സുഹൃത്തുക്കളെയും തന്നെയും പോലീസ് ക്രൂരമായി തല്ലിച്ചതച്ചതോടെയാണ് മൗവിയ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരെ തിരിഞ്ഞത്. ബാഷര്‍ ഭരണകൂടത്തിന്റെ രഹസ്യ പോലീസ് ആയ 'മുഖഭരത്' 26 ദിവസമാണ് മൗവിയയേയും സുഹൃത്തുക്കളേയും തടങ്കലില്‍ വെച്ച് പീഡിപ്പിച്ചത്.
ഇവരുടെ മോചനത്തിനായി ജനം തെരുവിലിറങ്ങി. ദാരയിലും സിറിയയിലും നിരവധി പേര്‍ പ്രതിഷേധ റാലികളുമായി തെരുവിലേക്കിറങ്ങുകയും ചെയ്തു. എന്നാല്‍ മൗവിയയുടെയും സുഹൃത്തുക്കളുടെയും മോചനത്തിനായി പ്രതിഷേധിച്ച മാതാപിതാക്കളെയും നാട്ടുകാരെയും കണ്ണീര്‍വാതകവും ബുള്ളറ്റുമുപയോഗിച്ചാണ് പോലീസ് നേരിട്ടത്. പോലീസ് ക്രൂരതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുകയും ചെയ്തു. തുടര്‍ന്ന് 2011 മാര്‍ച്ചില്‍ ബാഷര്‍ അല്‍ അസദിന്റെ രാജിയാവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭവും പൊട്ടിപ്പുറപ്പെട്ടു.
advertisement
പ്രക്ഷോഭത്തിന്റെ പ്രത്യാഘാതങ്ങള്‍
അന്ന് സമാധാനപരമായി പ്രതിഷേധം നയിച്ചവര്‍ക്കെതിരെ സുരക്ഷാഭടന്‍മാര്‍ വെടിയുതിര്‍ത്തത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. നിരവധി സിറിയന്‍ പൗരന്‍മാരെ ഭരണകൂടം അറസ്റ്റ് ചെയ്യുകയും തടവിലാക്കി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. അറബ് വസന്തത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തുടങ്ങിയ സിറിയയിലെ കലാപം കൂടുതല്‍ രക്തരൂഷിതമാകാനും തുടങ്ങി.
2011 ജൂലൈയില്‍ സിറിയയില്‍ ഫ്രീ സിറിയന്‍ ആര്‍മി ഉദയം കൊണ്ടു. ബാഷര്‍ അല്‍ അസദിന്റെ സൈന്യത്തില്‍ നിന്ന് കൂറുമാറിയവര്‍ ഈ സംഘടനയിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ സിറിയന്‍ ഭരണകൂടത്തിനെതിരെയുള്ള ഏകീകൃത സൈന്യമായി മാറാന്‍ ഫ്രീ സിറിയന്‍ ആര്‍മിയ്ക്ക് കഴിഞ്ഞില്ല. ഈ അവസരം മുതലെടുത്ത് ഐഎസ് പോലുള്ള ഭീകരസംഘടനകള്‍ ഉയര്‍ന്നുവരാനും സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കാനും തുടങ്ങി.
ബാഷര്‍ അല്‍ അസദിന്റെ പതനം
13 വര്‍ഷം നീണ്ട സംഘര്‍ഷത്തിനൊടുവില്‍ രാജ്യം സ്വതന്ത്രമായെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സിറിയയിലെ വിമതപക്ഷം. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസ് വിമതര്‍ പിടിച്ചെടുത്തിരിക്കുകയാണ്. ബാഷര്‍ അല്‍ അസദ് രാജ്യം വിട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ ഡമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഒരു സ്വകാര്യ വിമാനത്തില്‍ കയറിയാണ് ബാഷര്‍ അല്‍ അസദ് രാജ്യം വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ അസദ് എവിടെയാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.