രാജ്യത്ത് സമൃദ്ധിയും സ്വാതന്ത്ര്യവും ഉറപ്പാക്കുമെന്നും വിലക്കയറ്റം തടയാന്‍ നടപടികള്‍ കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞു. അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മെക്‌സിക്കന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയയ്ക്കുമെന്നും നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്നും ട്രംപ്. രാജ്യത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായിരിക്കും പ്രഥമ പരിഗണന നല്‍കുകയെന്നും വ്യക്തമാക്കി. വധശ്രമങ്ങളില്‍ നിന്ന് ദൈവം തന്നെ രക്ഷിച്ചത് അമേരിക്കയെ വീണ്ടും മഹത്തായ രാജ്യമാക്കാനാണെന്നും ലോകത്തെ ഏറ്റവും ശക്തമായ സൈനികശക്തിയാക്കി അമേരിക്കയെ മാറ്റുമെന്നും ട്രംപ് പറഞ്ഞു.
advertisement
അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് സത്യപ്രതിജ്ഞ ചെയ്തത്. കാപിറ്റോൾ മന്ദിരത്തിലെ റോട്ടൻഡ ഹാളിൽ ഇന്ത്യൻ സമയം രാത്രി 10.30ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്‌സ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുത്തു. നിരവധി ലോകനേതാക്കളും ശതകോടീശ്വരന്മാരും പ്രമുഖ കമ്പനികളുടെ സിഇഒമാരും ചടങ്ങില്‍ പങ്കെടുത്തു. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ത്യയുടെ പ്രതിനിധിയായി ചടങ്ങിൽ പങ്കെടുത്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.