ട്രംപ് അധികാരത്തിലെത്തിയ ശേഷം നടത്തിയ ആദ്യ ഉഭയകക്ഷി ചര്‍ച്ച കൂടിയാണിത്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎസ് സര്‍ക്കാരിന്റെ പ്രത്യേകക്ഷണപ്രകാരം എത്തിയതായിരുന്നു എസ് ജയശങ്കര്‍. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള ഫോഗി ബോട്ടം ആസ്ഥാനത്താണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.
മാര്‍കോ റുബിയോ-എസ് ജയശങ്കര്‍ കൂടിക്കാഴ്ച
സാധാരണയായി യുഎസില്‍ പുതിയ ഭരണകൂടം അധികാരത്തിലേറിയാല്‍ അയല്‍രാജ്യങ്ങളായ കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായോ അല്ലെങ്കില്‍ നാറ്റോ സഖ്യരാജ്യത്തിലെ പ്രതിനിധികളുമായോ ആണ് ആദ്യത്തെ ഉഭയകക്ഷി ചര്‍ച്ച നടത്തുന്നത്. എന്നാല്‍ പതിവിന് വിപരീതമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ആദ്യ ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ മാര്‍കോ റുബിയോ തീരുമാനിക്കുകയായിരുന്നു. റുബിയോയുടെ ഈ തീരുമാനം ഇന്ത്യയുമായുള്ള ബന്ധത്തിന് യുഎസ് നല്‍കുന്ന പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്.
advertisement
ഒരുമണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനെപ്പറ്റിയും ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനെപ്പറ്റിയും ഇരുവരും ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. യുഎസിലെ ഇന്ത്യയുടെ അംബാസിഡറായ വിനയ് ക്വാത്രയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ചര്‍ച്ചയ്ക്ക് ശേഷം ജയശങ്കറും മാര്‍ക് റുബിയോയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരികയും പരസ്പരം ഹസ്തദാനം ചെയ്യുകയും ചെയ്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായ മാര്‍കോ റുബിയോയുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് എസ് ജയശങ്കര്‍ എക്‌സില്‍ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെപ്പറ്റി ചര്‍ച്ച നടത്തിയെന്നും നിരവധി ആഗോള വിഷയങ്ങളെപ്പറ്റിയുള്ള ആശങ്കകള്‍ പങ്കുവെച്ചുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
റുബിയോയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അദ്ദേഹം ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിലും പങ്കെടുത്തു. ട്രംപ് അധികാരമേറ്റതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗം നടന്നതെന്നും എസ് ജയശങ്കര്‍ എക്‌സില്‍ കുറിച്ചു. ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോംഗ്, ജപ്പാന്‍ വിദേശകാര്യമന്ത്രി ഇവായ തകേഷി എന്നിവരും ട്രംപ് അധികാരമേറ്റ ശേഷമുള്ള ആദ്യ ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ക്വാഡ് ആഗോള നന്മയ്ക്കായി പ്രവര്‍ത്തിക്കുമെന്നും അംഗരാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണം ശക്തമാക്കുമെന്നും ജയശങ്കര്‍ എക്‌സില്‍ കുറിച്ചു.
'' ട്രംപ് ഭരണകൂടം അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗം നടന്നുവെന്നത് ശ്രദ്ധേയമാണ്. അംഗരാജ്യങ്ങളുടെ വിദേശനയത്തിന് നല്‍കുന്ന മുന്‍ഗണനയെ ഇത് സൂചിപ്പിക്കുന്നു,'' ജയശങ്കര്‍ എക്‌സില്‍ എഴുതി.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാല്‍സുമായി കൂടിക്കാഴ്ച
യുഎസിന്റെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാല്‍സുമായും എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അധികാരത്തിലെത്തിയ ശേഷം മൈക്ക് വാല്‍സ് നടത്തുന്ന ആദ്യ ഉഭയകക്ഷി ചര്‍ച്ച കൂടിയായിരുന്നു ഇതെന്നതും ശ്രദ്ധേയമാണ്. വൈറ്റ് ഹൗസില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
'' യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാല്‍സുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ആഗോള സുരക്ഷയുറപ്പാക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു,'' കൂടിക്കാഴ്ചയ്ക്ക് ശേഷം ജയശങ്കര്‍ എക്‌സില്‍ കുറിച്ചു. അതേസമയം യുഎസ് ജനപ്രതിനിധി സഭയുടെ 56-ാം സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍, സെനറ്റ് നേതാവ് ജോണ്‍ തൂനെ എന്നിവരുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി.