പ്ലേയിംഗ് ഇലവൻ ഇല്ല പകരം പതിനഞ്ചംഗ ടീം
പ്ലേയിങ് ഇലവൻ എന്ന രീതി ഇല്ലാതാക്കുന്നതാണ് ബി.സി.സി.ഐ.യുടെ പുതിയ പദ്ധതി. പകരം 15 അംഗ ടീമിനെയായിരിക്കും പ്രഖ്യാപിക്കുക. എന്നാൽ ഒരു സമയം കളത്തിലുണ്ടാവുക 11 പേർ മാത്രമാകും. മത്സരത്തിനിടെ വിക്കറ്റ് വീഴുമ്പോഴോ, ഒരു ഓവർ അവസാനിക്കുമ്പോഴോ, ഒരു കളിക്കാരന് സബ്സ്റ്റിറ്റ്യൂട്ട് അഥവാ പവർ പ്ലേയർ ആയി എത്താം.
ചെറിയ പരുക്ക് മൂലം മത്സരത്തിൽ പൂർണ്ണമായും കളിക്കാൻ കഴിയാത്ത സൂപ്പർ താരങ്ങളെ നിർണായക ഘട്ടത്തിൽ കളത്തിലിറക്കാൻ ഇതിലൂടെ ടീമുകൾക്കാകും. ഉദാഹരണത്തിന് അവസാന ഓവറിൽ ജയിക്കാൻ 20 റൺസ് വേണ്ട അവസ്ഥയിൽ ഡഗ് ഔട്ടിലുള്ള ഒരാളെ ഇറക്കാം. ഒരോവറിൽ 5 റൺസ് മാത്രമാണ് പ്രതിരോധിക്കാനുള്ളതെങ്കിൽ ഒരാൾക്ക് ആ ഓവർ മാത്രമെറിയാം.
advertisement
ഐ.പി.എൽ. ടീമുകളെ പവർ പ്ലേയർ സംവിധാനത്തെപ്പറ്റി അറിയിച്ചിട്ടുണ്ട്. ഐപിഎൽ ഗവേണിംഗ് കൗണ്‍സിലിൽ ഇക്കാര്യം ചർച്ച ചെയ്തശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം എടുക്കുക. ഐ.പി.എല്ലി.ന് മുമ്പ് സയിദ് മുഷ്താഖ് അലി ടൂർണമെന്റിൽ പവർ പ്ലെയർ സംവിധാനം പരീക്ഷിക്കാനും ആലോചനയുണ്ട്.
നേരത്തെ സൂപ്പർ സബ്
2005ൽ സൂപ്പർ സബ് സംവിധാനം രാജ്യാന്തര ക്രിക്കറ്റിൽ ഐസിസി പരീക്ഷിച്ചിരുന്നു. എന്നാൽ ടീമുകൾക്ക് ഒരു കളിക്കാരനെ മാത്രമാണ് സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാൻ അനുവാദമുണ്ടായിരുന്നത്. സൂപ്പർ സബ് ആരെന്ന് ടോസിന് മുമ്പ് തന്നെ പ്രഖ്യാപിക്കുകയും ചെയ്യേണ്ടിയിരുന്നു. വിജയമല്ലെന്ന് കണ്ടതിനെത്തുടർന്ന് 2008ൽ സൂപ്പർ സബ് സംവിധാനം ഐസിസി പിൻവലിക്കുകയായിരുന്നു.
മത്സരത്തിനിടെ ഗുരുതരമായി പരിക്കേൽക്കുന്ന കളിക്കാരന് പകരം താരത്തെ ഇറക്കാൻ അനുമതി നൽകുന്ന കൺകഷൻ സബ്സ്റ്റിറ്റ്യൂഷന് ഈ വർഷം ഓഗസ്റ്റ് മുതൽ ഐ.സി.സി. അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇതിന് ഡോക്ടറുടെ സർട്ടിഫിക്കറ്റും മാച്ച് റഫറിയുടെ അനുമതിയും ആവശ്യമാണ്.