കേസുമായി മുന്നോട്ടുപോകും
പുസ്തകത്തില്‍ ഉന്നയിച്ച ആരോപണം തനിക്കെതിരെയാണോയെന്ന് നിഷ വ്യക്തമാക്കണമെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. പുസ്തകത്തിലെ പരാമര്‍ശം തനിക്കെതിരെയാണോയെന്ന് നിഷ വ്യക്തമാക്കണം. ആണെങ്കില്‍ കേസ് കൊടുക്കാന്‍ തയ്യാറാകണം. അല്ലെങ്കില്‍ അക്കാര്യം പരസ്യമായി പറയണം. ഇപ്പോള്‍ ഡിജിപിയ്ക്കും കോട്ടയം എസ് പിക്കും നല്‍കിയ പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. പൊലീസിന്‍റെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടായില്ലെങ്കില്‍ തിങ്കളാഴ്ച തന്നെ കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്നും ഷോണ്‍ പറഞ്ഞു.
തീവണ്ടിയില്‍ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്, പക്ഷേ...
advertisement
പുസ്തകത്തില്‍ നിഷ ആരോപിക്കുന്നതുപോലെ താന്‍ അവര്‍ക്കൊപ്പം യാത്ര ചെയ്തിട്ടില്ലെന്ന് ഷോണ്‍ പറഞ്ഞു. ഒരിക്കല്‍ കോഴിക്കോട് നിന്ന് കോട്ടയത്തേക്ക് അവര്‍ക്കൊപ്പം യാത്ര ചെയ്തിട്ടുണ്ട്. അല്ലാതെ നിഷയുടെ പുസ്തകത്തില്‍ പറയുന്നതുപോലെ തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് അല്ല യാത്ര ചെയ്തതെന്നും ഷോണ്‍ പറയുന്നു. ഭാര്യയുടെ അച്ഛനും നടനുമായ ജഗതി ശ്രീകുമാര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ കോഴിക്കോട് പോയി മടങ്ങിവരുമ്പോഴായിരുന്നു ഇത്. അന്ന് നിഷയും താനും ഒരു കംപാര്‍ട്മെന്‍റിലാണ് യാത്ര ചെയ്തതെങ്കിലും ട്രെയിനില്‍വെച്ച് സംസാരിച്ചിരുന്നില്ല. എന്നാല്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് അവരോട് സംസാരിച്ചതായും ഷോണ്‍ പറയുന്നു.
കുടുംബബന്ധങ്ങളെ ശിഥിലമാക്കാനുള്ള ഫെമിനിസ്റ്റ് നീക്കം
ജോസ് കെ മാണി എംപിയുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദം ഫെമിനിസ്റ്റ് ചിന്താഗതിക്ക് ആക്കം കൂട്ടാനുള്ള ആസൂത്രിതശ്രമമെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. ആഗോളതലത്തില്‍ ശ്രദ്ധേയമായ മീ ടൂ ക്യാംപയ്നുമായി ചേര്‍ന്ന് ചിലര്‍ കാടടച്ച് വെടിവെക്കുന്നത് ഇതിന്‍റെ ഭാഗമാണ്. പുരുഷന്‍മാരെല്ലാം മോശക്കാരാണെന്ന് വരുത്താനുള്ള ശ്രമവും ഇതിന്‍റെ പിന്നിലുണ്ട്. കുടുംബജീവിതത്തെ ശിഥിലമാക്കി ഫെമിനിസ്റ്റ് ആശയങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള നീക്കവുമുണ്ട്. താന്‍ നല്‍കിയ പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്നും, പുസ്തകത്തില്‍ ആരോപിച്ചതുപോലെ നിഷയ്ക്കൊപ്പം യാത്ര ചെയ്തിട്ടില്ലെന്നും ഷോണ്‍ പറയുന്നു.
നിഷാ ജോസ് കെ മാണിയുടെ പുസ്തകത്തിലെ വിവാദ പരാമർശത്തിന് എതിരെ ഷോൺ ജോർജ് കോട്ടയം എസ്പിക്കും ഡിജിപിയ്ക്കും പരാതി നൽകിയിരുന്നു. തനിക്കെതിരെ പുസ്തകത്തിൽ വ്യക്തിഹത്യ നടത്തുന്നുവെന്നും ആരോപിച്ചാണ് പരാതി. പുസ്തകത്തിൽ നിഷാ പരാമർശിക്കുന്ന ആളുടെ പേര് വെളിപ്പെടുത്തണമെന്ന് ഷോൺ ജോർജ് ആവശ്യപ്പെട്ടു. നിഷ ജോസ് കെ മാണി രചിച്ച 'ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തിലെ പരാമര്‍ശമാണ് വിവാദമായത്. ഫേസ്ബുക്ക് പോസ്റ്റുകള്‍ കൂട്ടിച്ചേര്‍ത്ത് രചിച്ച പുസ്തകത്തിലാണ് ട്രെയിനില്‍വെച്ച് പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ മകന്‍ കയറിപിടിക്കാന്‍ ശ്രമിച്ചുവെന്ന പരാമര്‍ശമുള്ളത്. ഷോണ്‍ ജോര്‍ജാണ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന യുവനേതാവെന്ന് പിന്നീട് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് വിശദീകരണവും കേസുമായി ഷോണ്‍ ജോര്‍ജ് രംഗത്തെത്തിയത്.