TRENDING:

OPINION | ജമാഅത്തെ ഇസ്ലാമിക്ക്  ജനാധിപത്യത്തില്‍ എന്തുകാര്യം?

Last Updated:

ഹൈന്ദവ ഫാസിസത്തെ ചെറുക്കാനെന്ന വ്യാജേന മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള മതരാഷ്ട്ര വാദികളുടെ സകല നീക്കങ്ങളേയും തിരിച്ചറിയേണ്ടതും അവയക്ക് തടയിടേയണ്ടതും ജനാധിപത്യ മതേതര വിശ്വാസികളുടെ കടമയാണ്. കോണ്‍ഗ്രസും യു.ഡി.എഫ് കക്ഷികളും ഇത് തിരിച്ചറിഞ്ഞാല്‍ അവര്‍ക്കും കൊള്ളാം, രാജ്യത്തിനു കൊള്ളാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പി.ടി. മുഹമ്മദ് സാദിഖ്
advertisement

നരേന്ദ്ര മോദിയും ഫാസിസവും മുഖ്യ എതിരാളികളായി നില്‍ക്കുന്ന ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫിനു മൂല്യമോ ആദര്‍ശമോ നോക്കാതെ സര്‍വ്വാത്മനാ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ജമാഅത്തെ ഇസ്ലാമി. കോണ്‍്ഗ്രസ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളേക്കാള്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി ഇരുലോകങ്ങളിലും(സൈബര്‍ ലോകത്തും പുറംലോകത്തും) ജമാഅത്തെ ഇസ്ലാമിക്കാര്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്. ജനാധിപത്യത്തിനും മതേതതരത്വത്തിനുമൊക്കെ എതിരെ അക്ഷരങ്ങളും ശബ്ദങ്ങളും ധാരാളം ചെലവാക്കിയ ഒരു പ്രസ്ഥാനത്തിനു ജനാധിപത്യത്തില്‍ എന്തു കാര്യമെന്നു സംശയിക്കേണ്ട. മാറിയ ഇന്ത്യന്‍ സാഹചര്യത്തില്‍ രണ്ടിന്റേയും നിര്‍വചനത്തില്‍ അവര്‍ മാറ്റം വരുത്തിയിട്ടുണ്ട്. സ്ഥാപക നേതാവ് അബുല്‍ അഅ്ലാ മൗദൂദി നല്‍കിയ വ്യാഖ്യാനങ്ങള്‍ കാലഹരണപ്പെട്ടതായി അവര്‍ വിശദീകരിക്കുന്നുണ്ട്. മാത്രമല്ല, അടിയന്തിരാവസ്ഥക്കു മുമ്പും പിമ്പും ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പുകളില്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളിലെ വൈരുദ്ധ്യം ചരിത്രമാണ്. ഇക്കാര്യത്തില്‍ അവര്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണെന്നു കരുതേണ്ടതില്ല.

advertisement

ജമാഅത്തെ ഇസ്ലാമി കൃത്യമായ അജണ്ടകളുള്ള രാഷട്രീയ പ്രസ്ഥാനമാണ്. അതെ, കേവലമൊരു മത സംഘടവനയല്ല അത്. കശ്മീരിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലുമൊക്കെ ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ പാര്‍ട്ടിയാണ്. പ്രാദേശിക, ദേശീയ അജണ്ടകള്‍ കൂടാതെ അന്തര്‍ദേശീയ അജണ്ടകളുള്ള ഒരു പ്രസ്ഥാനം. അതുകൊണ്ടുതന്നെ കൃത്യമായ അജണ്ടകളോടുകൂടിയാണ് അവര്‍ ഇന്ത്യയെ പോലെ ഒരു ജനാധിപത്യ മതേതര രാഷ്ട്രത്തില്‍, ഭരണഘടന നല്‍കുന്ന ആനുകൂല്യങ്ങള്‍ ഉപയോഗിച്ചു ജനാധിപത്യത്തില്‍ നേരിട്ടു ഇടപെടാന്‍ തീരുമാനിച്ചത്. മതം നേരിട്ടു വിലപ്പോകില്ലെന്ന ബോധ്യത്തില്‍ അവര്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന രാഷ്ട്രീയ പാര്‍ട്ടിക്കു രൂപം നല്‍കിയെന്നു മാത്രം.

advertisement

ജമാഅത്തെ ഇസ്ലാമിക്ക് എന്താണ് ജനാധിപത്യത്തില്‍ കാര്യമെന്നു അവരുടെ പുതിയ അഖിലേന്ത്യാ അധ്യക്ഷന്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി വിശദമായിത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ പ്രബോധനം വാരിക പലപ്പോഴായി പ്രസിദ്ധീകരിക്കുകയും അവ ക്രോഡീകരിച്ചു അവരുടെ പുസ്‌കത പ്രസാധക സംഘമായ ഇസ്ലാമിക പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

ജമാഅത്തെ ഇസ്ലാമിയുടെ പ്രഖ്യാപിത ലക്ഷ്യം മത സംസ്ഥാപനമാണ് (ഇഖാമത്തുദ്ദീന്‍). മതം എന്നാല്‍ രാഷ്ട്രം തന്നെയാണന്നു സ്ഥാപക നേതാവു മൗദൂദി മുതല്‍ പുതിയ അമീര്‍ ഹുസൈനി വരെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. മൗദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ ദീന്‍ അഥവാ മതം എന്ന വാക്കിനു പാര്‍ട്ടി എന്നു തന്നെ പരിഭാഷ നല്‍കിയിരിക്കുന്നതു കാണാം. ഈ മതസംസ്ഥാപനത്തിനുള്ള പുതിയ തന്ത്രം മാത്രമാണ് ജനാധിപത്യത്തില്‍ ഇടപെടാന്‍ തീരുമാനിച്ച ജമാഅത്തെ ഇസ്ലാമിയുടെ ആത്യന്തിക ലക്ഷ്യം. പ്രബോധനം വാരികയുടെ 3079 ാം ലക്കത്തില്‍ (2018 ഡിസംബര്‍ 7) സംക്രമണ ഘട്ടത്തിലെ ദീനിന്റെ സംസ്ഥാപനം എന്ന ലേഖനത്തില്‍ ഒരു മറയുമില്ലാതെ സയ്യിദ് സആദത്തുല്ലാ ഹുസൈനി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

advertisement

ലേഖനത്തിന്റെ ആമുഖമായി അദ്ദേഹം എഴുതുന്നു; സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യന്‍ സാഹചര്യം വലിയ രീതിയില്‍ മാറി. ഇന്ത്യ വിഭജിക്കപ്പെട്ടു. ഇന്ത്യയില്‍ മുസ്ലിംകള്‍ പതിനൊന്നോ പന്ത്രണ്ടോ ശതമാനമായി ചുരുങ്ങി. സെക്യുലര്‍ജനാധിപത്യ സംവിധാനം ജനങ്ങള്‍ സര്‍വാത്മനാ തങ്ങളുടെ ഭരണരീതിയായി സ്വീകരിച്ചു. രാഷ്ട്രീയ സാഹചര്യങ്ങള്‍ ഈവിധം മാറിയതിനാല്‍ രാജ്യം ഏത് ഭരണരീതി സ്വീകരിക്കണം എന്ന ചോദ്യം അവശേഷിക്കുന്നില്ല. അപ്പോള്‍ സ്വാഭാവികമായും ഇസ്ലാമിക പ്രസ്ഥാനത്തിന് നൂതനമായ ഒരു ചിന്താവ്യവഹാരം ഉയര്‍ത്തിക്കൊണ്ടുവരേണ്ടിവരും. വ്യവസ്ഥാ മാറ്റമെന്നത് എളുപ്പത്തില്‍ നടക്കുന്ന ഒന്നല്ല. ദീര്‍ഘകാലത്തെ യത്നങ്ങള്‍ അതിനാവശ്യമുണ്ട്. ഇന്ത്യയില്‍ ഇഖാമത്തുദ്ദീനിന്റെ (മത സംസ്ഥാപന മാര്‍ഗത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാവണം?

advertisement

ഈ സുപ്രധാന ചോദ്യത്തിനു ജമാഅത്തെ ഇസ്ലാമിയിലെ ധിഷണാശാലികള്‍ കണ്ടെത്തിയ ഉത്തരങ്ങള്‍ സംഗ്രഹിച്ചു കൊണ്ടാണ് അദ്ദേഹം ലേഖനം തുടരുന്നത്. മത പ്രബോധനത്തിന്റേയും അതിലൂടെ മതപരിവര്‍ത്തനത്തിന്റേയും തന്ത്രങ്ങള്‍ എന്തൊക്കെയായിരിക്കണമെന്നു ്അദ്ദേഹം വിശദീകരിക്കുന്നുണ്ട്. മുസ്ലിംകള്‍ അല്ലാത്തവരില്‍നിന്നുള്ള പിന്തുണയുണ്ടെങ്കിലേ പ്രസ്ഥാനത്തിനു അതിന്റെ യഥാര്‍ഥ കര്‍മ മണ്ഡലത്തില്‍ ശോഭിക്കാന്‍ കഴിയുകയുള്ളുൂവെന്നു മൗലാനാ സദ്റുദ്ദീന്‍ ഇസ്ലാഹിയെ ഉദ്ധരിച്ചു കൊണ്ടു അദ്ദേഹം ലേഖനത്തില്‍ പറയുന്നു. അപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടേയും കാമ്പസുകളില്‍ പുതുതായ രൂപം കൊണ്ട ഫ്രറ്റേണിറ്റിയുടെയും ഒളിയജണ്ടകള്‍ മനസ്സിലാകുന്നുണ്ടല്ലോ. രാഷ്ട്രീയം പറയുന്നേടത്തു തല്‍ക്കാലം ജമാഅത്തെ ഇസ്ലാമിയേയും എസ്.ഐ.ഒയേയും മാറ്റി വച്ചിരിക്കുകയാണ്.

ജമാഅത്തെ ഇസ്ലാമി നടത്തുന്ന ഓരോ പ്രവര്‍ത്തനത്തിന്റയേും ലക്ഷ്യവും ഇതുതന്നെ. നേതാവ് പറയുന്നതു കേള്‍ക്കൂ: ''രാജ്യത്തെ മുഖ്യപ്രശ്നങ്ങളില്‍ ഇടപെട്ടും ജനങ്ങളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കണ്ടുമാണ് പൊതുജനസമക്ഷം നാം ഇസ്ലാമിന്റെ കര്‍മസാക്ഷ്യം നിര്‍വഹിക്കേണ്ടത്. പുതിയ സാഹചര്യത്തില്‍ ഈ കര്‍മങ്ങളെല്ലാം ഇഖാമത്തുദ്ദീനിന്റെ അനിവാര്യ താല്‍പ്പര്യങ്ങളാണ്''

ഇനി ജനാധിപത്യത്തില്‍ ജമാഅത്തെ ഇസ്ലാമിക്ക് എന്താണ് കാര്യമെന്നു അദ്ദേഹം നേരെ ചൊവ്വേ പറയുന്നതൂ കൂടി കേള്‍ക്കുക; ''ഉയര്‍ന്നുവരുന്ന ഒരു പ്രധാന ചോദ്യം രാഷ്ട്രീയ നയവുമായി ബന്ധപ്പെടുത്തിയാണ്. സമയം ഇവിടെ ഒരു പ്രധാന ഘടകമാണ്. മുസ്ലിംകളല്ലാത്തവര്‍ ബഹുഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് ഇസ്ലാമിക പ്രസ്ഥാനം മുന്നോട്ടു വെക്കുന്ന ലക്ഷ്യം നേടുക ഒട്ടും എളുപ്പമല്ല. അതിന് വളരെക്കാലത്തെ കഠിനാധ്വാനം ആവശ്യമായി വരും. നമ്മുടെ മുമ്പിലുള്ളത് വളരെ ദീര്‍ഘിച്ച ഒരു സംക്രമണ ഘട്ട(Transition Period)മാണ്. അതിലേക്കുള്ള കര്‍മപദ്ധതിയാണ് തയാറാക്കുന്നത്. ഈ സംക്രമണ ദശയില്‍ ചിലപ്പോള്‍ താല്‍പര്യങ്ങള്‍ പരസ്പരം ഇടഞ്ഞുപോയെന്നുവരാം; പല പല ഘട്ടങ്ങള്‍ തരണം ചെയ്യേണ്ടിവന്നേക്കാം. ഇതൊക്കെ താണ്ടി വേണം പ്രസ്ഥാനത്തിന് ലക്ഷ്യസ്ഥാനത്തേക്ക് മുന്നേറാന്‍.''

ആത്യന്തിക ലക്ഷ്യം നേടാന്‍ വളരെ കാലമെടുക്കുമെന്ന് ബോധ്യമാകുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ സമാധാനം, സുരക്ഷ, നീതി പോലുള്ള പൊതു മൂല്യങ്ങള്‍ക്കു വേണ്ടിയാണ് നിലയുറപ്പിക്കേണ്ടതെന്നു അദ്ദേഹം വ്യക്തമാക്കുന്നത്. അപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ ആത്യന്തികം ലക്ഷ്യം മതരാഷ്ട്രവല്‍ക്കരണം തന്നെയാണ്. ഈ ആശയമാറ്റം അടിയന്തിരാവസ്ഥക്കു തൊട്ടുപിന്നാലെ ജമാഅത്തെ ഇസ്ലാമിയില്‍ ഉടലെടുക്കുന്നുണ്ട്. അടിയാന്തിരാവസ്ഥ അവസാനിപ്പിച്ചു കൊണ്ട് ജമാഅത്തെ ഇസ്ലാമിയുടെ കേന്ദ്ര കൂടിയാലോചനാ സമിതി പുറപ്പെടുവിച്ച പ്രസ്താവന ഇതേ ലേഖനത്തില്‍ ഹുസൈനി തന്നെ ഉദ്ധരിക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി ആദ്യമായി ഒരു പൈശാചിക ഭരണകൂട തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തുന്നത് അടിയന്തിവാവസ്ഥക്കു ശേഷമാണ്. അതിനുള്ള ന്യായീകരണമായിരുന്നു ഈ പ്രസ്താവന.

'കേന്ദ്ര കൂടിയാലോചനാ സമിതി മുസ്ലിംകളെ ഒരു കാര്യം ഓര്‍മിപ്പിക്കുന്നു. ഉത്തമ സമൂഹം എന്ന നിലക്ക് അവര്‍ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ ഭാഗഭാക്കാകണം. സമൂഹ നന്മയും രാഷ്ട്ര പുനര്‍നിര്‍മാണവും ഉറപ്പു വരുത്തുന്ന അടിസ്ഥാന മൂല്യങ്ങള്‍ക്കു വേണ്ടി അവര്‍ നിലകൊള്ളണം... ഇന്ന് നാട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി മുസ്ലിംകള്‍ ആവരുടെ റോള്‍ നിര്‍വഹിക്കണം. സത്യവും നീതിയും പുനഃസ്ഥാപിക്കുന്നതിനായി സാധ്യമാവുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുകയും വേണം. സത്യവിരുദ്ധവും ഇസ്ലാമികവിരുദ്ധവുമായി ഭരണകൂടങ്ങള്‍ നീങ്ങുന്ന പക്ഷം അവര്‍ക്കെതിരെ തെരഞ്ഞെടുപ്പുകളില്‍ പങ്കാളിത്തമാകാം എന്ന മുസ്ലിം പണ്ഡിതാഭിപ്രായത്തിന്റെ പിന്‍ബലത്തിലായിരുന്നു ജമാഅത്തിന്റെ ഈ തീരുമാനം.

ഇതിന്റെ വിശദീകരണം കേന്ദ്രകൂടിയാലോചനാ സമിതി അംഗീകരിച്ച മറ്റു പ്രമേയങ്ങളിലും വന്നിട്ടുണ്ട്. അതിന്റെ രത്നച്ചുരുക്കം ഇതാണ്: രാജ്യത്തെ നയിക്കുന്ന ദര്‍ശനങ്ങള്‍ അടിസ്ഥാനപരമായി ദൈവിക മാര്‍ഗദര്‍ശനം അനുസരിച്ചുള്ളതല്ല. അത്തരം ദര്‍ശനങ്ങളുടെ പരാജയങ്ങളും ഇവിടെ ദൃശ്യമാണ്. അതേക്കുറിച്ച് രാജ്യനിവാസികളെ ബോധവല്‍ക്കരിക്കണം; ദൈവിക മാര്‍ഗനിര്‍ദേശം പിന്‍പറ്റേണ്ടത് എന്തുകൊണ്ട് അനിവാര്യമായിത്തീരുന്നുവെന്നും. ദര്‍ശനങ്ങള്‍ പിഴച്ചുപോയെങ്കിലും ഇവിടെ നിലനില്‍ക്കുന്ന ഭരണസംവിധാനം മനുഷ്യന്റെ മൗലികാവകാശങ്ങള്‍ അംഗീകരിക്കുന്നുണ്ട്. പൊതുജനത്തിന് ഭരണപങ്കാളിത്തവും ലഭിക്കുന്നു. അപ്പോള്‍ നിലവിലുള്ള വ്യവസ്ഥയെ മാറ്റാന്‍ ശ്രമിക്കുന്നതോടൊപ്പം തന്നെ, ഈ കാലയളവില്‍ നന്മയില്‍ സഹകരിക്കുക, തിന്മയില്‍ നിസ്സഹകരിക്കുക എന്ന അടിസ്ഥാനത്തില്‍ കര്‍മരേഖ തയാറാക്കുകയും ഭരണസംവിധാനത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്.

നിലവിലുള്ള ഭരണസംവിധാനത്തെ സാധീനിച്ചു എങ്ങിനെ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനുള്ള വഴിയൊരുക്കാമെന്നാണ് ജമാഅത്തെ ഇസ്ലാമി ചിന്തിക്കുന്നത്. ഇന്ത്യയില്‍ ജമാഅത്തെ ഇസ്ലാമിക്ക് കൈക്കൊള്ളാവുന്ന പ്രായോഗിക രാഷ്ട്രീയ തന്ത്രങ്ങള്‍ എന്തൊക്കെയാണെന്നും ഈ ലേഖനത്തില്‍ അക്കമിട്ടു പറയുന്നുണ്ട്.

ഇന്ത്യയെ 'സുരക്ഷാ ഗേഹം' (ദാറുല്‍ അംന്) ആയി കണക്കാക്കി മുന്നണികളും മറ്റും രൂപവത്കരിച്ച് സാധ്യമാവുന്ന രാഷ്ട്രീയ നീക്കങ്ങള്‍ നടത്തേണ്ടത് മുസ്ലിംകളുടെ മതപരമായ ബാധ്യതയാണത്രെ. നിലനില്‍ക്കുന്ന ഇത്തരം നന്മയുടെ അംശങ്ങളെ സംരക്ഷിക്കുക എന്നതായിത്തീരും അപ്പോള്‍ നമ്മുടെ രാഷ്ട്രീയ ലക്ഷ്യം. നന്മയുടെ ആ തുരുത്തുകളെപ്പോലും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ സമാനമനസ്‌കരുമായി ചേര്‍ന്ന് പടയണി ചേരലും ഈ രാഷ്ട്രീയത്തിന്റെ തന്നെ ഭാഗമാണ്.

ഇസ്ലാം പൂര്‍ണാര്‍ഥത്തില്‍ സാക്ഷാല്‍ക്കരിക്കപ്പെടാന്‍ കാലവിളംബം ഉണ്ടാകുന്ന സാഹചര്യത്തില്‍ എടുക്കേണ്ട രാഷ്ട്രീയ നിലപാട് ദാറുല്‍ അംനിനെ (മതസ്വാതന്ത്ര്യമൊക്കെയുള്ള നാട്) സംരക്ഷിക്കുക എന്നതായിരിക്കണം. അതിനാല്‍ ഈ സംക്രമണ ദശയില്‍ നമ്മുടെ രാഷ്ട്രീയ ലക്ഷ്യം സെക്യുലര്‍, ജനാധിപത്യ സംവിധാനത്തെ നിലനിര്‍ത്തുക എന്നതാവണം. ഏതൊക്കെ ജനാധിപത്യമൂല്യങ്ങള്‍ക്ക് നിയമപരിരക്ഷയുണ്ടോ അതൊക്കെയും നിലനിര്‍ത്താന്‍ ശ്രമിക്കണം. അവ നടപ്പാക്കുന്നതില്‍ എന്തെങ്കിലും പോരായ്മകള്‍ കാണുന്നുണ്ടെങ്കില്‍ അവ തിരുത്താന്‍ മുന്നോട്ടു വരണം. മാനുഷികവും ജനാധിപത്യപരവുമായ വല്ല മൂല്യങ്ങള്‍ക്കും ഭരണഘടനയിലോ നിയമസംവിധാനത്തിലോ ഇടം കിട്ടാതെ പോയിട്ടുണ്ടെങ്കില്‍ അവക്ക് മതിയായ ഇടം വാങ്ങിക്കൊടുക്കാനുള്ള പോരാട്ടവും ഇതിന്റെ ഭാഗമാണ്.

ഇസ്ലാമിന്റെ പേര് പറയാതെ തന്നെ ഒരു ക്ഷേമരാഷ്ട്രത്തിന്റെ സങ്കല്‍പം നമുക്ക് മുന്നോട്ടു വെക്കാമെന്നതാണ് മറ്റൊരു തന്ത്രമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. മദ്യപാനവും ചൂതാട്ടവും വ്യഭിചാരവും പലിശ സമ്പ്രദായവുമൊന്നുമില്ലാത്ത ഒരു ക്ഷേരാഷ്ട്ര സങ്കല്‍പം. സാംസ്‌കാരിക സ്വയംഭരണം (Cultural Autonomy) വേണമെന്നും ആവശ്യപ്പെടാം. വ്യക്തിനിയങ്ങളുടെ പരിരക്ഷ അതുവഴി ഉറപ്പ് വരുത്താനാകും. ഇങ്ങനെ പല വിധത്തിലുള്ള മാനവിക മൂല്യങ്ങള്‍ പൊതുജീവിതത്തിലേക്ക് കൊണ്ടുവരിക എന്നത് ഈ പരിവര്‍ത്തന ദശയില്‍ ഇസ്ലാമിക രാഷ്ട്രീയത്തിന് ലക്ഷ്യമായി സ്വീകരിക്കാവുന്നതാണെന്നു അദ്ദേഹം പറയുന്നു.

ഈ ലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തിനിടെ ജനങ്ങളെ കയ്യിലെടുക്കാനുള്ള തന്ത്രങ്ങളാണ് ജമാഅത്തെ ഇസ്ലാമിയുടോ ഓര നീക്കവും. അതിനെ കര്‍മസാക്ഷ്യമെന്നാണ് ജമാഅത്ത് നേതാവ് വിശേഷിപ്പിക്കുന്നത്. ഈ രാഷ്ട്രത്തെയും അതിലെ പ്രശ്നങ്ങളെയും മാറ്റിനിര്‍ത്തി കര്‍മസാക്ഷ്യം എന്ന ബാധ്യത നമുക്ക് നിര്‍വഹിക്കാനേ സാധ്യമല്ല. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കെതിരെ ഭീകരാരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍, കര്‍മസാക്ഷ്യത്തിന്റെ പ്രാധാന്യം വളരെയേറെ വര്‍ധിച്ചിരിക്കുന്നു.

മുസ്ലിംകളുടെ പുരോഗതി, അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കല്‍, അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണല്‍ ഇവയൊക്കെയും ഇസ്ലാമിക താല്‍പര്യങ്ങളുമായി അഗാധമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ്. മുസ്ലിം സമൂഹത്തിന്റെ എല്ലാ അര്‍ഥത്തിലുമുള്ള സംരക്ഷണം ദീനീ പ്രവര്‍ത്തനത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഇസ്ലാമിക നിയമജ്ഞര്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്. അതിനാല്‍ ഇതും നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിത്തീരണമെന്ന് ഈ ലേഖനം സമര്‍ഥിക്കുന്നു. ഓരോ വര്‍ഗ്ഗീയ പ്രശ്നങ്ങളിലും ജമാഅത്തെ ഇസ്ലാമി കൃത്യമായ അജണ്ടകളോടെയാണ് ഇടപെടുന്നതെന്നു ഈ വാക്കുകള്‍ വ്യ്കമാക്കുന്നുണ്ട്. വര്‍ഗ്ഗീയ കപാലത്തിന്റെ ഉത്തേരേന്ത്യൻ ഇരകളെ ആനയിച്ചു കൊണ്ടുവന്ന് അവരുടെ സംരക്ഷകരായി ചമയുന്ന ജമാഅത്തെ ഇസ്ലാമിയുടേയും അനുബന്ധ സംഘടനകളുടേയും ലാക്കും ഇതില്‍ നിന്നും വ്യക്തമാണല്ലോ.

അപ്പോള്‍, ഹൈന്ദവ ഫാസിസത്തെ ചെറുക്കാനെന്ന വ്യാജേന മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള മതരാഷ്ട്ര വാദികളുടെ സകല നീക്കങ്ങളേയും തിരിച്ചറിയേണ്ടതും അവയക്ക് തടയിടേയണ്ടതും ജനാധിപത്യ മതേതര വിശ്വാസികളുടെ കടമയാണ്. കോണ്‍ഗ്രസും യു.ഡി.എഫ് കക്ഷികളും ഇത് തിരിച്ചറിഞ്ഞാല്‍ അവര്‍ക്കും കൊള്ളാം, രാജ്യത്തിനു കൊള്ളാം.

(ഈ ലേഖനത്തിലെ അഭിപ്രായങ്ങൾ  ലേഖകന്റെ  വ്യക്തിപരം.)

മലയാളം വാർത്തകൾ/ വാർത്ത/Opinion/
OPINION | ജമാഅത്തെ ഇസ്ലാമിക്ക്  ജനാധിപത്യത്തില്‍ എന്തുകാര്യം?