വിന്‍ഡീസിനെതിരായ ആദ്യ മത്സരത്തില്‍ 134 റണ്‍സായിരുന്നു പതിനെട്ടുകാരന്‍ അടിച്ച് കൂട്ടിയത്. യുവതാരത്തിന്റെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യ ഇന്നിങ്ങ്‌സിന്റെയും 272 റണ്‍സിന്റെയും വിജയം നേടിയിരുന്നു. രണ്ടാം ടെസ്റ്റിനു മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കോഹ്‌ലി യുവതാരത്തിന് വളരാനുള്ള സാഹചര്യമാണ് നല്‍കേണ്ടതെന്ന് ആവശ്യപ്പെട്ടത്.
'അവന്റെ കാര്യത്തില്‍ നമ്മളെല്ലാവരും വളരെയധികം സന്തോഷത്തിലാണ്. പക്ഷേ ഞാന്‍ കരുതുന്നത് നമ്മള്‍ അവനെ ആരുമായും താരതമ്യം ചെയ്യാന്‍ പാടില്ലെന്നാണ്. ഇപ്പോള്‍ അവന് വളരാനുളള ഇടമാണ് നല്‍കേണ്ടത്. താരതമ്യം ചെയ്യുന്നത് അവന് സമ്മര്‍ദ്ദമുണ്ടാക്കും.' കോഹ്‌ലി പറഞ്ഞു.
advertisement
'അവനെ അവന്റേതായ രീതിയില്‍ വിടുക. അവന്‍ ക്രിക്കറ്റ് ആസ്വദിക്കട്ടെ. പതുക്കെ പതുക്കെ മികച്ചൊരു കളിക്കാരനായി വളരുമെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഉറപ്പുണ്ട്. ആദ്യ ടെസ്റ്റിലെ പ്രകടനം രണ്ടാം ടെസ്റ്റിലും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അവന്‍ കാര്യങ്ങള്‍ നന്നായി മനസ്സിലാക്കിയാണ് കളിക്കുന്നത്. സാഹചര്യങ്ങളെ നന്നായി മനസിലാക്കുന്നുണ്ട്.' ഇന്ത്യന്‍ നായകന്‍ പറഞ്ഞു.
ടെസ്റ്റ് മത്സരത്തില്‍ ഉപയോഗിക്കുന്ന എസ്ജി പന്തുകള്‍ക്കെതിരെയും ഇന്ത്യന്‍ നായകന്‍ രംഗത്ത് വന്നു. ആദ്യ അഞ്ച് ഓവറിനുശേഷം പന്തിന്റെ സീം നഷ്ടമാവുകയാണെന്നും ഫാസ്റ്റ് ബൗളേഴ്‌സിനും സ്പിന്‍ ബൗളേഴ്‌സിനും ഗുണകരമല്ലാത്ത രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും വിരാട് പറഞ്ഞു. നേരത്തെ ആദ്യ ടെസ്റ്റിനു പിന്നാലെ ആര്‍ ആശ്വിന്റെ പന്തിന്റെ ക്വാളിറ്റിക്കെതിരെ രംഗത്ത് വന്നിരുന്നു.
