ഇതാദ്യമായി പിണറായിക്ക് പിറന്നാൾ ആശംസ നേരുമ്പോൾ ദീദിയുടെ മനസിലുള്ളത് 2019ൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പും പ്രധാനമന്ത്രി പദവുമാണെന്ന് അവരെ അറിയാവുന്ന ഏതൊരാൾക്കും വ്യക്തമാണ്. കർണാടകയിൽ കിങ്മേക്കർ പരിവേഷത്തിൽ നിന്ന് ശരിക്കും കിങ്ങായി മാറിയ എച്ച് ഡി കുമാരസ്വാമിയുടെ വഴിയിലാണ് മമതയും. കർണാടകയിൽ പ്രതിപക്ഷ ഐക്യത്തിന് കളമൊരുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച മമത അടുത്ത തെരഞ്ഞെടുപ്പിൽ ബംഗാളിൽനിന്ന് പരമാവധി തൃണമൂൽ എംപിമാരെ പാർലമെന്‍റിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. തൂക്കുസഭ വരുന്ന സാഹചര്യത്തിൽ സമ്മർദ്ദശക്തിയായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുകയാണ് ദീദിയുടെ ലക്ഷ്യം.
advertisement
ദീദിയുടെ രാഷ്ട്രീയ ലക്ഷ്യത്തിന് ആജന്മശത്രുക്കളായ സിപിഎമ്മിന്‍റെ പിന്തുണയും ആവശ്യമായി വന്നേക്കാം. ബംഗാളിലും ത്രിപുരയിലും തകർന്നടിഞ്ഞ സിപിഎമ്മിന് ആകെയുള്ള പ്രതീക്ഷ കേരളമാണ്. ഇവിടെനിന്ന് കുറഞ്ഞത് അഞ്ച് എംപിമാർ സിപിഎമ്മിന് ലഭിച്ചേക്കാം. ഒന്നോ രണ്ടോ എംപിമാരുടെ പിന്തുണപോലും നിർണായകമായേക്കാവുന്ന സാഹചര്യത്തിൽ സിപിഎമ്മിനെയും മമതയ്ക്ക് പിണക്കാനാകില്ല. അതുതന്നെയാണ് പിറന്നാൾ ട്വീറ്റിന് പിന്നിലെ രാഷ്ട്രീയവും. എന്നാൽ എന്തുവന്നാലും മമതയെ പിന്തുമയ്ക്കാൻ സിപിഎം തയ്യാറാകുമോയെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. പക്ഷേ കർണാടക നൽകുന്ന പാഠം, മറിച്ച് ചിന്തിക്കാനും പ്രേരിപ്പിക്കുന്നുണ്ട്. ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്തുകയെന്ന ലക്ഷ്യത്തിന് മമതയെയും പിന്തുണയ്ക്കാമെന്ന നിലയിലേക്ക് സിപിഎം വരുമോയെന്ന് കാത്തിരുന്ന് കാണാം.