ടികള്‍ സുരക്ഷിതരായി പുറത്തു വരട്ടെ, നല്ല പാഠങ്ങള്‍ എല്ലാവരും പഠിക്കട്ടെ. അടുത്ത തവണ നമ്മുടെ ചുറ്റും ദുരന്തമുണ്ടാകുമ്പോള്‍ ആളുകളെ രക്ഷ പെടുത്തുന്നതിലും രക്ഷാ പ്രവര്‍ത്തകരെ സഹായിക്കുന്നതിലും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിലും ഒക്കെ നാം ശ്രദ്ധിക്കണം എന്നൊരു തോന്നലെങ്കിലും നമുക്ക് ഉണ്ടാകട്ടെ.ഇനി കുട്ടികള്‍ ഒക്കെ പുറത്തെത്തി കഴിഞ്ഞിട്ട് എന്ത് തെറ്റുകള്‍ ആണ് പറ്റിയത്, ഇനി അങ്ങനെ ഒരു തെറ്റുണ്ടാകാതെ എങ്ങനെ നോക്കാം എന്നുള്ള ചര്‍ച്ചകള്‍ നടക്കണം, നടക്കും.

 
>

Trending Now