മരട് കെട്ടിട സമുച്ചയം : സര്‍വ്വകക്ഷി യോഗം വിളിക്കും.
എന്തിന്?
കോടതി വിധിയെ ധിക്കരിക്കാനോ?
കേരള മുദ്രപ്പത്ര നിയമമനുസരിച്ച് മുദ്രവില കെട്ടി വിലയാധാരം എഴുതി കൈക്കൊണ്ടിട്ടുള്ളതാണ് ഓരോ ഫ്‌ലാറ്റും.
'.... പട്ടികയില്‍ വിവരിക്കുന്ന വസ്തുവിനും അതില്‍ നിര്‍മ്മിച്ച് സ്ഥാപിച്ചിട്ടുള്ളതുമായ കെട്ടിടത്തിനും (ഇവിടെ ഫ്‌ലാറ്റ് ) യാതൊരുവിധ ബാദ്ധ്യതകളും അന്യാവകാശം കോര്‍ട്ട് ജപ്തി ജാമ്യം മുതലായ തടങ്കലുകളും ഇല്ലെന്നും പട്ടികയില്‍ വിവരിക്കുന്ന വസ്തു മിച്ചഭൂമിയോ സര്‍ക്കാരുമായി തര്‍ക്കത്തിലിരിക്കുന്ന ഭൂമിയോ അല്ലെന്നും എനിക്ക് (ഇവിടെ ബില്‍ഡര്‍) കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം പരിധിവിട്ട് ഭൂമിയില്ലെന്നും നിങ്ങളെ (ഇവിടെ ഫ്‌ലാറ്റുടമ) ഉറപ്പായി പറഞ്ഞ് വിശ്വസിപ്പിച്ച് (Note the point - ബാദ്ധ്യതയില്ലെന്നു വിശ്വസിപ്പിച്ച് ) ഈ വിലയാധാരം തന്നു വിലയര്‍ത്ഥം പറ്റിയിരിക്കുന്നു'.
advertisement
ഫ്‌ലാറ്റുടമകള്‍ തങ്ങളുടെ ഡോക്യുമെന്റ് എടുത്ത് ഇങ്ങനെയൊരു ക്ലോസ് ഉണ്ടോന്നു നോക്കണം.
ഉണ്ടാവണം. വിലയാധാരങ്ങളിലെ ഒരു ഡിഫാള്‍ട്ട് ക്ലോസാണത്.
ഞങ്ങള്‍ വിറ്റു, ഇനി ഉത്തരവാദിത്തമെല്ലാം കൈവശാവകാശവും കരമൊടുക്കും നടത്തുന്ന പട്ടാദാരനായ ഫ്‌ലാറ്റുടമയ്ക്കാണെന്നു ബില്‍ഡര്‍ പറഞ്ഞാല്‍, അയാളെ പിടിച്ച് നിര്‍ത്തിയിട്ട് അടുത്ത ക്ലോസ് വായിച്ചു കേള്‍പ്പിക്കുക.
ഒഴിയാനുള്ള സമയപരിധി അവസാനിച്ചു; മരടിലെ ഫ്ലാറ്റുടമകൾ ഇന്ന് ഹൈക്കോടതിയിലേക്ക്
'മേല്‍പ്പറഞ്ഞതിനു വിപരീതമോ മറ്റേതെങ്കിലും പ്രകാരത്തിലോ ഈ ആധാരത്തെ സംബന്ധിച്ച് എന്തെങ്കിലും ദൂഷ്യമുണ്ടായി നഷ്ടത്തിനു കാരണമായാല്‍ (ദൂഷ്യവും നഷ്ടവുമുണ്ടായല്ലോ. പരിസ്ഥിതി നിയമലംഘനമെന്ന ദൂഷ്യവും ഫ്‌ലാറ്റൊഴിയണമെന്ന നഷ്ടവും) അതിലേക്കു ഞാനും (ബില്‍ഡര്‍) എനിക്കുള്ള എല്ലാവിധ സ്വത്തുക്കളും ഉത്തരവാദിത്തം ചെയ്തു കൊള്ളാവുന്നതുമാകുന്നു....'
വായിച്ചു തീര്‍ത്തിട്ട് 'ഫ്‌ലാറ്റ് നിങ്ങളെടുത്തോ വെക്ക് കാശ്' എന്നു പറയണം.
അവിടെ തീര്‍ന്നു. അല്ലാതെ സെന്റിമെന്‍സ് ഇറക്കിയിട്ടൊന്നും കാര്യമില്ല. ചുളുവില്‍ സര്‍ക്കാരില്‍ നിന്നു നഷ്ടപരിഹാരം നേടാന്‍ നോക്കിയാല്‍ അത് കൊള്ളയാണ്. നികുതിപ്പണത്തിന്റെ കൊള്ള. അതിനു ശ്രമിക്കുന്നത് മാന്യതയല്ല. അറിഞ്ഞു കൊണ്ട് ചെന്നു ചാടിയ കുഴിയാണിത്. അന്തേവാസികളെ മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ പൊതു താല്പര്യമൊന്നുമില്ല. ഇത് തീര്‍ത്തുമൊരു സ്വകാര്യ ഇടപാടാണ്.
സുപ്രീംകോടതിവിധി ഉയര്‍ത്തിപ്പിടിക്കുക മാത്രമാണ് സര്‍ക്കാരില്‍ നിക്ഷിപ്തമായ ധര്‍മ്മം. ഫ്‌ലാറ്റ് പൊളിക്കുക.
പ്രജാ വാല്‍സല്യത്തിനു പരമാവധി ചെയ്യാവുന്നത് ഫ്‌ലാറ്റുടമകള്‍ക്കു വേണ്ടി ബില്‍ഡറുമായി ഇടപെടാന്‍ ഒരു സെറ്റില്‍മെന്റ് ഓഫീസറെ നിയമിക്കുക എന്നതാണ്. അതിനു മുന്‍പ് ബില്‍ഡറുകളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും സ്ഥലം വിട്ടു പോകാനിടയുണ്ടെങ്കില്‍ തടയുകയും ചെയ്യണം. അന്തേവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആ മുന്‍കരുതല്‍ ആവശ്യമാണ്.
കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി അന്തേവാസികളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാം. രക്ഷാദൗത്യങ്ങളിലെന്നപോലെ അത് ചെയ്യേണ്ടതാണ്. ആളുകള്‍ വൈകാരികമായി ഫ്‌ലാറ്റില്‍ തുടരാന്‍ ശ്രമിക്കും. സുപ്രീംകോടതി വിധിയുടെ അന്തസത്ത അവരെ പറഞ്ഞു മനസിലാക്കണം. സര്‍ക്കാരിനു അതില്‍ നിന്നൊഴിഞ്ഞു മാറാനാവില്ലെന്നു ബോദ്ധ്യപ്പെടുത്തണം. റവന്യു വകുപ്പിനെ ആ ചുമതലയേല്‍പ്പിക്കാവുന്നതാണ്. അത്തരം ദൗത്യങ്ങള്‍ നിര്‍വ്വഹിച്ച് അവര്‍ക്കു പരിചയമുണ്ടല്ലോ.
ഫ്‌ലാറ്റുകള്‍ പൊളിക്കുന്നു എന്നു ബോദ്ധ്യപ്പെടുത്താന്‍ ജലം, വൈദ്യുതി ബന്ധം വിഛേദിക്കാന്‍ നോട്ടീസ് കൊടുക്കണം.
മരട് ഫ്ലാറ്റ്: ഉത്തരവാദിത്തമില്ല, ഉടമകളെ കൈയൊഴിഞ്ഞ് ഫ്ലാറ്റ് നിർമാതാക്കൾ
വൈദ്യുത ലൈസന്‍സി KSEBL ആണെങ്കില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ തങ്ങള്‍ക്കുള്ള ഉത്തരവാദിത്തം മറക്കരുത്. പരമോന്നത നീതിന്യായ പീഠത്തിന്റെ ഉത്തരവ് all India, all people binding ആണെന്നോര്‍ക്കുക. ഫ്‌ലാറ്റില്‍ നിന്നും അവസാനത്തേയാളും ഇറങ്ങുന്നതുവരെ ജലം കൊടുക്കണം. KWA ക്കു അതിനു ബാദ്ധ്യതയുണ്ട്. ജീവന്‍ നിലനിര്‍ത്താന്‍ ജലം ആവശ്യമാണ്.
ഇത്രയും മുന്നൊരുക്കത്തിനു ശേഷമല്ലാതെ വീണ്ടും കോടതിയെ സമീപിക്കാന്‍ ശ്രമിച്ചാല്‍ കേള്‍ക്കുക പോലും ചെയ്യാതെ തള്ളിക്കളയാനാണ് സാദ്ധ്യത. കോടതി വിധി നടപ്പാക്കിയിട്ട് വരു എന്നു പറഞ്ഞ് തിരിച്ചയക്കും. അത് അന്തേവാസികള്‍ക്കു നീതി ലഭിക്കാനുള്ള സാദ്ധ്യതയെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
അതുകൊണ്ട് ഇനിയുള്ള ഓരോചുവടുകളും ജാഗ്രതയോടെ വേണം.
(സമൂഹ നിരീക്ഷകനാണ് ലേഖകൻ. അഭിപ്രായം വ്യക്തിപരം)