മതിയായ ഭൂരിപക്ഷമില്ലാതെ രണ്ടു ഐക്യ മുന്നണി മന്ത്രിസഭകൾ കാലാവധി തികയ്ക്കെതെ വന്നതോടെ 1998ൽ വീണ്ടും പൊതു തിരഞ്ഞെടുപ്പ് നടത്തി. ഈ തിരഞ്ഞെടുപ്പിലും ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റു കക്ഷികളുമായി ചേർന്ന് ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) എന്ന മുന്നണിയുണ്ടാക്കാൻ ബി ജെ പിക്ക് കഴിഞ്ഞു. വാജ്‌പേയി വീണ്ടും പ്രധാനമന്ത്രിയായി. പിന്നീട് നടന്ന വിശ്വാസ വോട്ടെടുപ്പിൽ എൻ.ഡി.എ കേവല ഭൂരിപക്ഷം തെളിയിക്കുകയും ചെയ്തു. പക്ഷേ മന്ത്രിസഭക്ക് പതിമൂന്നു മാസത്തെ ആയുസ്സുമാത്രമേ ഉണ്ടായിരുന്നുള്ളൂ.
advertisement
തുടർച്ചയായി സമ്മർദം ചെലുത്തിയിരുന്ന എ. ഐ. എ. ഡി. എം. കെയുമായുള്ള അനുരഞ്ജനചർച്ചകളെല്ലാം പരാജയപ്പെട്ട് മുന്നണി വിട്ടപ്പോൾ കേവലഭൂരിപക്ഷം നഷ്ടപ്പെട്ട വാജ്‌പേയി മന്ത്രിസഭ വിശ്വാസവോട്ടെടുപ്പിൽ ഒരു വോട്ടിനു പരാജയപ്പെട്ടു. പ്രതിപക്ഷ കക്ഷികൾക്കൊന്നും മന്ത്രിസഭയുണ്ടാക്കാനുള്ള ഭൂരിപക്ഷമില്ലാതിരുന്നതുകൊണ്ട് ലോക്സഭ പിരിച്ചുവിട്ടു വീണ്ടും പൊതു തിരഞ്ഞെടുപ്പ് നടത്തി.
1999ലെ പൊതു തിരഞ്ഞെടുപ്പിൽ 303 സീറ്റുകളിൽ വിജയിച്ച ദേശീയ ജനാധിപത്യ സഖ്യം(എൻ.ഡി.എ) ലോക്സഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടി. 1999 ഒക്ടോബർ 13നു വാജ്‌പേയി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന മുന്നണി അഞ്ചു വർഷക്കലാവധി പൂർത്തിയാക്കുന്ന ആദ്യത്തെ കോൺഗ്രസ് ഇതര മന്ത്രിസഭയാണ്.