ഇക്കഴിഞ്ഞ ജൂണിൽ ഗുവാഹത്തിയിൽനടന്ന ദേശീയ സീനിയർ അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽവെച്ച് 800 മീറ്ററിൽ 42 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിയെഴുതിക്കൊണ്ടായിരുന്നു ജിൻസൺ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുമെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യൻ അത്ലറ്റിക്സിലെ സുവർണതാരം ശ്രീറാം സിങിന്‍റെ റെക്കോർഡാണ് ജിൻസൺ ഗുവാഹത്തിയിൽ തകർത്തത്. ഈ നേട്ടത്തോടെ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ എന്ന ഗ്രാമത്തിലേക്ക് ഏഷ്യൻ ഗെയിംസ് സ്വർണം എത്തുകയാണ്.
ചക്കിട്ടപ്പാറ കുളച്ചല്‍ ജോണ്സൺ-ശൈലജ ദമ്പതികളുടെ മകനായി 1991 മാർച്ച് 15നാണ് ജിൻസൺ ജനിക്കുന്നത്. കുളത്തുവയൽ സെന്റ് ജോർജ് ഹൈസ്‌കൂളിലും കോട്ടയം ബസേലിയസ് കോളേജിലും പഠനം പൂർത്തിയാക്കി. സംസ്ഥാന സ്കൂൾ കായികമേളയിലൂടെയായിരുന്നു ജിൻസൺ എന്ന കായികപ്രതിഭയെ കേരളം അറിയുന്നത്. പിന്നീട് കോട്ടയത്തെ കേരള സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള സ്‌പോർട്‌സ് ഹോസ്റ്റലിൽ പരിശീലനം നേടി.
advertisement
2009ൽ ഇന്ത്യൻ ആർമിയിൽ ചേർന്നു. അതിനുശേഷമാണ് കഠിന പരിശീലനത്തിലൂടെ ദേശീയതലത്തിലേക്ക് ജിൻസൺ കുതിക്കുന്നത്. കണ്ണൂർ സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ പരിശീലനത്തിലായിരുന്നു ജിൻസൺ അറിയപ്പെടുന്ന താരമായി മാറിയത്. ഏഷ്യൻ ഗ്രാന്റ് പ്രീ പരമ്പരയിൽ മൂന്ന് സ്വർണ മെഡൽ ലഭിച്ചതോടെയാണ് കൂടുതൽ ശ്രദ്ധേയനാകുന്നത്. 2015ലെ ഗുവാൻ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി. 2016ലെ റിയോ ഒളിമ്പിക്‌സിൽ പങ്കെടുത്തു.
ഇപ്പോൾ ഇന്ത്യൻ ക്യാമ്പിൽ ആർ.എസ്. ഭാട്യയാണ് പരിശീലകൻ. ഭൂട്ടാനിലെ തിമ്പുവിലാണ് ജിൻസനടക്കമുള്ള ഹ്രസ്വ-മധ്യദൂര താരങ്ങൾ പരിശീലിക്കുന്നത്. ആർമിയിൽ ജൂനിയർ കമീഷൻഡ് ഓഫീസറായാണ് ജിൻസൺ ജോലി ചെയ്യുന്നത്. 1500, 800 ഇനങ്ങളില്‍ ദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ച ജിൻസൺ ഈ ഇനങ്ങളിലെ ദേശീയ ചാംപ്യനാണ്.
