ലോകകപ്പിൽ 1000 റൺസ് തികയ്ക്കുന്ന 19ാമത്തെ താരമാണ് ഷാക്കിബ് അൽ ഹസൻ. ശ്രീലങ്കയുടെ അഞ്ച് താരങ്ങൾ ഈ പട്ടികയിലുണ്ട്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് ടീമുകളുടെ മൂന്ന് വീതം താരങ്ങളും രണ്ട് ഇന്ത്യൻ താരങ്ങളും പാകിസ്ഥാന്റെയും ന്യൂസിലൻഡിന്റെയും ഒരോ താരങ്ങളും വീതമാണ് ഇതിന് മുമ്പ് 1000 ലോകകപ്പ്റൺസ് ക്ലബ്ബിൽ ഇടംനേടിയത്. ഇവരോടൊപ്പമാണ് ഷാക്കിബും തന്റെ പേര് എഴുതി ചേർത്തത്.
advertisement
ബംഗ്ലദേശിന്റെ എക്കാലത്തെയും മികച്ച ക്രിക്കറ്റർമാരിൽ ഒരാളായ ഷാക്കിബ് ഈ ടൂർണമെന്റിലും മിന്നും പ്രകടനമാണ് പുറത്തെടുക്കുന്നത്. ഈ ലോകകപ്പിലെ ഏഴ് മത്സരങ്ങളിൽ നിന്ന് 476 റൺസാണ് ഷാക്കിബ് അൽ ഹസൻ അടിച്ചു കൂട്ടിയത്. ഇതിൽ രണ്ട് സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. ഓസ്ട്രേലിയക്കെതിരെ മാത്രമാണ് ഷാക്കിബിന്റെ സ്കോറിങ്ങ് 50ൽ താഴെ അവസാനിച്ചത്. 41 റൺസാണ് ഓസീസിനെതിരെ ഷാകിബ് നേടിയത്.
ഷാക്കിബിന്റെ കരിയറിലെ നാലാം ലോകകപ്പ് വേദിയാണിത്. 2007 ലോകകപ്പ് മുതൽ എല്ലാ ലോകകപ്പുകളിലും ബംഗ്ലാദേശ് കുപ്പായത്തിലിറങ്ങിയിട്ടുള്ള ഷാക്കിബ് ഇതിനോടകം 27 മത്സരങ്ങൾ കളിച്ചു കഴിഞ്ഞു. ഐസിസി ഏകദിന റാങ്കിങ്ങിൽ ഓൾറൗണ്ടർമാരിൽ ഒന്നാം റാങ്കുകാരൻ കൂടിയാണ് ഷാക്കിബ്.

