സര്‍ക്കാരിന്റെ ക്ഷണപ്രകാരം കഴിഞ്ഞയാഴ്ചയാണ് സാക്കിര്‍ നായിക്ക് പാകിസ്ഥാനിലെത്തി മതപ്രഭാഷണം നടത്തിയത്. ക്രിസ്ത്യാനികളുടെ വിശ്വാസത്തിന്റെ ആധികാരികതയെ പരസ്യമായി ചോദ്യം ചെയ്യുകയും, വിശുദ്ധ ഗ്രന്ഥങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും ക്രിസ്ത്യന്‍ പാസ്റ്റര്‍മാരുടെയും പണ്ഡിതന്മാരുടെയും വിശ്വാസങ്ങളെ തകര്‍ക്കുന്ന പ്രസ്താവനകള്‍ നടത്തുകയും ചെയ്ത സാക്കിര്‍ നായിക്കിന്റെ പരസ്യ പ്രസംഗങ്ങള്‍ ക്രിസ്ത്യന്‍ സമൂഹത്തിനിടയിൽ സാരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെന്നും ബിഷപ് പറഞ്ഞു.
നായിക്കിന്റെ പരാമര്‍ശം മതപരമായുള്ള അവഹേളനം മാത്രമല്ല, പാകിസ്ഥാനിലെ എല്ലാ മതവിഭാഗത്തില്‍പ്പെട്ടയാളുകളെ അപമാനിക്കുന്നതാണെന്നും കത്തില്‍ അദ്ദേഹം ആരോപിച്ചു.
എല്ലാമതവിഭാഗക്കാരോടും പരസ്പര ബഹുമാനവും മതസൗഹാര്‍ദവും ഉയര്‍ത്തിപ്പിടിക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും എങ്കിലും ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ അനുഭവപ്പെടുന്ന പാര്‍ശ്വവത്കരണം കൂടുതല്‍ തീവ്രമാക്കിയ നായിക്കിന്റെ അഭിപ്രായങ്ങളില്‍ പാക് സർക്കാർ ഖേദം പ്രകടിപ്പിച്ചില്ലെന്നും കത്തിൽ കുറ്റപ്പെടുത്തി.
advertisement
ഇത്തരം ഭിന്നിപ്പുണ്ടാക്കുന്ന സംഭവങ്ങള്‍, പ്രത്യേകിച്ച് സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന പരിപാടികളില്‍, ഭാവിയില്‍ സംഭവിക്കുന്നത് തടയാന്‍ അടിയന്തരവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
1947ല്‍ പാകിസ്ഥാനിലെ ആദ്യ ഭരണഘടനാ അസംബ്ലിയില്‍ ക്വയ്ദ്-ഇ-അസാമിന്റെ ചരിത്രപരമായ പ്രസംഗം ബിഷപ് കത്തില്‍ പരമാര്‍ശിച്ചു. പാകിസ്ഥാന്റെ രാഷ്ട്രപിതാവ് മുഹമ്മദ് അലി ജിന്നയുടെ കാഴ്ചപ്പാടിനോട് ഒരു സര്‍ക്കാര്‍ അതിഥിയായെത്തിയ സാക്കിര്‍ നായിക്ക് അനാദരവ് കാട്ടിയെന്നും അത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സാക്കിര്‍ നായിക്ക് തുറന്ന വേദികളിലാണ് അഭിപ്രായങ്ങള്‍ പങ്കുവെച്ചത്. അവിടെ പാസ്റ്റര്‍മാര്‍ക്കും പണ്ഡിതന്മാര്‍ക്കും വേണ്ടത്ര പ്രതികരിക്കാനോ അദ്ദേഹത്തിന്റെ വീക്ഷണങ്ങളിലൂടെ പ്രചരിപ്പിച്ച തെറ്റായ വിവരങ്ങള്‍ തിരുത്തി നല്‍കാനോ അവസരം നിഷേധിച്ചതായും മാര്‍ഷല്‍ കൂട്ടിച്ചേര്‍ത്തു.
പാക് സന്ദര്‍ശനത്തിനിടെ തങ്ങളുടെ വിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തിയ സാക്കിര്‍ നായിക്കിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാനിലെ ക്രിസ്ത്യന്‍മത നേതാക്കള്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കും പ്രധാനമന്ത്രി ഷെയഹ്ബാസ് ഷെരീഫിനും കത്തയച്ചു.
കറാച്ചി, ഇസ്ലാമാബാദ്, ലാഹോര്‍ തുടങ്ങിയ നഗരങ്ങളില്‍ സാക്കിര്‍ നായിക്ക് പ്രഭാഷണം നടത്തിയിരുന്നു. മൂന്ന് പതിറ്റാണ്ടിനിടയിലെ നായിക്കിന്റെ ആദ്യ പാക് സന്ദര്‍ശനമാണിത്, 1992ലാണ് നായിക്ക് അവസാനമായി പാകിസ്ഥാന്‍ സന്ദര്‍ശിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷ പ്രസംഗങ്ങളിലൂടെ തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഇന്ത്യ അന്വേഷിക്കുന്നയാളാണ് സാക്കിര്‍ നായിക്ക്. 2016ല്‍ ഇന്ത്യ വിട്ട ഇയാള്‍ക്ക് മലേഷ്യ സ്ഥിരതാമസത്തിന് അനുമതി നല്‍കുകയായിരുന്നു.
പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ അടുത്ത കാലത്ത് വലിയതോതിലുള്ള വിവേചനം നേരിടുന്നുണ്ട്. മതത്തിന്റെ പേരിലുള്ള അക്രമം തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങള്‍ അവര്‍ നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മതനിന്ദ ആരോപണങ്ങള്‍ ഉന്നയിച്ച് ആളുകളെ പരസ്യമായി ആക്രമിക്കുന്ന സംഭവങ്ങളും അവിടെനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പാകിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ തീവ്ര ഇസ്ലാം മതപ്രഭാഷകനായ സാക്കിര്‍ നായിക് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി പാക് ജനത രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് സാക്കിര്‍ നായികിനെ വിമര്‍ശിച്ചത്. അവിവാഹിതരായ സ്ത്രീകളെ ഉപദേശിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോയാണ് വിമർശനത്തിന് ഇരയായത്.
ആരാണ് ഇയാളെ രാജ്യത്തേക്ക് വിളിച്ചുവരുത്തിയതെന്ന് പാകിസ്ഥാനിലെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇത്രയും വിവരമില്ലാത്തവരെ രാജ്യത്തേക്ക് ക്ഷണിച്ചുവരുത്തരുതെന്ന് ചിലര്‍ പറഞ്ഞു. എന്തിനാണ് ഇന്ത്യയും മറ്റ് രാജ്യങ്ങളും ഇയാളെ വിലക്കിയതെന്ന് ഇപ്പോള്‍ മനസിലായെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. '' ഒരു പ്രഭാഷണത്തിനിടെ സദസിലെ സ്ത്രീ ഉന്നയിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കുന്നത് കണ്ടു. തീവ്രമതവികാരം പിന്തുടരുന്ന ഈ സമൂഹത്തില്‍ ആ സ്ത്രീയ്ക്ക് മേല്‍ അയാള്‍ മനപൂര്‍വ്വം മതനിന്ദ ആരോപിക്കുന്നു. ഇയാള്‍ എന്നാണ് പാകിസ്ഥാനില്‍ നിന്ന് പോകുക?,'' എന്നൊരാള്‍ എക്‌സില്‍ കമന്റ് ചെയ്തു.
'' അവിവാഹിതയായ, അല്ലെങ്കില്‍ പുനര്‍വിവാഹം ചെയ്യാന്‍ ഇഷ്ടപ്പെടാത്ത സ്ത്രീകളെല്ലാം പൊതുസ്വത്ത് ആണെന്നാണോ ഇയാളുടെ വിചാരം? എന്താണ് ഇതിന്റെ അര്‍ത്ഥം? സ്വന്തം ഇഷ്ടത്തിന് വിവാഹം കഴിക്കാതെ തുടരാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന ആശയം ഇദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലേ? ഇയാളെ ഒരു മതപണ്ഡിതനായി എങ്ങനെ കണക്കാക്കും? താലിബാന്‍ ആശയങ്ങളോടാണ് ഇയാള്‍ക്ക് പ്രിയമെന്ന് തോന്നുന്നു,'' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.