TRENDING:

ഭാവനാശൂന്യമോ കെപിസിസി പുനസംഘടന ?

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
#നിസാം സെയ്ദ്
advertisement

കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രനെയും അദ്ദേഹത്തോടൊപ്പം മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും ഒരു പ്രചാരണവിഭാഗം അധ്യക്ഷനെയും നിയമിച്ച നടപടിയെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാന്‍ കഴിയുന്നത് 'ഭാവനാശൂന്യം' എന്നാണ്.

എന്താവണമായിരുന്നു പുന:സംഘടന

കേരളത്തിലെ കോണ്‍ഗ്രസ് നേരിടുന്ന സവിശേഷമായ വെല്ലുവിളികളെ സമഗ്രമായി മനസിലാക്കി, അവയെ വര്‍ധിത വീര്യത്തോടെ നേരിടാന്‍ കഴിയുന്ന കര്‍മശേഷിയും, പ്രവര്‍ത്തന ചടുലതയും കാഴ്ചവെക്കാന്‍ കഴിയുന്ന നേതൃത്വമായിരുന്നു ഇപ്പോള്‍ കോണ്‍ഗ്രസിന് വേണ്ടിയിരുന്നത്. ദൗര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ നിയമിതരായിരിക്കുന്നവരില്‍ പലരുടെയും പ്രവര്‍ത്തന പരിചയം അത്തരമൊരു വെല്ലുവിളിയെ നേരിടാന്‍ കഴിയും എന്ന വിശ്വാസം പ്രവര്‍ത്തകരില്‍ ഉണര്‍ത്താന്‍ കഴിയുന്നില്ല.

advertisement

പ്രവര്‍ത്തകരില്‍ ആവേശമുണര്‍ത്താന്‍ കഴിയുന്നയാളാവണമായിരുന്നു കെപിസിസി പ്രസിഡന്റ്. അതിന് ചടുലമായ പ്രവര്‍ത്തനശൈലി ഉണ്ടാവണം. കഠിനാധ്വാനം ചെയ്യുന്ന സ്വഭാവമുണ്ടാകണം. കെപിസിസി പ്രസിഡന്റിന്റെ വാക്കുകള്‍ക്ക് പൊതുസമൂഹത്തില്‍ സ്വീകാര്യതയും വിശ്വാസ്യതയും ഉണ്ടാകണം. വിടുവായത്തം പറയുന്ന ആളല്ല കെപിസിസി പ്രസിഡന്റ് എന്ന ബോധ്യം പ്രവര്‍ത്തകര്‍ക്കും സാധാരണ ജനങ്ങള്‍ക്കുമുണ്ടാകണം.

എന്താണ് ഇപ്പോഴത്തെ അവസ്ഥ

മുന്‍പെങ്ങും ഉണ്ടാകാത്ത സാഹചര്യമാണ് കേരളത്തില്‍ കോണ്‍ഗ്രസ് നേരിടുന്നത്. 1977 മുതല്‍ കേരള രാഷ്ട്രീയം രണ്ട് മുന്നണികളായി ധ്രുവീകരിച്ചു.ചില കക്ഷികളുടെ മുന്നണി മാറ്റങ്ങള്‍ ഇടക്കിടെ ഉണ്ടാവുമെങ്കിലും മുന്നണി സംവിധാനം ഏതാണ്ട് സ്ഥിരസ്വഭാവം നേടി. പക്ഷെ കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ബിജെപി സജീവ സാന്നിധ്യമായി മാറിയിരുന്നു. മുഖ്യപ്രതിപക്ഷത്തിന്റെ ഇടം കരസ്ഥമാക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. പോരാട്ടം തങ്ങളും ബിജെപിയും തമ്മിലാണ് എന്ന് വരുത്തിത്തീര്‍ത്ത് ന്യൂനപക്ഷങ്ങളെ സ്ഥിരമായി തങ്ങളോടൊപ്പം നിര്‍ത്തുക എന്ന തന്ത്രമാണ് സിപിഎം സ്വീകരിക്കുന്നത്. ഇത് സ്ഥിരമായി ഭരണം നിലനിര്‍ത്താന്‍ തങ്ങളെ സഹായിക്കുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. കോണ്‍ഗ്രസിനെ അപ്രസക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം കരുക്കള്‍ നീക്കുന്നത്. ഭരണത്തിന്റെയും മസില്‍ പവറിന്റെയും സഹായത്തോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വലിയ സമ്മര്‍ദ്ദമാണ് സിപിഎം പ്രാദേശിക നേതൃത്വത്തില്‍ ചെലുത്തുന്നത്. കോണ്‍ഗ്രസിന്റെ പരമ്പരാഗത ശക്തി സ്രോതസുകളായ ന്യൂനപക്ഷങ്ങളുടെ സ്വാധീനത്തിനായി സിപിഎമ്മും സവര്‍ണസമുദായങ്ങളുടെ സ്വാധീനത്തിനായി ബിജെപിയും ശക്തമായ നീങ്ങുന്നു. കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് തന്നെ കടുത്ത ഭീഷണി നേരിടുന്ന സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഇത് നേരിടാന്‍ കഴിയുന്ന നേതൃത്വമായിരുന്നു കോണ്‍ഗ്രസിന് ആവശ്യം.

advertisement

ആരാണ് ഇപ്പോള്‍ നേതൃത്വത്തില്‍

ഇപ്പോള്‍ നിയമിതരായിരിക്കുന്നവരെല്ലാം നിലവില്‍ സജീവമായ ഗ്രൂപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമല്ലാത്തവരാണ്. കേരളത്തിലെ കോണ്‍ഗ്രസില്‍ എല്ലാവരും തന്നെ ഒരിക്കല്‍ ഗ്രൂപ്പിന്റെ ഭാഗമായിരുന്നവരാണ്. ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഒറ്റയാന്‍മാരാണ് ഗ്രൂപ്പിന് പുറത്ത് പോവുകയോ വിട്ടുപോവുകയോ ചെയ്യുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്ക് പ്രത്യക്ഷത്തില്‍ ഏകാത്മക സ്വഭാവം തോന്നുമെങ്കിലും അവ വിരുദ്ധമായ ഒട്ടേറെ താല്‍പ്പര്യങ്ങളുടെയും അന്തര്‍ധാരകളുടെയും വിളയാട്ടു നിലമാണ്. അവയൊക്കെ ഒത്തിണക്കിയും കൈകാര്യം ചെയ്തും മുമ്പോട്ട് പോകുന്നവര്‍ക്കെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ മുന്‍പോട്ട് പോകുവാന്‍ കഴിയു.

advertisement

സ്വന്തം താല്‍പര്യങ്ങള്‍ക്ക് മാത്രം പ്രാമുഖ്യം നല്‍കി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്തവരാണ് ഗ്രൂപ്പില്ലാത്തവരായി മാറുന്നത്. ഒരു ഗ്രൂപ്പിലെ ആളുകളെ ഒന്നിച്ചു കൊണ്ടുപോവാന്‍ കഴിയാത്ത ആളുകള്‍ക്ക് എങ്ങനെയാണ് വിരുദ്ധ താല്‍പര്യങ്ങളുള്ള വിവിധ ഗ്രൂപ്പുകളെ ഒന്നിച്ച് കൊണ്ടുപോവാന്‍ കഴിയുന്നത്.

കഴിഞ്ഞ കാലത്തെ മുല്ലപ്പള്ളി

മുല്ലപ്പള്ളി രാമചന്ദ്രന്റെ രാഷ്ട്രീയം എന്നും കനത്ത തിരിച്ചടികളുടെയും തിരിച്ചുവരവുകളുടെതുമായിരുന്നു. കെഎസ്യു കാലത്ത് അന്നത്തെ മേധാവിത്വ വിഭാഗമായിരുന്ന എ ക്കാരുടെ ഇഷ്ടടക്കാരനല്ലാതായി മാറി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന അദ്ദേഹത്തിന് പുനര്‍ജന്മം നല്‍കിയത് 1978ല്‍ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പാണ്. യുവജന-വിദ്യാര്‍ഥി നേതാക്കളില്‍ മഹാഭൂരിപക്ഷവും എ ഗ്രൂപ്പില്‍ നിലയുറപ്പിച്ചപ്പോള്‍ ശുഷ്‌കമായ ഐ ഗ്രൂപ്പിന്റെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി മുല്ലപ്പള്ളി തിരിച്ചെത്തി. 1980 ലെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായ ആര്യാടന്‍ മുഹമ്മദിനോട് പരാജയപ്പെട്ട മുല്ലപ്പള്ളി 1982ല്‍ ചിറ്റൂര്‍ മണ്ഡലത്തില്‍ തോറ്റത് കരുണാകരന്‍ പാലം വലിച്ചത് കൊണ്ടാണെന്ന് ആക്ഷേപം ഉയര്‍ന്നു. അപ്പോഴേക്കും കരുണാകരനുമായി തെറ്റിയിരുന്നു. 1980 മുതലുള്ള എല്ലാ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടുള്ള അദ്ദേഹം ഒരുപക്ഷെ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ തവണ കൈപ്പത്തി ചിഹ്നത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുള്ള ആളാവണം. പക്ഷെ ചടുലമായ പ്രവര്‍ത്തന ശൈലിയുടെ ഉടമയോ, കഠിനാധ്വാനിയോ ആണെന്ന് തെളിയിക്കുന്ന ഒന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ചരിത്രത്തിലില്ല. മാത്രവുമല്ല, 1982ന് ശേഷം ചെറിയ ഒരു കാലയളവൊഴിച്ചാല്‍ അദ്ദേഹം സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിച്ചിട്ടുമില്ല. പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരുന്ന ഒരാളായി അനുഭവപ്പെട്ടിട്ടുമില്ല.

advertisement

അത്ഭുതം സൃഷ്ടിക്കുമോ

ഇപ്പോള്‍ നിയമിതരായിരിക്കുന്നവരില്‍ മൂന്ന്‌പേര്‍ നിലവില്‍ എംപിമാരാണ്. കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരെ കുറിച്ചുള്ള ഒരു പ്രധാന പരാതി അവര്‍ സ്വന്തം നിയോജക മണ്ഡലത്തിന് പുറത്ത് സജീവമായി പ്രവര്‍ത്തിക്കുന്നില്ല എന്നതാണ്. അതുപോലെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാവാം സ്വന്തം മണ്ഡലത്തില്‍ പോലും സജീവമാകാന്‍ കഴിയാത്ത ഷാനവാസിനെ വര്‍ക്കിംഗ് പ്രസിഡന്റ്ാക്കായതും അത്ഭുതപ്പെടുത്തുന്നു. ഇവരില്‍ മുരളീധരനും സുധാകരനും മാത്രമാണ് വ്യാപകമായി പ്രവര്‍ത്തകര്‍ക്കിടയില്‍ അംഗീകാരവുമുള്ളത്.

ഈ ടീമിന് കേരളത്തിലെ കോണ്‍ഗ്രസിനെ വിജയകരമായി നയിക്കാന്‍ കഴിഞ്ഞാല്‍ അത് മഹാത്ഭുമായിരിക്കും. കേരള രാഷ്ട്രീയം മഹാത്ഭുതങ്ങള്‍ സംഭവിക്കുന്ന ഒരു സ്ഥലമല്ല, അത് വളരെ യാഥാസ്ഥിതികമായ ഒരിടമാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(അഭിപ്രായം ലേഖകന്റെ വ്യക്തിപരം)

മലയാളം വാർത്തകൾ/ വാർത്ത/Opinion/
ഭാവനാശൂന്യമോ കെപിസിസി പുനസംഘടന ?