പക്ഷേ, ലോകകപ്പ് യോഗ്യതാറൗണ്ടിലെ അഞ്ചാം മത്സരവും കഴിഞ്ഞതോടെ പ്രതീക്ഷകൾ അവസാനിച്ച മട്ടാണ്. അഞ്ചു കളിയിൽ ഒന്നിൽപ്പോലും ജയിക്കാനായിട്ടില്ല. റാങ്കിംഗിൽ പിന്നിലുള്ള ബംഗ്ലാദേശിനും അഫ്ഗാനിസ്ഥാനുമെതിരെ തോൽവിയിൽ നിന്ന് രക്ഷപെട്ടത് കഷ്ടിച്ച്. സ്വപ്നങ്ങളെല്ലാം എതാണ്ട് കെട്ടടങ്ങിയ ഇന്ത്യ വീണ്ടും ചെറുമോഹങ്ങളിലേക്ക് പന്തുതട്ടും.
സ്റ്റിമാച്ചിന്റെ തന്ത്രങ്ങൾ ഫലം കാണുന്നില്ലേ?
ഒമാനെതിരായ എവേ മത്സരമാണ് ഏറ്റവുമൊടുവിൽ നടന്നത്. കരുത്തരായ ടീമിനെതിരെ 1-0 എന്ന സ്കോറിലുള്ള തോൽവി സ്വാഭാവികമെന്ന് തോന്നുമെങ്കിലും സ്കോർ ബോർഡ് സൂചിപ്പിക്കുന്നതിനേക്കാൾ മോശമായിരുന്നു കളത്തിൽ ഇന്ത്യയുടെ പ്രകടനം. ഒരിക്കൽ പോലും ഒമാൻ ഗോളിയെ ഇന്ത്യൻ മുന്നേറ്റനിര കാര്യമായി പരീക്ഷിച്ചില്ല. അഫ്ഗാനെതിരെയും ബംഗ്ലാദേശിനെതിരെയും ഗോളടിച്ചത് സെറ്റ് പീസുകളിൽ നിന്ന്.
advertisement
ഇഗോർ സ്റ്റിമാച്ച് പരിശീലിപ്പിച്ചിട്ടുള്ള മിക്ക ടീമുകളും ഗോളിനായി ഇത്തരത്തിൽ സെറ്റ് പീസുകളെ ആശ്രയിക്കുന്നവരായിരുന്നു. ക്രൊയേഷ്യൻ പരിശീലകന് കീഴിൽ ഇതിനകം കളിച്ച 10 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. ഗോളടിക്കാൻ ബുദ്ധിമുട്ടുന്ന ഒരു ടീമിന് ഇത്തരം ഫലങ്ങൾ അപ്രതീക്ഷിതവുമല്ല. എങ്കിലും പാസുകളിൽ കൂടുതൽ കൃത്യത പുലർത്തുന്നതും ലോംഗ് ബോളുകളുടെ കുറവും ഗുണപരമായ മാറ്റമാണ്.
ലക്ഷ്യം വക്കേണ്ടത് 2030 ലോകകപ്പ് യോഗ്യത
ഇന്ത്യൻ ഫുട്ബോളിന് ഇത്രയധികം പിന്തുണ സമീപകാലത്തൊന്നും കിട്ടിയിട്ടില്ല. ഐ.എസ്.എല്ലിന്റെ വരവോടെ കോർപ്പറേറ്റുകൾ കൂടുതലായി ക്ലബുകളുടെ ഭാഗമായിട്ടുണ്ട്. കൊച്ചിയും ബെംഗളൂരുവുമടക്കം പല സ്ഥലങ്ങളിലും കാണികൾ ഏറെയെത്തുന്നു മത്സരങ്ങൾക്ക്. ടെലിവിഷൻ സംപ്രേഷണവും മികച്ച നിലവാരമുള്ളത്.
ഒമാനെതിരായ മത്സരം എച്ച്.ഡി. അടക്കം എട്ട് ചാനലുകളിലാണ് സംപ്രേഷണം ചെയ്തത്. ഇത്രയൊക്കെ പിന്തുണ കിട്ടിയിട്ടും കാര്യമായ മുന്നേറ്റം ഇന്ത്യൻ ടീമിൽ നിന്ന് ഉണ്ടാകാത്തത് നിരാശാജനകമാണ്. റാങ്കിംഗിലും ടീം പിന്നോട്ട് തന്നെ.
അടുത്തിടെ നടന്ന 19 വയസിൽ താഴെയുള്ളവരുടെ ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ ഇന്ത്യൻ ടീമിന്റെ പ്രകടനവും ദയനീയമായി. ഉസ്ബക്കിസ്ഥാൻ, സൗദി അറേബ്യ, അഫ്ഗാനിസ്ഥാൻ എന്നീ മൂന്ന് എതിരാളികളോടും പരാജയപ്പെട്ടു. മൂന്നു കളിയിൽ നിന്ന് ഒൻപത് ഗോൾ വഴങ്ങിയ ഇന്ത്യക്ക് ഒന്ന് പോലും തിരിച്ചടിക്കാനായില്ല എന്നത് യുവതലമുറയിലും കാര്യങ്ങൾ അത്ര പന്തിയല്ല എന്നതിന്റെ സൂചനയാണ്.
അടുത്ത വർഷം മാർച്ചിലാണ് ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യയുടെ അടുത്ത മത്സരം. യോഗ്യത റൗണ്ടിൽ ഇന്ത്യക്ക് ഇനി ബാക്കിയുള്ളത് മൂന്ന് കളി. അവിടെയെങ്കിലും നല്ല പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
......................
സ്റ്റിമാച്ചിന് കീഴിൽ ഇന്ത്യ
മത്സരം - 10
ജയം - 1
തോൽവി - 5
സമനില - 4
...........................
ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യ
Vs ഒമാൻ (1 - 2)
Vs ഖത്തർ (0 - 0)
Vs ബംഗ്ലാദേശ് (1 - 1)
Vs അഫ്ഗാനിസ്ഥാൻ (1 - 1)
Vs ഒമാൻ (0 - 1)